വന്യമൃഗ ശല്യം രൂക്ഷം നട്ടം തിരിഞ്ഞ് ജനം; നിസ്സംഗതയോടെ അധികൃതർ
text_fieldsപത്തനംതിട്ട: പ്രതികൂല കാലാവസ്ഥക്ക് മുന്നിൽ അടിയറവ് പറയാത്ത കർഷകരുടെ സ്വപ്നങ്ങൾ കാട്ടുപന്നികൾ ചവിട്ടിമെതിക്കുമ്പോഴും അധികൃതർ നിസ്സംഗതയോടെ നോക്കിനിൽക്കുകയാണ്. കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും പഞ്ചായത്തുകൾ ആവശ്യമായ പണം മുടക്കാൻ തയാറാകാത്തതിനാൽ പന്നിശല്യത്തിന് അറുതിവരുത്താനാകുന്നില്ല. പന്നികളെ കൊല്ലാൻ ലൈസൻസുള്ള തോക്ക് കൈവശമുള്ളവർ ജില്ലയിലുണ്ടെങ്കിലും ഇവരെക്കെ വെറുതെയിരുപ്പാണ്. കർഷകർ ജാഗ്രത സമിതികൾ രൂപവത്കരിച്ച് പഞ്ചായത്തിൽ സമ്മർദം ചെലുത്തിയാൽ മാത്രമേ വെടിപൊട്ടൂവെന്ന അവസ്ഥയാണുള്ളത്. തുമ്പമൺ, കൊടുമൺ, പന്തളം തെക്കേക്കര, പള്ളിക്കൽ, കടമ്പനാട്, ഏഴംകുളം, റാന്നി, കോന്നി, ചെറുകോൽ, നാരങ്ങാനം, മല്ലപ്പള്ളി, കോട്ടാങ്ങൽ തുടങ്ങി ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. വാഴയും തെങ്ങും ചേമ്പും കപ്പയുമെല്ലാം കുത്തിമറിച്ചിടും.
കൃഷി ഉപേക്ഷിക്കാൻ കിഴക്കൻ മേഖല
കോന്നി: ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ ലഭിക്കുന്ന കാർഷിക വിളകൾ കാടിറങ്ങി എത്തുന്ന വന്യമൃഗങ്ങൾ നശിപ്പിക്കുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടി വരുന്ന അവസ്ഥയിലാണ് ജില്ലയുടെ കിഴക്കൻ മേഖലയിലെ കർഷകർ. മലയോര ജില്ലയിലെ ജനങ്ങൾ കൃഷിയിലൂടെയാണ് കൂടുതലും ഉപജീവന മാർഗം കണ്ടെത്തുന്നത്. വാഴയും കപ്പയും കാച്ചിലും ചേനയും എല്ലാം വിളവെടുപ്പിന് പാകമാകുന്നതിന് മുമ്പുതന്നെ വന്യമൃഗങ്ങൾ നശിപ്പിച്ച് കളയുകയാണ് ചെയ്യുന്നതെന്ന് കർഷകർ പറയുന്നു. കാർഷിക വായ്പകളും മറ്റും എടുത്താണ് ഇവരിൽ പലരും കൃഷി തുടങ്ങുന്നത്. കൃഷി ചെയ്ത് വിളകൾ വിറ്റുകിട്ടിയെങ്കിൽ മാത്രമേ എടുത്ത വായ്പകൾ കർഷകർക്ക് തിരിച്ചടക്കാൻ കഴിയുകയുള്ളൂ. എന്നാൽ, വിളവെടുക്കാൻ പാകമാകുന്നതിന് മുമ്പുതന്നെ കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിച്ചുകഴിഞ്ഞിരിക്കും. കോന്നി നിയോജക മണ്ഡലത്തിലെ തണ്ണിത്തോട്, അരുവാപ്പുലം, മലയാലപ്പുഴ, കലഞ്ഞൂർ, ഏനാദിമംഗലം, മൈലപ്ര തുടങ്ങി എല്ലാ പഞ്ചായത്തുകളിലെയും കർഷകർ കൃഷി പൂർണമായി അവസാനിപ്പിക്കേണ്ടി വരുന്ന വസ്ഥയാണ് നിലവിലുള്ളതെന്നും കർഷകർ ഒന്നടങ്കം പറയുന്നു.
പിന്നാലെ പാഞ്ഞ് നായ്ക്കൂട്ടം
പത്തനംതിട്ട: രാവെന്നോ പകലെന്നോ ഇല്ലാതെ ചാടിക്കുരച്ച് വാഹനങ്ങൾക്ക് പിറകെ പായുകയാണ് തെരുവുനായ്ക്കൾ. നായ് കടിയേൽക്കാതെ പ്രാണരക്ഷാർഥം വേഗത്തിൽ പായുന്ന വാഹന യാത്രികർ നിയന്ത്രണംതെറ്റി റോഡിൽ വീഴും. പിറകെ നായും ഓടിയെത്തും. നഗരത്തിലും നാട്ടിൻപുറങ്ങളിലും പകലുള്ളതിനേക്കാൾ ശല്യമാണ് രാത്രിയിൽ. ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും. കോഴഞ്ചേരി, അടൂർ, പന്തളം, കോന്നി, റാന്നി, മല്ലപ്പള്ളി, തിരുവല്ല പ്രദേശങ്ങളിലും സമാനസ്ഥിതിതന്നെ. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ, സ്റ്റേഡിയം ജങ്ഷൻ, അബാൻ ജങ്ഷൻ, റിങ് റോഡ്, സെന്റ് പീറ്റേഴ്സ് ജങ്ഷൻ തുടങ്ങി മിക്കയിടവും തെരുവുനായ്ക്കളുടെ പിടിയിലാണ്. മഴ തുടങ്ങിയതോടെ സമീപത്തെ ഒഴിഞ്ഞ കെട്ടിടങ്ങളിലും സ്ഥാപനങ്ങളുടെ വരാന്തയിലുമെല്ലാം നായ്ക്കൾ കൂട്ടമായി കിടക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.