ഭീതി പരത്തി വന്യമൃഗങ്ങൾ
text_fieldsകൂടൽ ഇഞ്ചപ്പാറയിൽ പുലി കുടുങ്ങുന്നത് രണ്ടാം തവണ
കോന്നി: കൂടൽ ഇഞ്ചപ്പാറയിൽ പുലി കെണിയിൽ വീഴുന്നത് ഇത് രണ്ടാം തവണ. അരുവാപ്പുലം, കലഞ്ഞൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ 2022 മുതൽ 2024 വരെയുള്ള കാലഘട്ടങ്ങളിൽ നിരവധി തവണയാണ് വളർത്തുമൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടാവുകയും നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിക്കുകയും ചെയ്തത്.
2023 സെപ്റ്റംബർ 21 നാണ് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ ആണ് പുലി ആദ്യം കുടുങ്ങിയത്. 2022 നവംബർ 21 നാണ് കലഞ്ഞൂർ കുടപ്പാറയിൽ പുലി ആടിനെ പിടികൂടിയത്. തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നിരീക്ഷണ കാമറകൾ ഉപയോഗിച്ച് പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ആണ് പൂച്ചക്കുളത്ത് പുലി ഉടമസ്ഥന്റെ കണ്മുന്നിൽ വെച്ച് വളർത്തുനായയെ പിടിച്ചത്. തുടർന്ന് വിഷയം നിയമസഭയിൽ കോന്നി എം.എൽ.എ സബ്മിഷനായി ഉന്നയിക്കുകയും ചെയ്തു. പിന്നീട് കൂടൽ ഇഞ്ചപ്പാറയിൽ പുലി ആടിനെ കടിച്ചുകൊന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മുറിഞ്ഞകല്ലിലെ വീട്ടിൽനിന്ന് പുലിയുടെതെന്ന് കരുതുന്ന സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചത്. അതിരുങ്കൽ, പോത്തുപാറ, ഇഞ്ചപ്പാറ, പൂമരുതിക്കുഴി തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ആണ് പിന്നീട് തുടർച്ചയായി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടർന്ന് 2023 സെപ്റ്റംബർ 21ന് കൂടൽ ഇഞ്ചപ്പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.
പുലി കുടുങ്ങി എന്ന ആശ്വാസത്തിൽ ജനങ്ങൾ കഴിയുന്നതിനിടെ ആണ് പിന്നീട് പല സ്ഥലങ്ങളിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആണ് ഇഞ്ചപ്പാറയിൽ പാറപ്പുറത്ത് കയറി നിൽക്കുന്ന പുലിയുടെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ കാമറയിൽ പകർത്തിയത്. ഇതിന് മുമ്പ് സംസ്ഥാനപാത മുറിച്ചുകടക്കുന്ന പുലിയെ കണ്ടതായും ജനങ്ങൾ പറയുന്നു. രണ്ട് പഞ്ചായത്തുകളിലുമായി ഏകദേശം ഇരുപതിലധികം ആടുകളെയാണ് പുലി കൊന്നുതിന്നത്. വർഷങ്ങളായി പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ട്ടപെട്ടവരും അനവധിയാണ്. തണ്ണിത്തോട് പൂച്ചക്കുളത്തും പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന പുലിയുടെ സാന്നിധ്യം നാട്ടുകാരെ കൂടുതൽ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
കാടുകയറാതെ കല്ലേലിയിൽ കാട്ടാനക്കൂട്ടം; സ്ത്രീക്ക് നേരെ ആക്രമണം
തൊഴിലാളികൾ ഭീതിയിൽ
കോന്നി: കല്ലേലി എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ തൊഴിലാളിയായ മധ്യവയസ്കക്ക് നേരെ ഒറ്റയാന്റെ ആക്രമണം. ഭയന്ന് ഓടിയ തൊഴിലാളി നിലത്ത് വീണു.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെ ആണ് സംഭവം. കല്ലേലി എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന വിജയലക്ഷ്മി (51) ക്ക് നേരെയാണ് ഒറ്റയാൻ പാഞ്ഞടുത്തത്. നാല് പേർ ചേർന്ന് ജോലി ചെയ്യുന്നതിനിടെ ആന ഇവർക്ക് നേരെ ഓടി യടുക്കുകയായിരുന്നു.
വിജയലക്ഷ്മിയെ ആന ആക്രമിക്കാൻ വരുന്നത് കണ്ട് സമീപത്ത് ഉണ്ടായിരുന്ന തൊഴിലാളി വിജയ നിലവിളിക്കുകയും കൂടെ ഉണ്ടായിരുന്നവർ ഓടിമാറുകയുമായിരുന്നു.
എന്നാൽ, വിജയലക്ഷ്മി നിന്നിരുന്നത് കുഴി ഭാഗത്ത് ആയതിനാൽ വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല. ആന ഇവർക്ക് നേരെ ഓടി അടുത്തെങ്കിലും കൂടെ ഉള്ളവർ ബഹളം വെച്ചതിനെ തുടർന്ന് ആന പിന്തിരിയുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇവിടുത്തെ തൊഴിലാളികളെ കാട്ടാന ഓടിച്ചിരുന്നു. കാട്ടാനശല്യം രൂക്ഷമാകുമ്പോഴും വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം.
കാട്ടുപന്നി ശല്യത്തിൽ വലഞ്ഞ് മണ്ണടി
കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ
അടൂർ: ഓണക്കാലത്ത് നൂറുമേനി സ്വപ്നംകണ്ട കർഷകരുടെ കൃഷി കാട്ടുപന്നി നശിപ്പിച്ചിട്ട് രണ്ട് മാസം കഴിഞ്ഞതേയുള്ളൂ. ഒറ്റ രാത്രി കൊണ്ട് ലക്ഷങ്ങളുടെ നഷ്ടമാണ് മണ്ണടിയിലെ കർഷകർക്കുണ്ടായത്. വ്യാപക വിള നശീകരണത്തിൽ നടപടി ഇല്ലാത്തത് കൃഷിക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വാഴ, മരച്ചീനി, കൃഷിയുമായി ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണെന്നും മുതിർന്ന കർഷകനായ പഴയകാലായിൽ പി.കെ വാസുദേവൻ നായർ പറഞ്ഞു. കൃഷിയിൽനിന്നു വരുമാനമുണ്ടാക്കാൻ വായ്പയെടുത്ത് വാഴ, മരച്ചീനി കൃഷി ചെയ്തവർ നിരാശയിലാണ്.
വിളവെടുപ്പ് സമയം ആകുമ്പോൾ കാട്ടുപന്നികൾ കൂട്ടത്തോടെ ഏലകളിൽ ഇറങ്ങി ചവിട്ടിമെതിച്ച് ഏക്കർ കണക്കിനുള്ള കൃഷിയിടങ്ങൾ നശിപ്പിക്കുന്നു. പരാതി അധികൃതരെ അറിയിച്ചെങ്കിലും നടപടിയില്ല. കടമ്പനാട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷിയും വാഴ, മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, ചീര , പച്ചക്കറികൾ തുടങ്ങിയ കൃഷിയുള്ള മണകണ്ടം, മണിച്ചേരി, താഴത്തുവയൽ, മുട്ടുവാതുക്കൽ ഏലകളിലെയും, കന്നിമല, ഒഴുകുപാറ, ദേശക്കല്ലുംമൂട്, കരിമ്പിയിൽപ്പടി, പള്ളീനഴികത്ത് പടി, തോണ്ടലിൽപ്പടി,പുള്ളിപ്പാറ, ചാമേകുന്നിൽ പ്രദേശത്തെ കരകൃഷിക്കാരുമാണ് കാട്ടുപന്നി ഉൾപ്പെടെ വിവിധ പ്രശ്നങ്ങളിൽ വലയുന്നത്.
പ്രതികൂല കാലാവസ്ഥയും വർധിച്ച കൂലിയും എല്ലാം കർഷകരെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കുന്നു. ഏറത്ത് പഞ്ചായത്തിനോട് അതിർത്തിപങ്കുവയ്ക്കുന്ന കന്നിമല, ഒഴുകുപാറ പ്രദേശങ്ങളിലെ കാടുകയറിയ സ്വകാര്യ പുരയിടങ്ങൾ എന്നിവിടങ്ങളിലാണ് കാട്ടു പന്നികൾ തമ്പടിക്കുന്നത്. പഞ്ചായത്ത് വനം വകുപ്പിന്റെ സഹായത്തോടെ കാട്ടുപന്നിയെ വെടിവക്കാൻ സംവിധാനമൊരുക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.