കാട്ടുപന്നി; വെടിപൊട്ടിക്കാതെ തദ്ദേശ സ്ഥാപനങ്ങൾ
text_fieldsപത്തനംതിട്ട: കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ സർക്കാർ ഇറക്കിയ ഉത്തരവ് തദ്ദേശസ്ഥാപനങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല. പ്രാദേശികമായി ജാഗ്രത സമിതികൾ രൂപവത്കരിച്ച് കാട്ടുപന്നികളെ വെടിവെക്കാനും സംസ്കരിക്കാനുമാണ് സർക്കാർ അനുവാദം നൽകിയത്. കർഷകരുടെ നിരന്തര പരാതികൾ പരിഗണിച്ച് കേന്ദ്ര വനം, വന്യജീവി വകുപ്പിൽ സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തി ഉപാധികളോടെ ഉത്തരവിടുകയായിരുന്നു. എന്നാൽ, 20ൽ താഴെ പഞ്ചായത്തുകളിൽ മാത്രമാണ് ജാഗ്രത സമിതികൾ രൂപവത്കരിച്ചത്. ഇതിൽ പലതും പ്രവർത്തിക്കുന്നുമില്ല.
കാട്ടുപന്നികൾ ഇപ്പോൾ വാഹനയാത്രികർക്കുപോലും ഭീഷണിയായിരിക്കുന്നു. നാട്ടുപ്രദേശങ്ങളിലെ പുറമ്പോക്കിലും ആളില്ലാത്ത വീടുകളുടെ കാടുപിടിച്ച പറമ്പുകളിലുമാണ് ഇവയുടെ താവളം. രാത്രിയിലിറങ്ങി കൃഷി നശിപ്പിക്കുന്നു. പൊതുകാർഷിക വിപണിയിൽ നാട്ടുവിളകൾ വൻതോതിൽ കുറഞ്ഞത് കാട്ടുപന്നികളുടെ ശല്യം കാരണമാണെന്ന് കർഷകർ പറയുന്നു. പരാതികൾ ഏറിയതോടെ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അനുമതി നൽകി.
ഇതനുസരിച്ച് ജില്ലയിൽ തോക്ക് ലൈസൻസുള്ളവരുടെ യോഗം ജില്ല പഞ്ചായത്ത് ഓഫിസിൽ ഫോറസ്റ്റ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചേർന്ന് പന്നികളെ വെടിവെക്കാൻ പരിശീലനം നൽകാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എന്നാൽ, മൂന്നുപേർ മാത്രമാണ് പരിശീലനത്തിന് എത്തിയത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കുന്ന നടപടി ശക്തമാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു.
=ഇതുമായി ബന്ധപ്പെട്ട് ഉന്നതതലയോഗം വിളിച്ചുചേർത്തിരുന്നു. ജാഗ്രത സമിതികൾ ശക്തമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.