കാട്ടുപന്നി ആക്രമണം അതിരൂക്ഷം; നേരിടാനാകാതെ അധികൃതർ
text_fieldsപത്തനംതിട്ട: കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ നേരിടാനാകാതെ അധികൃതർ. കാട്ടുമൃഗങ്ങളില്‍ നിന്നു ജനങ്ങളെയും സ്വത്തുക്കളെയും സംരക്ഷിക്കാന്‍ ബാധ്യതയുള്ള വനംവകുപ്പ് കൈമലര്‍ത്തിയതോടെ കാട്ടുപന്നിയെ കൊല്ലാനിറങ്ങിയ തദ്ദേശവകുപ്പും പദ്ധതികൾ അവസാനിപ്പിച്ചു.
ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രയോജനപ്പെടുത്താന്‍ തദ്ദേശസ്ഥാപനങ്ങള്ക്കeകുന്നില്ല. പ്രാദേശികമായി ജാഗ്രതാസമിതികള്‍ രൂപവത്കരിച്ച് കാട്ടുപന്നികളെ വെടിവെക്കാനും സംസ്കരിക്കാനുമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കര്‍ഷകരുടെ നിരന്തര പരാതികള്‍ പരിഗണിച്ച് കേന്ദ്ര വനം, വന്യജീവി വകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മർദം ചെലുത്തി ഉപാധികളോടെ ഉത്തരവിടുകയായിരുന്നു. എന്നാല്‍ 20ൽ താഴെ പഞ്ചായത്തുകളില്‍ മാത്രമാണ് ജാഗ്രതാസമിതികള്‍ രൂപവത്കരിച്ചത്. ഇതില്‍ പലതും പ്രവര്‍ത്തിക്കുന്നുമില്ല.
ആക്രമണങ്ങള്‍ തുടര്‍ക്കഥ
കാട്ടുപന്നി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ജില്ലയിൽ പ്രതിദിനം ഒരു ആക്രമണമെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മലയാലപ്പുഴക്ക് സമീപം കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ചെറുകിട വ്യാപാരി മരണത്തിന് കീഴടങ്ങി. പിറ്റേന്നു കോന്നി സി.എഫ്.ആര്.ഡി കാമ്പസ് പരിസരത്തു ജീവനക്കാരനെ കാട്ടുപന്നി ആക്രമിച്ചു. വാഹനയാത്രികര്ക്കുനേരെ ഇവയുടെ ആക്രമണം കൂടി വരികയാണ്.
കാട്ടുപന്നി കുറുകെച്ചാടിയും ഇടിച്ചും അപകടങ്ങള്‍ പതിവായി. ഇരുചക്രവാഹന യാത്രികരാണ് ഏറെയും അപകടത്തില്‍പെടുന്നത്. നാട്ടിലിറങ്ങിയ പന്നികള്‍ ഇവിടെ സ്ഥിര താവളമാക്കുകയാണ്. നാട്ടുപ്രദേശങ്ങളിലെ പുറമ്പോക്കും ആളില്ലാത്ത വീടുകളുടെ കാടുപിടിച്ച പറമ്പുകളുമാണ് താവളം. രാത്രിയിലിറങ്ങി കൃഷി നശിപ്പിക്കുന്നു. പൊതുകാര്‍ഷിക വിപണിയില്‍ നാടൻവിളകള് വന്‍തോതില്‍ കുറഞ്ഞത് കാട്ടുപന്നികളുടെ ശല്യം കാരണമാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇവയുടെ ആക്രമണം ഭയന്ന് രാത്രി പുറത്തിറങ്ങാൻ ജനം ഭയക്കുകയാണ്.
ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചാലേ രക്ഷയുള്ളൂ
കേന്ദ്ര വനം മന്ത്രാലയത്തിന്റെ പട്ടികയില്‍ ക്ഷുദ്രജീവികളായി കാട്ടുപന്നികളെ അംഗീകരിച്ചെങ്കില്‍ മാത്രമേ ഉപാധികളില്ലാതെ ഇവയെ നശിപ്പിക്കാന്‍ അനുമതിയാകുകയുള്ളൂ. ശല്യക്കാരെന്ന നിലയില്‍ സംസ്ഥാനം ഇപ്പോള്‍ ഉപാധികളോടെ അനുമതി വാങ്ങിയാണ് വെടിവച്ചുകൊല്ലുന്നത്.
പക്ഷേ ഇതു പ്രായോഗികമല്ലെന്നാണ് അനുഭവം. ആറു മാസം വീതമുള്ള ഈ ഉത്തരവ് പുതുക്കിവരികയാണ്. ഇതാകട്ടെ വ്യവസ്ഥകളേറെ ഉള്ളതാണ്. പന്നിയെ വെടിവച്ചുകൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപന അധ്യക്ഷര്‍ക്കു നല്‍കിയെങ്കിലും ഇതിന്റെ ചെലവും വഹിക്കണം. കൊല്ലുന്ന പന്നിയെ സംസ്കരിക്കുന്നതുവരെയുള്ള ഉത്തരവാദിത്വംത ദ്ദേശസ്ഥാപനത്തിനാണ്.
ചെലവേറിയതോടെ തദ്ദേശസ്ഥാപനങ്ങള്‍ പിന്മാറി. ക്ഷുദ്രജീവികളായി അംഗീകരിച്ച് ഇവയെ കൊല്ലാനുള്ള അധികാരം നല്കിയാല് കാട്ടുപന്നിയുടെ മാംസം വിറ്റുതന്നെ റവന്യുവരുമാനം കണ്ടെത്താനാകുമായിരുന്നുവെന്ന് പഞ്ചായത്തുകള്‍ പറയുന്നു. ഇപ്പോള്‍ പെട്രോളൊഴിച്ച് കത്തിച്ചു കളയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.