പത്തനംതിട്ടയിൽ കാട്ടുപന്നി ശല്യം; വലഞ്ഞ് കർഷകർ
text_fieldsനെല്ലിക്കാല: കാരംവേലി ചൂരതലയ്ക്കല്, ഭാഗം ഇടപ്പാറക്കാവ് കനാല്‍ ഭാഗം, കാരംവേലി ജറൂസലം പള്ളി ഭാഗം എന്നിവിടങ്ങളിൽ ജനജീവിതത്തിന് ഭീഷണിയായി കാട്ടുപന്നി ശല്യം. ഏത്തവാഴ, ചേന, കാച്ചില്, കിഴങ്ങു വർഗങ്ങള്‍, ഇഞ്ചി എന്നിവയൊക്കെ കൃഷി ചെയ്യുന്ന കര്‍ഷകര്‍ പന്നിശല്യം മൂലം കൃഷിയില്‍നിന്ന് പിന്തിരിയുകയാണ്.
ബുദ്ധിമുട്ടുകൾ സഹിച്ച് ചുരുക്കം ചിലർ കൃഷി ചെയ്യുന്നുണ്ടെങ്കിലും വിളവെടുപ്പിന് മുമ്പായി മിക്കവാറും കൃഷി നഷിപ്പിക്കപ്പെട്ടു കഴിഞ്ഞു. കൃഷിയെ ആശ്രയിച്ചു കഴിയുന്നവരെല്ലാം നിരാശയിലാണ്. വായ്പ എടുത്ത് ഏത്തവാഴ കൃഷി ചെയ്തവര്‍ ദുരിതത്തിലായി. കുട്ടികള്‍ക്ക് സ്വാതന്ത്ര്യത്തോടെ സ്കൂളില്‍ പോകാനോ വീടിന് പുറത്തിറങ്ങാനോ സാധിക്കുന്നില്ല.
കഴിഞ്ഞ ഒമ്പതുമാസം മുമ്പാണ് കാരംവേലി പോസ്റ്റ് ഓഫിസിന് സമീപം രാവിലെ ഒമ്പതിന് ജോലിക്ക് വരുന്ന സമയം പോസ്റ്റ്മിസ്ട്രസിന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സന്ധ്യസമയങ്ങളില്‍ ഇരുചക്ര വാഹനയാത്രികര്‍ പന്നി കുറുകെ ചാടി അപകടത്തിൽപെടുന്നതും ഈ മേഖലയില്‍ പതിവാണ്.
സ്കൂളുകളില്‍ കുട്ടികളെ അയക്കുന്ന മാതാപിതാക്കള്‍ ഭയത്തോടെയാണ് വീടുകളില്‍ കഴിയുന്നത്. കാട്ടുപന്നി, തെരുവുനായ് ശല്യം രൂക്ഷമായതിനെതുടര്‍ന്ന് പലതവണ മല്ലപ്പുഴശ്ശേരി പഞ്ചായത്തില്‍ പരാതിപ്പെട്ടിട്ടും നാളിതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ജീവനുതന്നെ ഭീഷണിയായി മാറിയിരിക്കുന്ന കാട്ടുപന്നി, തെരുവുനായ് ശല്യം ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രാദേശിക കക്ഷികളുടെ യോഗം ആവശ്യപ്പെട്ടു. അടിയന്തര നടപടി ആവശ്യപ്പെട്ട് വനംവകുപ്പിനും കൃഷി വകുപ്പിനും നിവേദനം നല്കാന് യോഗം തീരുമാനിച്ചു.
യോഗത്തില്‍ എബി ചൂരത്തലക്കല്‍ അധ്യക്ഷത വഹിച്ചു. ബെന്നി ചേറ്റുകടവില്‍, അച്ചന്‍കുഞ്ഞ്, സാംസണ്, നിജോ വര്‍ഗീസ്, പാപ്പച്ചന് വടക്കേല്‍, രാജു കല്ലുംപുറത്ത്, അച്ചന്‍കുഞ്ഞ് മലേകുഴി, ചെറിയാന് പി. കോരുത്, കെ.കെ. ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.