കാട്ടാന ആക്രമണം; ബിജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി
text_fieldsപത്തനംതിട്ട: റാന്നി തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പുളിയന്‍കുന്ന് മല കുടിലില്‍ ബിജുവിന്റെ കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ കലക്ടര്‍ എസ്. പ്രേം കൃഷ്ണന് കൈമാറി.
കാട്ടാന ശല്യം നേരിടാനുള്ള നടപടിയെക്കുറിച്ച് വനം വകുപ്പ് അധികൃതരുമായി കലക്ടര്‍ ചര്‍ച്ച നടത്തി. ഇതിനനുസരിച്ചുള്ള നടപടി വൈകാതെയുണ്ടാകും. ബിജുവിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച കലക്ടര്‍ വിഷയത്തില്‍ എല്ലാവിധ തുടര്‍നടപടിയും കാലതാമസമില്ലാതെ സ്വീകരിക്കുമെന്ന് ഉറപ്പു നല്കി. സബ് കലക്ടര്‍ സഫ്ന നസ്റുദ്ദീന്‍, റാന്നി ഡി.എഫ്.ഒ ജയകുമാര്‍ ശര്‍മ തുടങ്ങിയവര്‍ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
മുണ്ടിയപ്പള്ളി പ്രദേശത്ത് പന്നിശല്യം
തിരുവല്ല: മുണ്ടിയപ്പള്ളി പ്രദേശത്തെ പന്നി ശല്യം രൂക്ഷമായി. സി.എസ്.ഐ പള്ളിയുടെ പരിസരപ്രദേശങ്ങളിലും വാക്കയിൽ കടവിലും കൃഷിയിടങ്ങളിൽ കൃഷികൾ നശിപ്പിക്കുന്നത് പതിവായി. മരച്ചീനിയും വാഴയും പച്ചക്കറികളും വ്യാപകമായി നശിപ്പിച്ചു.
കഴിഞ്ഞദിവസം മുണ്ടിയപ്പള്ളി കണിയാമ്പാറ റോഡിൽ കൂട്ടത്തോടെ പന്നികൾ റോഡിലേക്ക് ഇറങ്ങിയത് യാത്രക്കാർക്ക് ഭീഷണിയായി. ഇവിടെ കഴിഞ്ഞ ദിവസം കൂട്ടത്തോടെ എത്തിയ പന്നികൾ ഇരുചക്ര വാഹന യാത്രക്കാരനെ ആക്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.
റോഡിൽ കൂട്ടത്തോടെ എത്തുന്ന പന്നികൾ മാർഗതടസ്സം സൃഷ്ടിക്കുന്നത് പതിവായിട്ടുണ്ട്. ഈ പ്രദേശത്ത് സ്ത്രീകൾക്കും കുട്ടികൾക്കും ജീവനു ഭീഷണിയാകുന്ന പന്നികളെ തുരത്താൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
‘ഒന്നാംപ്രതി സംസ്ഥാന സർക്കാർ’
പത്തനംതിട്ട: പമ്പാവലി തുലാപ്പള്ളിയിൽ കാട്ടാന പുളിയൻകുന്നുമല ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാറാണ് ഒന്നാം പ്രതിയെന്നും ഇനി ജനങ്ങൾ നേരിട്ടിറങ്ങി പ്രതിരോധം തീർക്കുമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു.
കഴിവ് കെട്ട ഭരണക്കാർക്ക് ഇനിയൊരു മനുഷ്യജീവൻ കൂടി ബലികൊടുക്കാൻ പറ്റില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളുടെ രക്ഷക്ക് എത്തിയില്ല എന്ന പരാതിയെ സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്നും ,ആരെയും രക്ഷിക്കാൻ കഴിയാത്ത വനം വകുപ്പും ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു ജനങ്ങളെ വിധിക്കു വിട്ടുകാടുക്കുകയാണ് ഇതിലും ഭേദമെന്നും പഴകുളം മധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.