മലയോരത്തിന് ഉറക്കം നഷ്ടപ്പെടുന്നു; ജനവാസ മേഖലയിൽ നിത്യസന്ദർശകരായി കാട്ടാനക്കൂട്ടം
text_fieldsപത്തനംതിട്ട: കാട്ടാനയും പുലിയും ഉയർത്തുന്ന ഭീഷണിയിൽ മലയോരത്തിന് ഉറക്കം നഷ്ടപ്പെടുന്നു. കാടുവിട്ട് നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ പതിവു സന്ദർശകരാകുമ്പോൾ കോന്നി വനം ഡിവിഷനിലെ പല പ്രദേശങ്ങളും ഭീതിയിലായി.
വനമേഖലയിൽനിന്ന് കിലോമീറ്ററുകൾക്കപ്പുറം വരെ കാട്ടാനകൾ നിത്യസന്ദർശകരകരായി ഇവിടെ എത്തുന്നു. ഇതോടെ ഏക്കർ കണക്കിനു കൃഷിയിടങ്ങൾക്കാണ് ഇവ നഷ്ടമുണ്ടാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കാടുവിട്ടെത്തിയ കാട്ടാനകളുടെ മുന്നിൽപെട്ട പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തോട്ടങ്ങളോടു ചേർന്ന വീട്ടുമുറ്റങ്ങളിലും ലയങ്ങളിലുമൊക്കെ ആന ശല്യമുണ്ടാക്കുന്നുണ്ട്. മുമ്പ് കാട്ടാന ശല്യം ഇല്ലാതിരുന്ന പ്രദേശങ്ങളിൽ വരെയും ഇപ്പോൾ കാട്ടാനകൾ നിത്യസന്ദർശകരാണ്.
ലയങ്ങളിൽ ആനയുടെ സാന്നിധ്യം
കുറുമ്പുറ്റിയിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്കു സമീപം വരെ കഴിഞ്ഞ ദിവസങ്ങളിൽ ആന എത്തി. പുലർച്ച ടാപ്പിങ് ജോലികൾക്കായി പുറത്തേക്കു പോകുന്ന തൊഴിലാളികൾ പലരും ആനയുടെ മുന്നിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പുലർന്നാലും ആന കല്ലാറിന്റെ തീരത്തോ നദിയിലോ ഇവയെ കാണാനാകും. മണിക്കൂറുകളോളം കല്ലാറ്റിൽ കുളിച്ചശേഷമാകും പലപ്പോഴും മറുകര കയറുന്നത്. സന്ധ്യമയങ്ങുന്നതോടെ വീണ്ടും നദി കടന്ന് കൃഷിയിടങ്ങളിൽ കയറുന്നതാണ് രീതി.
ഇഷ്ടഭക്ഷണം തേടിയുള്ള വരവ്
ഹാരിസൺ മലയാളം പ്ലാന്റേഷനിൽ പുതുതായി കൃഷി ചെയ്ത റബർ തൈകൾക്ക് ഇടവിളയായി കൈതകൃഷിയും തുടങ്ങിയതോടെയാണ് ആനക്കൂട്ടത്തിന്റെ സ്ഥിര സന്ദർശനം തുടങ്ങിയത്. കൈതച്ചക്ക വിളഞ്ഞു തുടങ്ങിയതോടെ ആന എത്താൻ തുടങ്ങി. കാട്ടാനകൾ കൈതത്തോട്ടത്തിൽ മേയുകയാണ്.
റബർ തൈകൾ ഉൾപ്പെടെ ഇവ നശിപ്പിച്ചു. സമീപത്തെ കർഷകരുടെ വാഴകൃഷിയും തെങ്ങിൻ തൈകളും അടക്കം വ്യാപകമായി ആന നശിപ്പിച്ചു. കൈതക്കൃഷി കണ്ടതിനാൽ ഇനി ആനയെ കാട്ടിൽ കയറ്റുക ബുദ്ധിമുട്ടായിരിക്കുമെന്ന് വനപാലകരും പറയുന്നു. മലയാലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസിനു സമീപംവരെ കഴിഞ്ഞദിവസം ആന എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.