മല്ലപ്പള്ളി താലൂക്കിൽ കാട്ടുപന്നികൾ വിലസുന്നു
text_fieldsമല്ലപ്പള്ളി: വെടിവെച്ചുകൊല്ലാൻ ഉത്തരവുണ്ടായിട്ടും മല്ലപ്പള്ളി താലൂക്കിന്റെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ കർഷകർ നട്ടംതിരിയുന്നു. കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ, പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി കൃഷിനശിപ്പിക്കുന്നുണ്ട്. വനയോര മേഖലകളിൽ മാത്രം ഉണ്ടായിരുന്ന പന്നിയുടെ ശല്യം ഇപ്പോൾ ജനവാസ മേഖലകളിലെ നാട്ടിൻപുറങ്ങളിലും വ്യാപകമാണ്.
കഴിഞ്ഞദിവസം എഴുമറ്റൂർ, തെള്ളിയൂർ പ്രദേശങ്ങളിൽ കാട്ടുപന്നി കൃഷിയിടങ്ങൾ ഉഴുത;മറിച്ചു. തെള്ളിയൂർ മണിച്ചാടത്ത് പനച്ചിക്കൽ അനന്തകുമാർ, ജയഭവനത്തിൽ ഗോപിനാഥൻ, അരിവിക്കാട് ബാബു എന്നിവരുടെ കൃഷിയിടത്തിലിറങ്ങിയ പന്നി വാഴകൃഷി നശിപ്പിച്ചു. വാഴ, കപ്പ, ചേമ്പ്, ചേന, കാച്ചിൽ പച്ചക്കറികൾ എന്നിവയാണ് ഏറെയും നശിപ്പിക്കപ്പെടുന്നത്.
ചില പ്രദേശങ്ങളിൽ നേരം പുലർന്നുകഴിഞ്ഞും ഇവറ്റകളുടെ ശല്യം ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർ രാത്രിയിൽ കൃഷിയിടത്തിൽ ഷെഡ്കെട്ടി ആഴികൂട്ടി കാവലിരിക്കുകയാണ്.
ബാങ്ക് വായ്പയും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പണം കടമെടുത്തും കൃഷിചെയ്യുന്നവർ വിളകളുടെ നാശംമൂലം കടക്കെണിയിൽ നട്ടംതിരിയുകയാണ്. കൃഷി ഉപജീവനമാർഗമാക്കിയ കർഷകർ പലരും കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്. കാട്ടുമൃങ്ങളുടെ ശല്യത്തിൽ കൃഷി നശിപ്പിക്കപ്പെട്ട കർഷകരെ സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യത്തിന് ബന്ധപ്പെട്ടവർ ചെവികൊടുക്കുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.