ഞെട്ടൽ മാറാതെ; ലോറികൾ കൂട്ടിയിടിച്ച് രണ്ട് മരണം
text_fieldsപത്തനംതിട്ട: ജില്ല ആസ്ഥാനത്തിന് സമീപം വാരിയാപുരം പുന്നലത്തുപടിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ ജീവൻ നഷ്ടമായതിന്റെ ഞെട്ടലിൽനിന്ന് മുക്തമാകാതെ പത്തനംതിട്ട.
തിങ്കളാഴ്ച രാവിലെ ലോറികൾ കൂട്ടിയിടിച്ച് ഇരു വാഹനങ്ങളിലെയും ഡ്രൈവർമാരുടെ ജീവനാണ് നഷ്ടമായത്. ചിതറിത്തെറിച്ച പച്ചക്കറികളും വാഹനങ്ങളുടെ ഭാഗങ്ങളും രക്തക്കറയും അപകട ശേഷിപ്പായപ്പോൾ തിരുവല്ല -കുമ്പഴ റോഡിലെ യാത്ര ഭയപ്പെടുത്തുന്നതായി. തിരുവല്ല- കുമ്പഴ പാത സ്ഥിരം അപകട മേഖലയായാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ അമ്പതോളം പേരുടെ ജീവനാണ് ഈ പാതയിൽ അപഹരിക്കപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ രണ്ടു ജീവനുകൾ പൊലിഞ്ഞതിന്റെ വാർത്ത വന്നതും മേഖലയിലെ സെന്റ് പീറ്റേഴ്സ് ജങ്ഷൻ മുതൽ വാര്യാപുരം വരെയുള്ള പ്രധാന അപകട മേഖലയിൽനിന്ന് തന്നെയാണ്.
ചെറിയ കയറ്റവും ഇറക്കവും വളവുകളും അപകടകാരണമാകുന്നു. കൃത്യമായ അപകട മുന്നറിയിപ്പോ പ്രയോജനപ്പെടുന്ന റിഫ്ലക്ടറുകളോ ഇവിടെയില്ല.
പുന്നലത്തുപടിയിൽ പച്ചക്കറിയുമായി എത്തിയ ലോറിയും മിനി വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും രണ്ടുമൂന്ന് തവണ മലക്കംമറിഞ്ഞത് അപകടത്തിന്റെ തീവ്രതയേറ്റി. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ പുറത്തേക്ക് തെറിച്ചുവീണു. ഇരുവരുടെയും ജീവനും നഷ്ടമായിരുന്നു. സീതത്തോട് കോട്ടപ്പാറ മലനടയിൽ നാടൻപ്പാട്ട് അവതരിപ്പിച്ച് മടങ്ങിയ കുട്ടനാട് കണ്ണകി ക്രിയേഷൻസിന്റെ സൗണ്ട് സിസ്റ്റങ്ങളായിരുന്നു മിനിവാനിൽ ഉണ്ടായിരുന്നത്.
തമിഴ്നാട്ടിൽനിന്ന് പച്ചക്കറിയുമായെത്തിയതാണ് ലോറി. തിരുവല്ലക്കടുത്ത് തോട്ടഭാഗമാണ് മറ്റൊരു പ്രധാന അപകട ജങ്ഷനായി മാറുന്നത്.
ഇവിടെ പത്ത് കൊല്ലത്തിനിടെ 22 പേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്. ഇവിടെയും സിഗ്നൽ ലൈറ്റും മറ്റും സ്ഥാപിക്കണമെന്ന് പഞ്ചായത്ത് പ്രമേയം പാസാക്കി സർക്കാരിന് അയച്ചിട്ടും നടപടികളില്ല.
ലോറികൾ അമിത വേഗത്തിൽ
പുന്നല ത്തുപടിയിൽ തിങ്കളാഴ്ച രാവിലെ പിക് അപ് വാനും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർമാർ മരിച്ച സംഭവത്തിൽ പത്തനംതിട്ട ആർടി.ഒ എൻഫോഴ്സ് അധികൃതർ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. ഇരു വാഹനങ്ങളും അമിത വേഗത്തിലായിരുന്നെന്നും ബ്രേക്ക് ചെയ്തിട്ടില്ലെന്നും കണ്ടെത്തി.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. റോഡരികിലെ മൈൽക്കുറ്റി തകർത്ത് മൂന്ന് കരണം മറിഞ്ഞ് പച്ചക്കറി ലോറി മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ രണ്ട് ഡ്രൈവർമാരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിക് അപ് വാൻ ഡ്രൈവർ ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് പുതുവൽ വീട്ടിൽ അഖിൽ കുമാറിന്റെ (26) സംസ്കാരം ചൊവ്വാഴ്ച 10 ന് വീട്ടുവളപ്പിൽ നടന്നു. ലോറി ഡ്രൈവർ തമിഴ്നാട് നീലഗിരി സ്വദേശി അജിത് കുമാറിന്റെ (39) മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുപോയി.
നടപ്പാതയില്ല, വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണി
അപകട സാധ്യത ഏറിയ തിരുവല്ല- കുമ്പഴ പാതയിൽ റോഡിൽ നടപ്പാതകളില്ലാത്തത് അപകട കാരണമാകുന്നു. കാൽനടക്കാർക്ക് റോഡിലേക്കിറങ്ങി നടക്കേണ്ടി വരുന്നു. വഴിയോരത്ത് നിറയെ പുല്ല് വളർന്ന് നിൽക്കുകയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഇത് ഭീഷണിയാകുന്നുണ്ട്. വാഹനങ്ങൾ റോഡിൽനിന്ന് തെന്നി മാറി വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറിയും അപകടങ്ങൾ പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.