മുഖംമിനുക്കാൻ സി.പി.എം; സഹകരണ ബാങ്ക് നേതൃസ്ഥാനത്തേക്ക് വനിതകൾ
text_fieldsപത്തനംതിട്ട: ജില്ലയില്‍ സഹകരണ ബാങ്കുകളുടെ അധ്യക്ഷ സ്ഥാനത്തേക്ക് വനിതകളെ നിയോഗിച്ച് സി.പി.എം. അഴിമതി ആരോപണവും സാമ്പത്തിക നഷ്ടവും നേരിടുന്ന സഹകരണ ബാങ്കുകളുടെ ഭരണം തിരികെ പിടിച്ച് അധ്യക്ഷ സ്ഥാനത്തേക്ക് വനിതകളെ നിയോഗിക്കാനുള്ള തീരുമാനം സി.പി.എം ജില്ല കമ്മിറ്റിയുടേത്. നഷ്ടത്തിലായ ബാങ്കുകളെ തിരികെ ലാഭത്തിലേക്ക് കൊണ്ടുവരാനും അഴിമതി ആരോപണം കുറക്കാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് പുതിയ നിയോഗങ്ങളെന്ന് പറയുന്നു.
ഇലന്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റായി സഹകരണ വകുപ്പ് റിട്ട.അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.ജി. പ്രമീളയെയാണ് തെരഞ്ഞെടുത്ത്. സിപിഎം അധികാരം തിരികെ പിടിച്ചതിനു പിന്നാലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം പ്രമീളയെ പ്രസിഡന്റായി നിയമിച്ചു.
സി.പി.എം ഏരിയ സെക്രട്ടറിയായിരുന്ന അന്തരിച്ച പി.ആര്. പ്രദീപ് പ്രസിഡന്റായിരുന്ന ബാങ്കാണിത്. പ്രദീപ് പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കിയതിനു പിന്നാലെ ബാങ്കിന്റെ സാമ്പത്തിക സാഹചര്യവും ഇടപാടുകളും ചര്‍ച്ച ചെയ്യപ്പെട്ടു.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തെങ്കിലും അദ്ദേഹവും തല്‍സ്ഥാനത്തു തുടര്‍ന്നില്ല. ഇതിനിടെയുണ്ടായ ആരോപണങ്ങളേറെയും ബാങ്കുമായി ബന്ധമുള്ള സി.പി.എം പ്രാദേശിക നേതാക്കളെ ബന്ധപ്പെടുത്തിയായിരുന്നു. ഭരണസമിതി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സി..പിഎം മുന്‍ അസി. രജിസ്ട്രാറെ സ്ഥാനാര്‍ഥിയാക്കി അവതരിപ്പിക്കുകയും ചെയ്തു.
അഴിമതി ആരോപണം നിലനില്ക്കുകയും കോടിക്കണക്കിന് രൂപയുടെ ബാധ്യത നിലനില്ക്കുകയും ചെയ്യുന്ന ചെങ്ങരൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റായും വനിതയെയാണ് സി.പി.എം തെരഞ്ഞെടുത്തത്.
പാര്‍ട്ടിയുടെ വനിത നേതാവും പഞ്ചായത്ത് അംഗവുമായ മനുഭായി മോഹനെയാണ് പ്രസിഡന്റാക്കിയത്. ചെങ്ങരൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ബാധ്യതകള്‍ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തുള്ളവരില്‍ ഏറെപ്പേരും സി.പി.എം പ്രാദേശിക നേതാക്കളും ബാങ്ക് ജീവനക്കാരുമാണ്. ശക്തമായ ഇടപെടലും സര്‍ക്കാര്‍ പിന്തുണയും ഉണ്ടെങ്കിലേ ബാങ്കിനെ രക്ഷിച്ചെടുക്കാനാകൂ. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഏകപക്ഷീയവുമായിരുന്നു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നതിനാല്‍ എല്‍.ഡി.എഫ് പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പു നടന്ന വായ്പൂര് സഹകരണ ബാങ്കില്‍ പ്രസിഡന്റ് സ്ഥാനം നല്‍കിയെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതയെ നിയോഗിച്ചിട്ടുണ്ട്. വകയാര്‍ സഹകരണ ബാങ്കില്‍ നേരത്തേ തന്നെ വനിതയെ പ്രസിഡന്റാക്കാന്‍ സി.പി.എം തയാറായിരുന്നു.
പുതിയ സഹകരണ നിയമപ്രകാരം ബാങ്കുകളില്‍ വനിത പ്രാതിനിധ്യം ഏറിയതിനൊപ്പം തെരഞ്ഞെടുക്കപ്പെടുന്നവരില്‍ 40 വയസ്സിനു താഴെയുള്ള വനിതയാകണമെന്ന നിര്‍ദേശവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.