നഗരവികസന നിർദേശങ്ങളുമായി വർക്കിങ് ഗ്രൂപ്
text_fieldsപത്തനംതിട്ട: 2024-25 സാമ്പത്തിക വർഷം പത്തനംതിട്ട നഗരത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ നിർദേശങ്ങൾക്ക് ചൊവ്വാഴ്ച ചേർന്ന വർക്കിങ് ഗ്രൂപ് യോഗം രൂപം നൽകി. 2024ൽ അതിദരിദ്രരില്ലാത്ത നഗരമായി പത്തനംതിട്ടയെ പ്രഖ്യാപിക്കാനും തീരുമാനിച്ചു.
നിർമാണം ആരംഭിക്കുന്ന നഗരസഭ ബസ്സ്റ്റാൻഡിൽ നഗരവാസികളുടെ മനസിക ഉല്ലാസത്തിനായി ഹാപ്പിനസ് പാർക്ക് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. ഇരിപ്പിടങ്ങൾ, മറ്റ് വിനോദ ഉപാധികൾ, സെൽഫി കോർണർ, സ്നാക്സ് ആൻഡ് ഡ്രിങ്സ് (ടേസ്റ്റ് ദ വില്ലേജ് കോർണർ), മൊബൈൽ റീ ചാർജിങ് സംവിധാനം, വൈഫൈ, കുടിവെള്ളം, ടോയ്ലറ്റ്, ലൈറ്റിങ് സംവിധാനങ്ങൾ, മാലിന്യശേഖരണ സംവിധാനം, സ്ഥല ലഭ്യതക്കനുസരിച്ച് ഡാൻസിങ്/സിങ്ങിങ് ഫ്ലോർ, മഴവെള്ള സംഭരണ സംവിധാനം, വർക്ക് ഫ്രം പാർക്ക് സൗകര്യം, കമ്യൂണിറ്റി യോഗ, മെഡിറ്റേഷൻ, ജോഗിങ് തുടങ്ങിയവക്കുള്ള സംവിധാനം, ഡിജിറ്റൽ ബോർഡ് 3ഡി തിയറ്റർ സിസ്റ്റം, റേഡിയോ ഉൾപ്പെടെയുള്ള സംഗീത സംവിധാനം, ഡ്രസ് ചേഞ്ചിങ് സൗകര്യം തുടങ്ങിയവക്കുള്ള നിർദേശങ്ങൾ വർക്കിങ് ഗ്രൂപ്പിൽ ഉയർന്നുവന്നു. ഭരണസമിതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച നഗരസൗന്ദര്യവത്കരണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു.
വരുന്ന സാമ്പത്തിക വർഷത്തിൽ നഗരത്തിലേ അവശേഷിക്കുന്ന റോഡുകളുടെ കൂടി പുനരുദ്ധാരണം പൂർത്തീകരിക്കും.
നഗരസഭ വർക്കിങ് ഗ്രൂപ് യോഗം നഗരസഭ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഈ വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാർഷിക പദ്ധതി തയാറാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നവംബർ അവസാനത്തോടെ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു.
വാർഡ് സഭകൾ ചേർന്ന് വികസന സെമിനാർ നടത്തി പദ്ധതികൾ കൗൺസിൽ അംഗീകരിക്കേണ്ടതായുണ്ട്. ജനുവരി 18നകം പദ്ധതികൾ ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിക്കണമെന്നാണ് സർക്കാർ ഉത്തരവ്. സമയബന്ധിതമായി നിർദേശങ്ങൾ പൂർത്തീകരിക്കുന്നതിന് തടസ്സം നിൽക്കുകയാണ് നഗരസഭയിലെ പ്രതിപക്ഷമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. അജിത് കുമാർ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൻ ആമിന ഹൈദരാലി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇന്ദിര മണിയമ്മ, ജില്ല ആസൂത്രണ സമിതി അംഗം പി.കെ .അനീഷ്, കൗൺസിലർമാരായ ആർ. സാബു, എ. അഷ്റഫ്, സുമേഷ് ബാബു, ശോഭ കെ. മാത്യു, അനില അനിൽ, വിമല ശിവൻ, ലാലി രാജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.കെ. ദേവാനന്ദൻ, നഗരസഭ സെക്രട്ടറി സുധീർ രാജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.