ഗുരു യൂട്യൂബായി; ഗുരുത്വം അന്യവുമായി
text_fieldsപത്തനംതിട്ട: മത്സരാർഥികൾ യൂട്യൂബിനെ ഗുരുവായി വരിച്ചപ്പോൾ കലോത്സവ വേദിയിൽനിന്ന് ഗുരുക്കന്മാർ പുറത്ത്. മത്സരാർഥികൾക്ക് ഗുരുത്വമില്ലാതായപ്പോൾ മത്സരങ്ങൾക്ക് നിലവരമില്ലാതായെന്ന് ഗുരുക്കന്മാരും. ഗുരുക്കന്മാരുടെ വാക്കുകൾ ശരിവെക്കുന്നതായി കലോത്സവത്തിൽ അരങ്ങേറിയ ഇനങ്ങൾ ഏറെയും. യൂട്യൂബിന്‍റെ ശിഷ്യത്വം സ്വീകരിച്ചവർ വേദിയിൽ കാഴ്ചവെച്ചതെല്ലാം പലേപ്പാഴും ഒന്നുപോലെയായി. മോണോആക്ട് വേദിയിലാണ് ഇത് ഏറെ നിഴലിച്ചത്. തിരുവാതിരകളിയിലും മത്സരിച്ചവർ പലരും ഗുരുവായി വരിച്ചത് യൂട്യൂബിനെയായിരുന്നു. അത് അവർ പരസ്യമായി പറയുകയും ചെയ്തു.
സംഘഗാനം, കവിത പാരായണം എന്നിവയിലും യൂട്യൂബിനെ ആശ്രയിച്ച് ചിട്ടവട്ടങ്ങൾ ഒപ്പിച്ച് അവതരിപ്പിച്ചവരുണ്ടായിരുന്നു. പുതുതലമുറയിൽ ഗുരു-ശിഷ്യ ബന്ധം ഇല്ലാതാകുന്നതിന്‍റെ ലക്ഷണമായി പലരും ഇതിനെ ചിത്രീകരിച്ചു. അതേസമയം വലിയ ഫീസ് നൽകി ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ കലകൾ അഭ്യസിക്കാൻ നിവൃത്തിയില്ലാത്തവർക്കും തങ്ങളുടെ പാടവങ്ങൾ അതാതിനങ്ങളിൽ നിഷ്കർഷിക്കുന്ന ചിട്ടവട്ടങ്ങൾ അനസരിച്ച് അവതരിപ്പിക്കാൻ നവമാധ്യമങ്ങൾ ഉതകുന്നു എന്നതിന്‍റെ ലക്ഷണമായും യൂട്യൂബിനെ ആശ്രയിക്കുന്നവരെ ചൂണ്ടിക്കാട്ടിയവരുണ്ട്.
ഗുരുക്കന്മാരിൽനിന്ന് നേരിട്ട് അഭ്യസിക്കുന്നതിന്‍റെ ഗുണനിലവാരം യൂട്യൂബിനെ അനുകരിച്ചവരുടെ ഇനങ്ങൾക്ക് ഇല്ലാതെപോയത് മത്സരത്തിന്‍റെതന്നെ ശോഭ കെടുത്തി. ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ അഭ്യസിക്കുമ്പോൾ അതിൽ ശാസ്ത്രീയ അടിത്തറ ഉണ്ടാകും. ആ അടിത്തറയിൽനിന്ന് അവതരിപ്പിക്കുന്ന ഇനങ്ങൾക്ക് അതിന്‍റേതായ മിഴിവും ഉണ്ടാകുമെന്ന് സദസ്സിലുണ്ടായിരുന്ന ചില ഗുരുക്കന്മാർ അഭിപ്രായപ്പെട്ടു. ഗുരുക്കന്മാരുടെ ശിക്ഷണമില്ലാതെ എത്തിയവരിൽനിന്ന് പിന്നാമ്പുറത്ത് ചരടുവലിക്കാനും സമ്മാനം ഉറപ്പിക്കാനും നടത്തുന്ന നീക്കങ്ങൾ ഉണ്ടായില്ലെന്ന് സംഘാടകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.