മലമ്പണ്ടാര സമുദായക്കാരുടെ ജീവിത നിലവാരം: റിപ്പോർട്ട് നൽകി
text_fieldsപത്തനംതിട്ട: പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി താമസിക്കുന്ന മലമ്പണ്ടാര സമുദായത്തിലുള്ളവരുടെ പട്ടിണിയും ദുരിതങ്ങളും മനസ്സിലാക്കാൻ മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി റാന്നി, കോന്നി താലൂക്കുകളിൽ നടത്തിയ പരിശോധനക്ക് ശേഷം സർക്കാറിന് റിപ്പോർട്ട് കൈമാറി.
മാധ്യമപ്രവർത്തകനായ ഷാജഹാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന് പത്തനംതിട്ട ഗവ. ഗെസ്റ്റ് ഹൗസിൽ വിവിധ വകുപ്പു തലവന്മാരുടെ യോഗവും കമീഷൻ സംഘടിപ്പിച്ചു.മലമ്പാണ്ടാര സമുദായത്തിൽ വിദ്യാഭ്യാസം ലഭിച്ച യുവതീയുവാക്കൾക്ക് സർക്കാർ/സ്വകാര്യ മേഖലയിൽ ജോലി ലഭ്യമാകാനാവശ്യമായ ബോധവത്കരണ ക്ലാസ് ജില്ല ട്രൈബൽ ഡെവലപ്മെന്റ് ഓഫിസറുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു.
മലമ്പണ്ടാര വിഭാഗത്തിലുള്ള എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമായിട്ടുണ്ടോയെന്ന് പരിശോധിക്കണം. റേഷൻ കാർഡ് ലഭിക്കാത്തവർക്ക് മൂന്ന് മാസത്തിനകം നൽകാൻ ജില്ല സപ്ലൈ ഓഫിസർ നടപടിയെടുക്കണം. ഗോത്ര വിഭാഗത്തിലുള്ളവർക്ക് ആവശ്യാനുസരണം മണ്ണെണ്ണ ലഭിക്കുന്നുണ്ടെന്ന് ജില്ല സപ്ലൈ ഓഫിസർ ഉറപ്പാക്കണം.
വനാന്തരങ്ങളിൽ താമസിക്കുന്നവർക്ക് ആവശ്യമായ മരുന്നും ആംബുലൻസ് സൗകര്യവും എത്തിച്ചു നൽകണം. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉറപ്പാക്കണം. ശിശുരോഗ വിദഗ്ധന്റെയും ഗൈനക്കോളജിസ്റ്റിന്റെയും സേവനം ഉറപ്പാക്കണം. വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുമ്പോൾ ആംബുലൻസ് സൗകര്യം ഉറപ്പാക്കണം. ആശുപത്രികളിലുള്ള പ്രസവത്തിന് പ്രേരിപ്പിക്കണം.
മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്നും കമീഷൻ ജില്ല ഓഫിസർക്ക് നിർദേശം നൽകി.
മഞ്ഞത്തോട് ആദിവാസി കോളനിയിൽ വെള്ളമെത്തിക്കാൻ നിർദിഷ്ട നിലക്കൽ സീതത്തോട് പദ്ധതി പ്രകാരം പ്ലാപ്പള്ളിയിൽനിന്ന് ളാഹയിലേക്ക് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കണം. പദ്ധതി അടൂർ പ്രോജക്ട് ഡിവിഷന്റെ പരിഗണനയിലാണ്. ഇതിനാവശ്യമായ നടപടി ജല അതോറിറ്റി എം.ഡി സ്വീകരിക്കണം. ഇവിടത്തെ അന്തേവാസികളുടെ താൽപര്യ പ്രകാരം വീട് നിർമിച്ച് പുനരധിവസിപ്പിക്കാൻ പത്തനംതിട്ട കലക്ടർ നടപടിയെടുക്കണം. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണമാണ് ഇവർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാത്തതിന് കാരണമെന്ന് കമീഷൻ നിരീക്ഷിച്ചു. മൂന്നുമാസത്തിലൊരിക്കൽ വകുപ്പുതലത്തിൽ ചർച്ച നടത്തി വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണമെന്ന് കമീഷൻ കലക്ടർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.