അഷ്ടമുടിക്കായലിലെ മാലിന്യം നീക്കാന്‍ സ്പെഷല്‍ ഡ്രൈവ്
text_fieldsകൊല്ലം: അഷ്ടമുടിക്കായലില്‍ മാലിന്യം അടിഞ്ഞുകൂടുന്നത് തടയാന്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ സ്പെഷല്‍ ഡ്രൈവ് നടത്തുമെന്ന് കലക്ടര്‍ അഫ്സാന പര്‍വീണ്‍. നിയമസഭ പരിസ്ഥിതി കമ്മിറ്റിയുടെ നിർദേശങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ജില്ല കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിക്കും. കക്കൂസ് മാലിന്യം കായലിലേക്ക് ഒഴുക്കുന്നത് തടയാന്‍ ബയോ ടോയ്ലെറ്റുകള് ആവശ്യമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്രപ്പോസലുകള്‍ ഡി.പി.സിയില്‍ പരിഗണിക്കും.
ബോട്ടുകള്‍ പൊളിച്ച് അവശിഷ്ടങ്ങള്‍ കത്തിച്ച് കായല്‍ മലിനീകരിക്കുന്ന അനധികൃത യാര്‍ഡുകള്‍ കണ്ടെത്താന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദേശം നല്കി. പ്ലാസ്റ്റിക് നിരോധനം ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കര്‍ശനമാക്കും.
അഷ്ടമുടി മാലിന്യ പ്രശ്നത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ച പ്രതികരണങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചചെയ്തു. കായലുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകള്‍ മാലിന്യസംസ്കരണത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ തയാറാക്കണം. അറവുശാല-ഹൗസ് ബോട്ട് മാലിന്യം, പ്ലാസ്റ്റിക് തുടങ്ങിയവ കായലില്‍ തള്ളുന്നത് തടയാന്‍ കര്‍ശന നടപടി വേണം. യോഗത്തില്‍ വിവിധ വകുപ്പുകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
മാലിന്യ നിര്‍മാര്‍ജനത്തിന് സീവേജ് പ്ലാന്റുകളുടെ ആവശ്യകത സംബന്ധിച്ച വിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ശേഖരിക്കണം. കായല്‍സംരക്ഷണ പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തി. കായലിന് ചുറ്റുമുള്ള ജലസ്രോതസ്സുകളിലെ വെള്ളം പരിശോധിച്ച ഭാഗിക റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് സമര്‍പ്പിച്ചു. മറ്റ് സ്ഥലങ്ങളിലെ ജലപരിശോധന വിവരം ഉടന്‍ ലഭ്യമാക്കുമെന്ന് ഡി.എം.ഒ ഡോ. ആര്. ബിന്ദുമോഹന്‍ അറിയിച്ചു.
മാലിന്യസംസ്കരണത്തിന് സ്വീകരിച്ച നടപടികളെക്കുറിച്ച അടിയന്തര റിപ്പോര്‍ട്ട് നല്കാന് തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ്, എ.ഡി.എം ആര്. ബീനറാണി, തഹസില്‍ദാര്‍ ജാസ്മിന് ജോര്‍ജ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.