കുന്നംകുളത്തും പരിസരത്തും കവർച്ച ശ്രമം; കുപ്രസിദ്ധ മോഷ്ടാവ് ഷട്ടർ നൗഷാദ് പിടിയിൽ
text_fieldsകുന്നംകുളം: കുന്നംകുളത്ത് ജ്വല്ലറി ഉൾപ്പെടെ പലയിടത്തും ഷട്ടർ തകർത്ത് മോഷണശ്രമം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കായംകുളം കീരിക്കാട് വേരുവള്ളി ഭാഗ്യം മാടവനാട് കിഴക്കേതിൽ വീട്ടിൽ ഷട്ടർ നൗഷാദിനെ (ആടു കിളി നൗഷാദ് 47) ആണ് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് എസി.പി ബാബു കെ. തോമസ്, കുന്നംകുളം എ.സി.പി ടി.എസ് സിനോജ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് കുന്നംകുളം സ്റ്റേഷൻ പരിധിയിൽ മൂന്നിടത്തായി മോഷണ ശ്രമം നടന്നത്. കുന്നംകുളം താഴത്തെ പാറയിൽ സ്വപ്ന ജ്വല്ലറി, കേച്ചേരി എസ്.ഡി മൊബൈൽസ് ആൻറ് ഹോം ഗ്യാലറി, കല്ലുംപുറത്തെ സ്റ്റേഷനറി കട എന്നിവിടങ്ങളിലാണ് നൗഷാദ് ഷട്ടർ പൊളിച്ചും ഗ്ലാസ് തകർത്തും മോഷണശ്രമം നടത്തിയത്.
മഴുവഞ്ചേരി ധനേഷിെൻറ ഉടമസ്ഥതയിലുള്ള കേച്ചേരിയിലെ കടയിൽ മോഷണം ശ്രമം നടത്തുന്നതിനിടെ അറസ്റ്റിലായ പ്രതിയുടെ കൈക്ക് ഗ്ലാസ് പൊട്ടി പരിക്കേറ്റിരുന്നു. കൈക്ക് മുറിവ് പറ്റി ചികിത്സ തേടിയവരെക്കുറിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് പൊലീസ് ഷട്ടർ നൗഷാദിലേക്ക് എത്തിയത്. വിരലടയാള വിദഗ്ധൻ നടത്തിയ പരിശോധനയിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചിരുന്നു.
കുന്നംകുളത്ത് സ്വപ്ന ജ്വല്ലറി കല്ലുംപുറത്തുള്ള കടയിലും ചങ്ങരംകുളം പാവിട്ടപുറത്തെ മൂന്ന് സ്ഥാപനങ്ങളിലും ഇയാളും സഹായിയും ചേർന്നാണ് മോഷണം നടത്തിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാനത്തെ നിരവധി സ്ഥാപനങ്ങളിൽ കവർച്ച നടത്തിയിട്ടുള്ള നൗഷാദ് ആറ് മാസം മുമ്പാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. അവിടെ നിന്ന് പരിചയപ്പെട്ട കണ്ണൂർ സ്വദേശി അലി അക്ബറുമായാണ് വ്യാപക മോഷണം നടത്തിയിട്ടുള്ളതെന്ന് അറസ്റ്റിലായ പ്രതി സമ്മതിച്ചു. കാറിലെത്തിയാണ് സംഘം കവർച്ച നടത്തിയിരുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ഷട്ടർ പൊളിച്ച് അകത്തു കയറാൻ കഴിവുള്ളതിനാലാണ് ഷട്ടർ നൗഷാദ് എന്ന പേരിൽ ഇയാൾ അറിയപ്പെട്ടിരുന്നത്.
കായംകുളത്തുള്ള വീട്ടിൽ നൗഷാദ് എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യെൻറ നിർദ്ദേശത്തെ തുടർന്നാണ് അറസ്റ്റ്. പൊലീസ് സംഘത്തിൽ കുന്നംകുളം സി.ഐ കെ.ജി. സുരേഷ്, ഷാഡോ പൊലീസ് എസ്.ഐ മാരായ ഗ്ലാഡ്സ്റ്റൺ, എം. രാജൻ, എൻ.ജി. സുവ്രത കുമാർ, പി.എം. റാഫി, ഇ. ബാബു, എം.വി. ജോർജ്ജ്, എ.എസ്.ഐമാരായ കെ. ഗോപാലകൃഷ്ണൻ, പി. രാകേഷ്, എം. ഹബീബ്, പി. സുദേവ്, കെ.എം. വർഗീസ്, നന്ദനൻ, സീനിയർ സി.പി.ഒമാരായ പഴനി, ടി.വി ജീവൻ, എം.എസ്. ലികേഷ്, വിപിൻ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.