അമൃത് പദ്ധതി: മൂന്ന് വർഷം പിന്നിട്ടിട്ടും സംസ്ഥാനത്ത് ചെലവഴിച്ചത് 52 ശതമാനം തുക മാത്രം
text_fieldsതൃശൂർ: കേന്ദ്രാവിഷ്കൃത നഗരവികസന പദ്ധതിയായ 'അമൃത്' സംസ്ഥാനത്ത് ഇഴയുന്നു. തുടങ്ങി മൂന്ന് വർഷം പിന്നിട്ടിട്ടും ഇതുവരെ ചെലവഴിച്ചത് 52.64 ശതമാനം തുക മാത്രം. പരിഗണിച്ച 1002 പദ്ധതികൾക്കായി 2357.69 കോടി അനുവദിച്ചതിൽ 1256.76 കോടി മാത്രമാണ് ചെലവഴിച്ചതെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്ക്.
കൂടുതൽ തുക വകയിരുത്തിയ മാലിന്യ സംസ്കരണ പദ്ധതികളാണ് പലയിടത്തും തുടങ്ങാനാവാത്തത്. പ്രാദേശിക എതിർപ്പുകളാണ് ഇതിന് പിന്നിലെന്നാണ് പറയുന്നത്. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കൊല്ലം, കൊച്ചി, ഗുരുവായൂർ, ആലപ്പുഴ എന്നിവിടങ്ങളിലാണ് അമൃത് പദ്ധതി നടപ്പാക്കുന്നത്. തുക വിനിയോഗത്തിലും പദ്ധതി പൂർത്തീകരണത്തിലും മുന്നിലുള്ളത് ആലപ്പുഴ ജില്ലയിൽ ആലപ്പുഴ നഗരസഭയും തൃശൂർ ജില്ലയിൽ ഗുരുവായൂർ നഗരസഭയുമാണ്. ആലപ്പുഴയിൽ 77.07 ശതമാനത്തിലേറെ തുക ചെലവഴിച്ചപ്പോൾ ഗുരുവായൂർ 64.20 ശതമാനം തുകയാണ് ചെലവിട്ടത്. 22.94 ശതമാനം ചെലവഴിച്ച കൊല്ലമാണ് ഏറ്റവും പിന്നിൽ.
ആലപ്പുഴയിൽ ഏറ്റെടുത്ത 195ൽ 142 പദ്ധതികളും ഗുരുവായൂരിൽ 33ൽ 12 പദ്ധതികളും പൂർത്തീകരിച്ചതായും മറ്റുള്ളവയുടെ നിർമാണം പുരോഗമിക്കുകയാണെന്നുമാണ് അധികൃതരുടെ വിശദീകരണം. ഏറ്റവും കൂടുതൽ പദ്ധതികളുള്ള തിരുവനന്തപുരത്ത് 270ൽ 231 പദ്ധതികളിലായി 207.91 കോടി ചെലവഴിച്ചു.
50 ശതമാനം കേന്ദ്ര വിഹിതവും 30 ശതമാനം സംസ്ഥാന വിഹിതവും 20 ശതമാനം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും ഉൾക്കൊള്ളുന്നതാണ് പദ്ധതി. കുടിവെള്ള വിതരണം, സ്വീവേജ്, ഫുട്പാത്ത്, ആകാശപ്പാത, കാന നിർമാണം, പാർക്കുകളുടെ നവീകരണം തുടങ്ങിയവയാണ് അമൃത് പദ്ധതിയിൽ നടപ്പാക്കുന്നത്.
2015ലാണ് കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്കരിച്ചതെങ്കിലും 2017ലാണ് നടപടിക്രമങ്ങൾ പൂർത്തിയായി ഫണ്ട് നൽകി തുടങ്ങിയത്. തൃശൂരിൽ അമൃത് പദ്ധതിയിൽ നവീകരണം നടത്തിയ നെഹ്റു പാർക്ക് ഉദ്ഘാടനം ചെയ്തു. ശക്തൻ നഗറിൽ നിർമിക്കുന്ന ആകാശപ്പാതയുടെ പ്രാരംഭ പ്രവർത്തനം പൂർത്തിയാക്കിയെങ്കിലും പിന്നെ നിലച്ചു.
മാലിന്യ സംസ്കരണ പദ്ധതികൾ പലയിടത്തും തുടങ്ങാനായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലോടെ പ്രശ്നങ്ങൾ പരിഹരിച്ച് പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര-സംസ്ഥാന നിർദേശം.
അമൃത് പദ്ധതി പ്രകാരമുള്ള പ്രവർത്തനം എല്ലായിടത്തും നടക്കുന്നുണ്ടെന്നും മാലിന്യ സംസ്കരണ പദ്ധതികൾ ആരംഭിക്കാൻ സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഏറെയാണെന്നും തിരുവനന്തപുരം ഉൾപ്പെടെ ചില സ്ഥലങ്ങളിൽ ഇത്തരം പദ്ധതികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അമൃത് മിഷൻ ഡയറക്ടർ രേണുരാജ് പറഞ്ഞു. നിലവിലെ പദ്ധതികൾ പൂർത്തിയാക്കാൻ 2023 മാർച്ച് വരെയാണ് കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.