പാലിയേക്കര ടോളിന് 10 വർഷം; പിരിവ് 1000 കോടിയിലേക്ക്
text_fieldsതൃശൂർ: ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവിന് 10 വർഷമാകുന്നു. 2012 ഫെബ്രുവരി ഒമ്പതിനാണ് പിരിവ് ആരംഭിച്ചത്. കരാർ പ്രകാരം ചെയ്ത നിർമാണ പ്രവൃത്തികൾക്ക് 825 കോടി ചെലവായെന്നാണ് വിവരാവകാശ രേഖ. ടോൾ പിരിവ് കരാർ പ്രകാരം 2028 ജൂൺ വരെ തുടരാം. പ്രളയം, കോവിഡ്, നോട്ട് നിരോധനം എന്നിവക്ക് ടോൾ പ്ലാസ അടച്ച ദിവസങ്ങൾ കൂടി ചേർത്താൽ കാലാവധി ഇനിയും നീളാം.
ഇതുവരെയായി 991 കോടിയോളം പിരിച്ചതായാണ് രേഖകൾ. ടോൾ തുടങ്ങുന്ന സമയം മാസം 10,000 വാഹനവും മൂന്ന് കോടി രൂപയുമായിരുന്നെങ്കിൽ ഇപ്പോൾ 40,000 വാഹനവും 11 കോടിയുമായി. തൃശൂർ സെന്റ് തോമസ് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് തലവൻ പ്രഫ. വി.എം. ചാക്കോയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, കടന്നുപോകുന്ന വാഹനങ്ങളുടെ കണക്ക് പ്രകാരം കുറഞ്ഞത് 2200 കോടിയും കൂടിയത് 4400ൽപരം കോടിയും ടോൾ കാലാവധി അവസാനിക്കുമ്പോഴേക്കും ലഭിക്കും.
2006 മാർച്ച് 27നാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി മണ്ണുത്തി മുതൽ അങ്കമാലി വരെ ഭാഗം നാലുവരിയാക്കാനും ഇടപ്പള്ളി വരെയുള്ള നാലുവരിപ്പാത അറ്റകുറ്റപ്പണി തീർത്ത് നിലനിർത്തി കൊണ്ടുപോകുന്നതിനുമായി കരാറിൽ ഏർപ്പെട്ടത്. 2007 നവംബർ 14ന് സംസ്ഥാന സർക്കാറുമായി ഉപകരാറിലുമേർപ്പെട്ടു. കരാർ പ്രകാരമുള്ള പ്രവൃത്തികൾ ചെയ്ത് തീർക്കാതെയാണ് ടോൾ പിരിവിന് ദേശീയപാത അതോറിറ്റി അനുമതി നൽകിയത്.
തർക്കങ്ങൾക്കിടെ 2011 നവംബറിൽ ആരംഭിക്കേണ്ട ടോൾ പിരിവ് 2012 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. നാല് മാസത്തിനുള്ളിൽ ഹാജരാക്കേണ്ട കംപ്ലീഷൻ സർട്ടിഫിക്കറ്റ് 2016 നവംബറിലാണ് ഹാജരാക്കിയത്.
എന്നാൽ, കരാറിലെ പഞ്ച് ലിസ്റ്റിൽ പറയുന്ന ചാലക്കുടി അടിപ്പാത, പുതുക്കാട് മേൽപാലം തുടങ്ങിയവയും ഡ്രൈനേജുകൾ, ലാൻഡ്സ്കേപ്, പ്രൊട്ടക്ഷൻ ബാരിക്കേഡ്, തെരുവ് വിളക്കുകൾ, കുടിവെള്ളം, ഫോൺ സൗകര്യം, ബസ്ബേകൾ, ട്രക്ക് പാർക്കിങ് ബേകൾ, പെഡസ്ട്രിയൻ പാത്തുകൾ, യു ടേൺ ട്രാക്കുകൾ, സംസ്ഥാന സർക്കാറുമായി ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള സർവിസ് റോഡുകൾ തുടങ്ങിയവയുൾപ്പെടെ പൂർത്തീകരിച്ചിട്ടില്ലെന്ന് കോടതി നിയോഗിച്ച അഭിഭാഷക കമീഷൻ കണ്ടെത്തിയിരുന്നു.
10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന പ്രദേശവാസികളുടെ വാഹനങ്ങൾക്ക് സൗജന്യം അനുവദിക്കാമെന്നും ഇതിന് വരുന്ന തുക സംസ്ഥാന സർക്കാർ നൽകാമെന്നുമുള്ള വ്യവസ്ഥയിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ചർച്ചയിലാണ് പ്രാദേശിക പ്രശ്നം പരിഹരിച്ചത്.
ഒരു ടോൾ പ്ലാസയിലും പ്രദേശവാസികളുടെ തുക സർക്കാർ എടുക്കുന്നില്ല. അത് കമ്പനി വഹിക്കുകയാണെന്നിരിക്കെയായിരുന്നു പാലിയേക്കരയിൽ ഈ നടപടി. കഴിഞ്ഞ ദിവസം കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ തദ്ദേശീയരുടെ വാഹന ഇളവ് നിയന്ത്രിച്ചതിനെതിരെ സമരം ചെയ്യേണ്ട സാഹചര്യവുമുണ്ടായി.
തദ്ദേശീയ വാഹനങ്ങൾക്കുള്ള സൗജന്യയാത്രയുടെ ടോൾ തുകയിനത്തിൽ 131 കോടിയും കെ.എസ്.ആർ.ടി.സി ബസുകളുടെ ടോൾ തുക കുടിശ്ശികയിനത്തിൽ 91 കോടിയും സർക്കാർ നൽകാനുണ്ടെന്ന് കരാർ കമ്പനി പറയുന്നു.
ടോൾ പ്ലാസ അധികൃതർ സമർപ്പിച്ച 2014 മുതലുള്ള സൗജന്യയാത്ര ബില്ലിൽ 431 വാഹനങ്ങളുടെ ടോൾ തുക പൊതുമരാമത്ത് വകുപ്പ് കൊടുങ്ങല്ലൂർ എക്സി. എൻജിനീയറുടെ ഓഫിസ് തടഞ്ഞുവെച്ചിരിക്കുകയാണ്. ഒരാളുടെ പേരിലുള്ള ഒന്നിൽ കൂടുതൽ വാഹനങ്ങളുടെ അപേക്ഷകൾ 'അണ്ടർ ഒബ്സർവേഷൻ' കുറിപ്പെഴുതി മാറ്റിവെച്ചിരിക്കുകയാണെന്നും ടോൾ പ്ലാസ അധികൃതർ പറയുന്നു.
ടോൾ പിരിവ് അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാറിന് ഇടപെടാനാവുമെന്ന് തൃശൂർ ജില്ല പഞ്ചായത്ത് പ്രതിപക്ഷ കക്ഷി നേതാവും ഡി.സി.സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറയുന്നു. നിരന്തരമായ കരാർ ലംഘനത്തിൽ സർക്കാറിന് ഇടപെടാമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. ടോൾ പിരിവിന്റെ പത്താം വാർഷികത്തിൽ കാമ്പയിന് കോൺഗ്രസ് തുടക്കമിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.