തദ്ദേശ വാർഡ് പുനർവിഭജനം: ജില്ലയിലെ നഗരസഭകളിൽ കൂടുന്നത് 13 വാർഡുകൾ
text_fieldsതൃശൂർ: തദ്ദേശ വാർഡ് പുനർവിഭജനത്തിൽ ജില്ലയിൽ കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ പുതിയതായി രൂപവത്കരിക്കപ്പെട്ടത് 13 വാർഡുകൾ. കോർപറേഷനിൽ ഒന്നും ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലും കൂടി 12ഉം വാർഡുകൾ വർധിച്ചു. ഏറ്റവും കൂടുതൽ സീറ്റുകൾ വർധിച്ചത് ഗുരുവായൂർ നഗരസഭയിലാണ്. ഇവിടെ മൂന്ന് ഡിവിഷനുകൾ വർധിച്ചു.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കുന്നംകുളം നഗരസഭകളിൽ രണ്ട് വീതവും ചാവക്കാട്, ചാലക്കുടി, വടക്കാഞ്ചേരി നഗരസഭകളിൽ ഓരോന്നുവീതവും വാർഡുകൾ വർധിച്ചിട്ടുണ്ട്. പഞ്ചായത്ത്, േബ്ലാക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് വാർഡ് വിഭജനത്തിൽ ജില്ലയിൽ ആകെ 153 വാർഡുകൾ വർധിച്ചിരുന്നു. നഗരസഭയിലെ വർധിച്ച 13 വാർഡുകൾ കൂടി ചേർത്ത് നിലവിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആകെ 166 വാർഡുകളുടെ വർധനയാണുണ്ടായത്. തൃശൂർ കോർപറേഷനിൽ 55 ഡിവിഷനുകൾ ഉണ്ടായിരുന്നത് 56 ആയി ഉയർന്നു. 43 വാർഡുകൾ ഉണ്ടായിരുന്ന ഗുരുവായൂർ നഗര സഭയിൽ ഇനി 46 വാർഡുകൾ ഉണ്ടാകും.
ചാവക്കാട് മുനിസിപ്പാലിറ്റിയിലെ 32 വാർഡുകൾ 33 ആയി. 44 വാർഡുകൾ ഉണ്ടായിരുന്ന കൊടുങ്ങല്ലൂർ നഗരസഭയിൽ ഇനി 46 വാൾഡുകൾ ഉണ്ടാകും. ചാലക്കുടി നഗരസഭ 36ൽനിന്ന് 37ലേക്കും ഇരിങ്ങാലക്കുട 41ൽനിന്ന് 43ലേക്കും കുന്നംകുളം 37ൽനിന്ന് 39ലേക്കും വടക്കാഞ്ചേരി നഗരസഭ 41ൽനിന്ന് 43ലേക്കും വാർഡുകളുടെ എണ്ണം ഉയർത്തി. വാർഡുകളുടെ എണ്ണം വർധിച്ചതിനനുസരിച്ച് വനിത പ്രാതിനിധ്യവും ഗണ്യമായി ഉയരും. ത്രിതല പഞ്ചായത്തുകളിൽ 60 ശതമാനത്തിന് മുകളിൽ സീറ്റുകളിൽ ഇനി വനിതകളായിരിക്കും തൃശൂർ കോർപറേഷനിലെ ആകെ 56 ഡിവിഷനുകളിൽ 28 ഡിവിഷനുകൾ വനിതസംവരണമാണ്.
നാല് പട്ടികജാതി-പട്ടിക വർഗ ജനറൽ ഡിവിഷനുകളും രണ്ട് പട്ടികജാതി വനിത സംവരണ ഡിവിഷനുകളും ഉണ്ടാകും. ഇതോടെ കോർപറേഷനിലും വനിത പ്രാതിനിധ്യം ഉയരും. ഗുരുവായൂർ നഗരസഭയിലെ ആകെ 46 വാർഡുകളിൽ 23 എണ്ണം വനിത സംവരണം ആയിരിക്കും. രണ്ട് പട്ടികജാതി-പട്ടിക വർഗ ജനറൽ വാർഡുകളും ഒരു പട്ടികജാതി വനിത സംവരണവും ഉണ്ടാകും.
ചാവക്കാട് നഗരസഭയിൽ ആകെയുള്ള 33 വാർഡുകളിൽ 17 എണ്ണം വനിത സംവരണ വാർഡുകളായിരിക്കും. പട്ടികജാതി-പട്ടിക വർഗ സംവരണത്തിൽ ഒരു സീറ്റുണ്ടാകും. പട്ടികജാതി സ്ത്രീ സംവരണം ഉണ്ടാവില്ല. പുതിയ പരിഷ്കരണത്തിൽ പട്ടികജാതി വനിത സംവരണം ഇല്ലാത്ത ജില്ലയിലെ ഏക നഗരസഭയും ചാവക്കാട് ആണ്. കൊടുങ്ങല്ലൂർ നഗരസഭയിലെ 46 വാർഡുകളിൽ 23 വനിത സംവരണ വാർഡുകളും മൂന്ന് പട്ടിക ജാതി-പട്ടിക വർഗ ജനറൽ സംവരണ വാർഡുകളും ഉണ്ട്. ഇവിടെ രണ്ട് വാർഡുകൾ പട്ടിക ജാതി വനിത സംവരണ വാർഡുകൾ ആയിരിക്കും. ചാലക്കുടി നഗരസഭയിലെ 37 വാർഡുകളിൽ 19 വാർഡുകൾ വനിതാ സംവരണ വാർഡുകളാണ്. മൂന്ന് പട്ടികജാതി-പട്ടിക വർഗ ജനറൽ സംവരണ വാർഡുകളും രണ്ട് പട്ടികജാതി വനിതാ സംവരണ വാർഡുകളും ചാലക്കുടിയിൽ ഉണ്ടാകും. ഇരിങ്ങാലക്കുട നഗരസഭയിൽ 43ൽ 22 വാർഡുകളിൽ വനിതകൾ മത്സരിക്കും.
അഞ്ച് വാർഡുകൾ പട്ടികജാതി-പട്ടിക വർഗ ജനറൽ സംവരണവും മൂന്ന് പട്ടികജാതി വനിതാ സംവരണവും ഉണ്ടാകും. കുന്നംകുളത്തെ ആകെയുള്ള 39 വാർഡുകളിൽ 20 എണ്ണം വനിതാ സംവരണം ആയിരിക്കും. അഞ്ച് വാർഡുകൾ പട്ടിക ജാതി-പട്ടിക വർഗ സംവരണവും മൂന്ന് പട്ടികജാതി വനിതാ സംവരണ വാർഡുകളും ഉണ്ടാകും. വടക്കാഞ്ചേരിയിൽ 42 വാറഡുകളുള്ളതിൽ 21 വാർഡുകളിൽ വനിതാ സംവരണം ഉണ്ടാകും. അഞ്ച് പട്ടിക ജാതി-പട്ടിക വർഗ ജനറൽ സംവരണ വാർഡുകളും മൂന്ന് പട്ടികജാതി വനിതാ സംവരണ വാർഡുകളും ഇവിടെയുണ്ട്.
തൃശൂർ കോർപറേഷനിലും ജില്ലയിലെ ഏഴ് നഗരസഭകളിലുമായി ആകെ 329 വാർഡുകളായിരുന്നു നേരത്തേ ഉണ്ടായിരുന്നു. ഇത് വാർഡ് പുനർവിഭജനത്തിലൂടെ 342 ആയി ഉയർന്നിട്ടുണ്ട്. ജില്ലയിൽ ത്രിതല പഞ്ചായത്തിൽ ആകെ 1709 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇത് പഞ്ചായത്ത്, േബ്ലാക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിൽ 153 എണ്ണം കൂടി നിലവിൽ 1862 വാർഡുകളായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.