ഇറച്ചിക്കോഴിക്ക് 150 കടന്നു, തക്കാളി നൂറിലേക്ക്; പാചക വാതകത്തിനും പച്ചക്കറിക്കും പൊള്ളുന്നു
text_fieldsതൃശൂർ: പച്ചക്കറിക്കും മാംസത്തിനും പൊള്ളുന്ന വിലയിൽ അടുക്കളക്ക് മാത്രമല്ല, ജീവിതത്തിനാകെ തീപിടിച്ച നിലയിലാണ്. ഇറച്ചിക്കോഴിക്ക് കിലോക്ക് 150 രൂപ കടന്നപ്പോൾ പച്ചക്കറിയിൽ തക്കാളി നൂറിലേക്കാണ് അടുക്കുന്നത്. പാചക വാതകത്തിനും വില വർധിച്ചതോടെ കോവിഡ് പിടിച്ചുലച്ച ജനജീവിതം കൂടുതൽ ദുഷ്കരമാവുകയാണ്.
റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണം തുടരുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ കടുത്ത പ്രതിസന്ധിയിലാണ് ജനങ്ങൾ. മാസങ്ങളായി ഇറച്ചിക്കോഴിയുടെ വില നൂറിന് മുകളിലാണ്. രണ്ട് ദിവസം മുമ്പാണ് അത് 150ന് മുകളിലും എത്തിയത്. കേരളത്തിലെ ഇറച്ചിക്കോഴി വിപണയിൽ 70 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്. കേരള ചിക്കൻ ഉൽപാദിപ്പിക്കുന്നത് ആഴ്ചയിൽ അമ്പതിനായിരം കോഴി മാത്രമാണ്. എന്നാൽ, കേരളത്തിൽ ഒരാഴ്ച വിറ്റഴിക്കുന്നത് ഒരു കോടി കിലോ ഇറച്ചിക്കോഴിയാണ്. കർണാടക, കേരളം, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏകീകരിച്ച വിലയാണ് ഇപ്പോൾ ഉള്ളതെന്ന് കോഴിക്കർഷകർ പറയുന്നു.
ഒരു വർഷംകൊണ്ട് കോഴിത്തീറ്റയിൽ ചാക്കിന് ആയിരം രൂപയുടെ വർധനയാണ് ഉണ്ടായത്. ഉൽപാദന മേഖലയിൽ മുമ്പെങ്ങുമില്ലാത്ത വിധമുള്ള ചെലവ് വർധിച്ചതായും ഇവർ പറയുന്നു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം നൽകിയതോടെ ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും തുറന്നിരുന്നു. ഇതോടെ ഇറച്ചിക്കോഴിക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ട്.
പൊള്ളുന്ന വിലയാണ് വിപണിയിൽ പച്ചക്കറികൾക്ക്. സവാള, കാരറ്റ്, തക്കാളി, മുരിങ്ങ എന്നിവക്ക് ഇരട്ടിയോളമാണ് വില വര്‍ധിച്ചത്. ഒരാഴ്ച മുമ്പ് 30 രൂപ വിലയിൽ വിറ്റിരുന്ന സവാള ഇപ്പോൾ 50 -60 രൂപയിലാണ്. തക്കാളി 20 -25ല്‍ നിന്ന് 60 -70ലേക്ക് കുതിച്ചു. കാരറ്റിനും (60) മുരിങ്ങക്കും (80) വില ഇരട്ടിയായി.
രണ്ടാഴ്ച കൊണ്ടാണ് പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ രണ്ടു വര്‍ഷവും വര്‍ഷാവസാനം ഉള്ളിവില 100 കടന്നിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും വില കൂടാന്‍ കാരണമായതായി വ്യാപാരികൾ പറയുന്നു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ മഴ കനത്തത് പച്ചക്കറികളുടെ വരവ് കുറയാനിടയാക്കിയിട്ടുണ്ട്. പാചക വാതക വിലയും നിയന്ത്രണമില്ലാതെ കുതിച്ചുയരുകയാണ്. 190 രൂപയുടെ വർധനയാണ് ഈ വർഷം മാത്രം പാചക വാതക വിലയിലുണ്ടായത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഏകദേശം 590നു മുകളിൽ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു സിലിണ്ടർ വില 890 കടന്നു. ഈ വിലവർധന സാധാരണക്കാരെൻറ വീട്ടുബജറ്റിനെയാണ് താളം തെറ്റിക്കുന്നത്. ഗ്യാസ് സിലിണ്ടറിനെ മാത്രം ആശ്രയിക്കുന്ന വീടുകളിൽ ഒരു മാസം ഒരു സിലിണ്ടർ കൊണ്ട് കടന്നുകൂടുന്നത് വീട്ടമ്മമാരുടെ സാഹസ ജീവിതം കൂടിയാണ്.
കടവും പരിഭവങ്ങളുമായി ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നവരെ ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് ഇന്ധനവില.
17 ദിവസത്തിനിടെ പെട്രോളിന് രണ്ട് രൂപ 99 പൈസയും ഡീസലിന് നാല് രൂപ 55 പൈസയുമാണ് വര്‍ധിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് ഡീസല്‍ വിലയിലുണ്ടായത് ഇരട്ടി വർധനയാണ്. 2016 ജനുവരിയില്‍ 50 രൂപയില്‍ താഴെയായിരുന്നു ഒരു ലിറ്റര്‍ ഡീസലിെൻറ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.