തേക്കിൻകാടിന് ചൂടാൻ 1500 വർണക്കുടകൾ; വിസ്മയങ്ങൾ ആവനാഴിയിൽ വേറെയും
text_fieldsതൃശൂർ: പൂരം നാളിൽ തൃശൂരിന് ചൂടാൻ 1500 വർണക്കുടകൾ. കൗതുകങ്ങൾ വേറെയുമുണ്ട്. 'ഡിവൈൻ ദർബാർ' എന്ന് വിശേഷണമുള്ള തെക്കേനടയിലെ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ കൂടിക്കാഴ്ചയിൽ വിസ്മയിപ്പിക്കുന്ന കുടമാറ്റം ഓരോ പൂരത്തിന്റെയും അത്ഭുതമാണ്.
അഭിമുഖമായി നിന്ന് ഇരുകൂട്ടരും നിമിഷങ്ങളുടെ വ്യത്യാസത്തിൽ കുടകൾ മാറി ഉയർത്തുമ്പോൾ തെക്കേ ഗോപുരനടക്കുതാഴെ നിറയുന്ന പുരുഷാരം കുടകളെക്കാൾ ഉയരത്തിൽ ആരവം മുഴക്കി ഇരുവിഭാഗത്തിലും മത്സര ആവേശം നിറക്കും. പൂരനാളിൽ സായന്തന സൂര്യനെപ്പോലും വിസ്മയിപ്പിച്ച് 1500ലധികം വർണക്കുടകൾ ആണ് തേക്കിൻകാട് മൈതാനിയിൽ പൂത്തുലയുക. വിസ്മയിപ്പിക്കുന്ന സ്പെഷൽ കുടകൾ വേറെയും. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ചമയപ്പുരകളിൽ ആനച്ചൂരും ആനച്ചൂടും തട്ടാത്ത വർണക്കുടകളുടെ നിർമാണം പൂർണമായി. അവസാന നിരീക്ഷണം മാത്രമാണ് നടത്തുന്നത്.
പൂരത്തിന് നാലു മാസം മുമ്പേ കുടകളുടെ പണികള്‍ ആരംഭിക്കുന്നതാണ് പതിവ്. എന്നാല്‍, ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ നീളുമോ എന്ന ആശങ്ക കാരണം പണികള്‍ തുടങ്ങാന്‍ വൈകിയെന്ന് പാറമേക്കാവിനുവേണ്ടി കുടകൾ നിർമിക്കുന്ന വസന്തന്‍ കുന്നത്തങ്ങാടി പറഞ്ഞു. അതുമൂലം കൂടുതൽ സമയം ജോലി ചെയ്താണ് കുടകളുടെ നിർമാണം തീർത്തത്. അമ്പതോളം സെറ്റ് കുടകളാണ് പാറമേക്കാവ് തയാറാക്കുന്നത്. തിരുവമ്പാടിയുടെ ചമയപ്പുരയിലും വർണക്കുടകൾ അണിഞ്ഞൊരുങ്ങുകയാണ്.
മുൻ വർഷം തിരുവമ്പാടി വിഭാഗം കുടകൾ നിർമിച്ചിരുന്നുവെങ്കിലും പൂരം ഒരാനപ്പുറത്ത് മാത്രം നടത്തിയതുകൊണ്ട് കുടകൾ ഉപയോഗിക്കേണ്ടിവന്നില്ല. ഉപയോഗിക്കാത്ത കുറച്ചു കുടകള്‍ ഇത്തവണ ഉപയോഗിക്കുമെന്ന് തിരുവമ്പാടിയുടെ കുടകൾ നിർമിക്കുന്ന പുരുഷോത്തമന്‍ അരണാട്ടുകര പറഞ്ഞു.
രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് പൂരക്കമ്പക്കാർ പൂർണതോതിലുള്ള കുടമാറ്റം കാണാൻ ഒരുങ്ങിയിരിക്കുന്നത്. പോയ വർഷം തിരുവമ്പാടി ഒരാനപ്പുറത്തും പാറമേക്കാവ് 15 ആനകളെ അണിനിരത്തിയുമാണ് കുടമാറ്റം പേരിനു മാത്രമായി നടത്തിയത്. അതിനു മുമ്പുള്ള വർഷം കോവിഡ് വ്യാപനംമൂലം പൂരവും കുടമാറ്റവും ഉണ്ടായില്ല.
ബുംബൈ, സൂറത്ത് എന്നിവിടങ്ങളില്‍നിന്നാണ് കുടകള്‍ക്കുള്ള തുണിത്തരങ്ങള്‍ കൊണ്ടുവരുന്നത്. ഇരു ദേവസ്വങ്ങളുടെയും ചമയം കമ്മിറ്റികള്‍ അവിടങ്ങളിൽ നേരിട്ടു പോയി മെറ്റീരിയല്‍ സെലക്ട് ചെയ്യും. വിവിധ വർണങ്ങളിൽ വെല്‍വെറ്റ് ഉൾപ്പെടെ രാജകീയ തുണിത്തരങ്ങളില്‍ സ്വീക്വന്‍സ് വര്‍ക്കുകളുടെ തിളക്കവും സ്ക്രീന്‍ പ്രിന്റിങ്ങിലുള്ള ചിത്രങ്ങളുമൊക്കെയായി കുടകള്‍ ഒരുങ്ങുന്നു. അലുക്കുകള്‍ കൂടി തുന്നിപ്പിടിപ്പിക്കുന്നതോടെ കുടകളുടെ പണി പൂര്‍ത്തിയാകും. ഇരു വിഭാഗവും 45 മുതല്‍ 50 വരെ സെറ്റ് കുടകള്‍ മാറ്റും.
കുടമാറ്റത്തിന്റെ ക്ലൈമാക്സിൽ ഇരുവിഭാഗവും ഉയർത്തുന്ന സ്പെഷൽ കുടകൾ ഇരു വിഭാഗങ്ങളുടെയും പണിപ്പുരയിൽ അതിരഹസ്യമായി ഒരുങ്ങുന്നുണ്ട്. സ്പെഷൽ കുടകളുടെ കൗതുകം ഇരുകൂട്ടരും കുടമാറ്റ സമയത്തു മാത്രമാണ് വെളിപ്പെടുത്തുക. ഒരു പൂരത്തിന് ഉപയോഗിച്ചത് അടുത്ത പൂരത്തിന് ഉപയോഗിക്കാനാവില്ല. ഓരോ പൂരത്തിനും പുതിയ ഡിസൈനുകൾ ഒരുക്കുകയെന്നതാണ് വലിയ ദൗത്യം.
തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിനുവേണ്ടി കുടകൾ ഒരുക്കുന്നവർ ബന്ധുക്കളാണ്. പുരുഷോത്തമന്റെ അമ്മാവന്റെ മകൻ ആണ് പാറമേക്കാവിൽ കുട ഒരുക്കുന്ന വസന്തൻ കുന്നത്തങ്ങാടി. രണ്ടുപേരും 40 വർഷത്തിലേറെയായി ഈ രംഗത്തെത്തിയിട്ട്. വസന്തന്റെ അച്ഛനും അച്ഛന്റെ അച്ഛനുമൊക്കെ പാരമ്പര്യമായി പൂരത്തിന്റെ കുടകള്‍ നിര്‍മിക്കുന്നവരായിരുന്നു.
കരിമരുന്നിലെ കന്നിക്കാരിക്ക് മന്ത്രിയുടെ അഭിനന്ദനം
തൃശൂർ: പൂരം വെടിക്കെട്ടൊരുക്കാൻ ആദ്യമായി നിയോഗമുണ്ടായ വനിതക്ക് മന്ത്രിയുടെ അഭിനന്ദനം. തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് ഒരുക്കുന്ന കുണ്ടന്നൂർ പന്തലങ്ങാട്ട് ഷീന സുരേഷിനെയാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അഭിനന്ദിച്ചത്. ഇത് ചരിത്രമാണെന്ന് മന്ത്രി പറഞ്ഞു.
വർഷങ്ങളായി കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ വനിതകൾ വെടിക്കെട്ടു ജോലികളിൽ സഹായികളായി എത്താറുണ്ട്. ആദ്യമായാണ് ഒരു വനിത വെടിക്കെട്ടിന് ലൈസൻസ് എടുക്കുന്നത്. പരമ്പരാഗത വെടിക്കെട്ടുകാരനായ ഭർത്താവ് സുരേഷിൽനിന്ന് കരിമരുന്ന് നിർമാണ ജോലികളുടെ ബാലപാഠങ്ങൾ ഷീന പഠിച്ചിരുന്നു. പൂരത്തിന് വെടിക്കെട്ടൊരുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഷീന പ്രതികരിച്ചു. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനം ഷീന സന്ദർശിച്ചു.
ഇത്തവണ പൂരം ലോകം ശ്രദ്ധിക്കുന്ന ദൃശ്യ വിസ്മയമാകും -ടൂറിസം മന്ത്രി
തൃശൂർ: രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ആഘോഷമായി നടക്കുന്ന തൃശൂർ പൂരം ലോകം ശ്രദ്ധിക്കുന്ന ദൃശ്യവിസ്മയമായി മാറുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതുവരെ കാണാത്ത ജനത്തിരക്കാണ് പൂരത്തിന് പ്രതീക്ഷിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കോവിഡ് കാലത്തിനു ശേഷം ലോകത്താകമാനം കാണുന്ന 'റിവഞ്ച് ടൂറിസം' എന്ന പ്രവണത തൃശൂര്‍ പൂരത്തില്‍ ദൃശ്യമാകും. കോവിഡാനന്തരം ജനങ്ങള്‍ വാശിയോടെ പുറത്തിറങ്ങുന്ന പ്രവണതയാണിത്. തൃശൂര്‍ പൂരത്തിനായി ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ 15 ലക്ഷം അനുവദിച്ചു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. തൃശൂര്‍ പൂരം കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
പൂരം ഒരുക്കങ്ങള്‍ വിലയിരുത്താൻ തൃശൂർ രാമനിലയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളുമായും റവന്യൂ, കോര്‍പറേഷന്‍, പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി പ്രതിനിധികളുമായും നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പൂരം പൂര്‍വാധികം ഭംഗിയോടെ നടത്താനുള്ള സംവിധാനങ്ങളാണ് ഒരുങ്ങുന്നതെന്നും സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ കൃത്യമായി വിലയിരുത്തി ഒരുക്കം പൂര്‍ത്തിയാക്കിയതായും മന്ത്രി കെ. രാജൻ പറഞ്ഞു. പൂരം വെടിക്കെട്ട് റൗണ്ടിലും പരിസരങ്ങളിലുംനിന്ന് വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് സാഹചര്യം ഒരുക്കണമെന്ന ആവശ്യം പെസോ, മറ്റ് ഏജന്‍സികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പി. ബാലചന്ദ്രന്‍ എം.എല്‍.എ, മേയർ എം.കെ. വർഗീസ്, കലക്ടര്‍ ഹരിത വി. കുമാര്‍, എ.ഡി.എം റെജി പി. ജോസഫ്, സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ആദിത്യ, ആര്‍.ഡി.ഒ പി.എ. വിഭൂഷണന്‍, ഡെപ്യൂട്ടി കലക്ടര്‍ ഐ.ജെ. മധുസൂദനന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗത്തിനു ശേഷം ഇരു മന്ത്രിമാരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഓഫിസുകള്‍ സന്ദര്‍ശിച്ചു. വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നില്‍ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ ടൂറിസം മന്ത്രിയെ ആദരിച്ചു. ഘടക പൂരങ്ങള്‍ക്കുള്ള സഹായ വിതരണം മന്ത്രിമാർ നിര്‍വഹിച്ചു.
തേക്കിൻകാട് മൈതാനിയിൽ മോക്ഡ്രിൽ
തൃശൂർ: പൂരത്തോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തി തേക്കിൻകാട് മൈതാനിയിൽ മോക്ഡ്രിൽ നടന്നു. മന്ത്രി കെ. രാജൻ, കലക്ടർ ഹരിത വി. കുമാർ, സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങളും സുരക്ഷ ക്രമീകരണങ്ങളും വിലയിരുത്തിയത്. പൂരവുമായി ബന്ധപ്പെട്ട് എട്ട് മുതൽ 11 വരെ നടക്കുന്ന ചടങ്ങുകളിലെ സുരക്ഷ ക്രമീകരണങ്ങളുടെ റിഹേഴ്സലാണ് നടന്നത്.
ആനകൾ കടന്നുപോകുന്ന വഴികൾ, വെടിക്കെട്ട്, കുടമാറ്റം, മഠത്തിൽവരവ്, ഇലഞ്ഞിത്തറ മേളം എന്നിങ്ങനെ ഓരോ പ്രധാന പോയന്റുകളിലും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും തയാറെടുപ്പുകളും മോക്ഡ്രില്ലിൽ വിലയിരുത്തി. എന്തെങ്കിലും പ്രശ്നങ്ങൾക്കുള്ള സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷ ക്രമീകരണങ്ങളുടെ റിഹേഴ്സലും അതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും വിലയിരുത്തി. തെക്കേഗോപുര നടയിൽ മരം വീണ അപകടമാണ് മോക്ഡ്രില്ലിന്റെ ഭാഗമായി ആദ്യം നടന്നത്. ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള നാല് പോയന്റുകൾ കേന്ദ്രീകരിച്ചായിരുന്നു മോക്ഡ്രിൽ. പൂരത്തിന് ജനത്തിരക്കുണ്ടാകുന്ന പ്രധാന പോയന്റുകൾ കൃത്യമായി പരിശോധിച്ചു കൊണ്ടുള്ള അവസാന പരീക്ഷണമാണ് മോക്ഡ്രില്ലെന്നും അത് വിജയമായെന്നും റവന്യൂ മന്ത്രി പറഞ്ഞു. പൂരത്തിന് 4,000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യ അറിയിച്ചു.
എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, മെഡിക്കൽ ടീം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകൾ മോക്ഡ്രില്ലിന്റെ ഭാഗമായി. ഇതിന് പുറമെ മൃഗസംരക്ഷണ വകുപ്പിന്റെ ഇടപെടൽ ഏതൊക്കെ രീതിയിൽ വേണമെന്നതും വിലയിരുത്തി. മെഡിക്കൽ ടീമിന് പുറമെ ആംബുലൻസ്, വയർലെസ് സംവിധാനങ്ങളും പൂരനഗരിയിൽ തയാറായിരുന്നു. ഡോക്ടർമാരുടെയും സ്ട്രച്ചർ ടീമുകളുടെയും സേവനവും ഉണ്ടായിരുന്നു. മേയർ എം.കെ. വർഗീസ്, ഫയർ ആൻഡ് സേഫ്റ്റി ഓഫിസർ അരുൺ ഭാസ്കർ, എ.സി.പി വി.കെ. രാജു, ഡെപ്യൂട്ടി കലക്ടർ (ഡിസാസ്റ്റർ) ഐ.ജെ. മധുസൂദനൻ, ആർ.ഡി.ഒ പി.എ. വിഭൂഷണൻ തുടങ്ങിയവർ മോക്ഡ്രില്ലിന്റെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.