1500 കിലോ പുഴുവരിച്ച മത്സ്യം എത്തിയ സംഭവം; കൂടുതൽ അന്വേഷണത്തിന് ഭക്ഷ്യസുരക്ഷ വകുപ്പ്
text_fieldsതൃശൂർ: ശക്തൻ നഗർ മാർക്കറ്റിലെ വ്യാപാരികൾക്കായി റെയിൽവേ സ്റ്റേഷനിൽ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിച്ച 1500 കിലോയോളം പുഴുവരിച്ച മത്സ്യം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഭക്ഷ്യസുരക്ഷ വകുപ്പ്. വ്യാപാരികളോട് നേരിൽ ഹാജരാവാൻ ആവശ്യപ്പെട്ട് തൃശൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ നോട്ടീസ് നൽകി. പരിശോധന ശക്തമാക്കാൻ തീരുമാനിച്ചതിനൊപ്പം റെയിൽവേക്കും വകുപ്പ് കത്ത് നൽകും.
വെള്ളിയാഴ്ച രാത്രിയിലെത്തിയ ഷാലിമാർ എക്സ്പ്രസിലാണ് ശക്തൻ നഗർ മാർക്കറ്റിലെ നാല് വ്യാപാരികളുടെ പേരിലായി പച്ച -ഉണക്ക മത്സ്യം ബോക്സുകളെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ പരാതിപ്പെട്ടതോടെയാണ് വിവരം പുറത്തെത്തിയത്.
സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും പരിശോധനക്ക് റെയിൽവേ തടസ്സം നിന്നതോടെ സംഭവം കൂടുതൽ വഷളായി. പരിശോധനക്ക് റെയിൽവേക്ക് സ്വന്തം വകുപ്പുണ്ടെന്നും സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പിന് റെയിൽവേയുടെ അധികാര പരിധിയിൽ ഇടപെടാനാവില്ലെന്നും റെയിൽവേ അറിയിച്ചു.
ഇതോടെ പുറത്തേക്കെത്തിയാൽ പരിശോധിക്കുമെന്ന കടുത്ത നിലപാട് ഭക്ഷ്യസുരക്ഷ വകുപ്പും സ്വീകരിച്ചു. തൃശൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ രേഖ മോഹന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പുലരുവോളവും പുറത്ത് കാത്തുനിന്നു.
ആരോഗ്യവിഭാഗം രാവിലെ എത്തി പരിശോധന പൂർത്തിയാക്കിയതോടെ പെട്ടികൾ പുറത്തേക്കെത്തി. ഇതോടെ ഭക്ഷ്യ സുരക്ഷ വകുപ്പും പിടികൂടി. പുഴു അരിച്ച നിലയിലായിരുന്നു പല ബോക്സുകളിലും മത്സ്യം ഉണ്ടായിരുന്നത്. പൊലീസിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും കണ്ണുവെട്ടിച്ച് ചിലർ പെട്ടികൾ കടത്താൻ ശ്രമിച്ചെങ്കിലും പിടികൂടി തിരിച്ചെത്തിച്ചു.
പിടികൂടിയ മത്സ്യത്തിന്റെ പരിശോധന ഫലം തിങ്കളാഴ്ച കിട്ടിയേക്കും. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തിന് പുറത്തുനിന്നെത്തിച്ച സൂനാമി ഇറച്ചിയും റെയിൽവേ സ്റ്റേഷനിൽ പിടികൂടിയിരുന്നു. മത്സ്യമെത്തിയതും പരിശോധിക്കാൻ അനുവദിക്കാതിരുന്നതും വ്യക്തമാക്കി പരിശോധനകൾ കർശനമാക്കണമെന്നും നിർദേശിച്ച് റെയിൽവേക്കും വകുപ്പ് കത്ത് നൽകും. ട്രോളിങ് നിരോധനത്തിന്റെ മറവിൽ വൻതോതിലാണ് അന്തർസംസ്ഥാനങ്ങളിൽനിന്ന് മത്സ്യവും മാംസവും സംസ്ഥാനത്തേക്ക് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.