ട്രെയിനിൽ എത്തിച്ച 1500 കിലോ പുഴുവരിച്ച മത്സ്യം പിടികൂടി
text_fieldsതൃശൂർ: റെയിൽവേ സ്റ്റേഷനിൽ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ച 1500 കിലോയോളം പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടി. പുഴുവരിച്ച നിലയിലായിരുന്നു പല ബോക്സുകളിലും മത്സ്യം ഉണ്ടായിരുന്നത്. തൃശൂരിലെ നാല് വ്യാപാരികൾക്കായി എത്തിച്ച മത്സ്യമാണ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് ഷാലിമാർ എക്സ്പ്രസിലാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ 36 പെട്ടികളിലായി മത്സ്യം എത്തിയത്.
ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്റലിജൻസ് വിഭാഗം ഭക്ഷ്യസുരക്ഷ വകുപ്പിനെ വിവരം അറിയിച്ചതനുസരിച്ച് എത്തിയെങ്കിലും പാഴ്സലുകൾ പരിശോധിക്കുന്നത് റെയിൽവേ അധികൃതർ തടഞ്ഞു. പരിശോധനക്ക് റെയിൽവേക്ക് സ്വന്തം സംവിധാനമുണ്ടെന്നായിരുന്നു വാദം. ഉദ്യോഗസ്ഥർ തമ്മിൽ ഏറെനേരം തർക്കത്തിലാവുകയും ചെയ്തുവെങ്കിലും റെയിൽവേ അധികൃതർ സമ്മതിച്ചില്ല.
പരിശോധിക്കാതെ പോകില്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പും നിലപാടെടുത്തു. തൃശൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ രേഖ മോഹന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലബോറട്ടറിയുമായി റെയിൽവേ സ്റ്റേഷന് പുറത്ത് കാത്തിരുന്നു. ഇതിനിടെ വാർത്ത പ്രചരിച്ചതോടെ റെയിൽവേ ആരോഗ്യവിഭാഗം പരിശോധന നടത്തി പാഴ്സലുകൾ പുറത്തെത്തിച്ചു.
പൊലീസിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും കണ്ണുവെട്ടിച്ച് ചിലർ പെട്ടികൾ കടത്താൻ ശ്രമിച്ചത് പിടികൂടി തിരിച്ചെത്തിച്ചു. പുലരുവോളം കാത്തുനിന്ന ഉദ്യോഗസ്ഥർ പുറത്തേക്കെത്തിച്ച മത്സ്യം പിടികൂടി പരിശോധന ആരംഭിച്ചതോടെയാണ് പുഴുവിവരം പുറത്തുവന്നത്. 16 ബോക്സുകളിലായി 1286 കിലോ മത്സ്യം പുഴുവരിച്ച നിലയിലായിരുന്നു.
മറ്റു ഭൂരിഭാഗം ബോക്സുകളിലെ മത്സ്യവും ഭക്ഷ്യയോഗ്യമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ മത്സ്യത്തിന്റെ സാമ്പ്ൾ ശാസ്ത്രീയ പരിശോധനക്കായി ശേഖരിച്ചു. പുഴുവരിച്ച മത്സ്യം ആരോഗ്യ വകുപ്പിന് നശിപ്പിക്കാനായി കൈമാറി. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.