Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ, പാലക്കാട്...

തൃശൂർ, പാലക്കാട് ജില്ലകളിൽ നടത്തിയ സർവേയിൽ 156 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തി

text_fields
bookmark_border
തൃശൂർ, പാലക്കാട് ജില്ലകളിൽ നടത്തിയ സർവേയിൽ 156 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തി
cancel

തൃശൂർ: കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 326 തരം ചിത്രശലഭങ്ങളിൽ 156 ഇനം ചിത്രശലഭങ്ങളെ തൃശൂർ, പാലക്കാട് ജില്ലകളിൽ നടത്തിയ ചിത്രശലഭ സർവ്വേയിൽ കണ്ടെത്തി. പീച്ചി വന്യജീവി വിഭാഗവും ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് പീച്ചി, ചിമ്മിണി, ചൂലന്നൂർ എന്നീ മൂന്ന് വന്യജീവി സങ്കേതങ്ങളിൽ നാല് ദിവസമായി നടത്തിയ ചിത്രശലഭ സർവ്വേയിലാണ് ഇവ കണ്ടെത്തിയത്. തൃശൂരിൽ പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിൽ 132 ഇനം, ചിമ്മിണിയിൽ 116, പാലക്കാട് ചൂലന്നൂർ മയിൽ സങ്കേതത്തിൽ 41 ഇനം ചിത്രശലഭങ്ങളെയും കണ്ടെത്തി.

242 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള സംരക്ഷിത വനത്തിനുള്ളിൽ 14 ബേസ് ക്യാമ്പുകളിൽ വനപാലകർക്കൊപ്പം താമസിച്ചാണ് 35 ഓളം വരുന്ന ടീം അംഗങ്ങൾ സർവ്വേ പൂർത്തീകരിച്ചത്. 50 വനപാലകരും സർവ്വേയിൽ പങ്കെടുത്തു. വൈവിധ്യമായ ആവാസകേന്ദ്രം, ഉയരം എന്നിവ കേന്ദ്രീകരിച്ചാണ് 14 ക്യാമ്പുകൾ തിരഞ്ഞെടുത്തത്. ചൂലന്നൂർ മയിൽ സങ്കേതത്തിൽ ഇതാദ്യമായാണ് ചിത്രശലഭ സർവ്വേ നടക്കുന്നത്. പീച്ചി വന്യജീവി ഡിവിഷനിലെ മൂന്ന് വന്യജീവി സങ്കേതങ്ങളിലുമായി ആകെ 200 ചിത്രശലഭങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 23 എണ്ണം വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ടതും 63 എണ്ണം വന്യജീവി സംരക്ഷണ നിയമപ്രകാരം കൂടുതൽ സംരക്ഷണ പ്രാധാന്യമർഹിക്കുന്നതുമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം, ഏറ്റവും ചെറിയ ചിത്രശലഭമായ രത്നനീലി, സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരി, പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന ചിത്രശലഭ ഇനങ്ങളായ നീലഗിരി പാപ്പാത്തി, കരിയില ശലഭം, മലബാർ മിന്നൽ, സുവർണ്ണ ആര, പുള്ളി ശരവേഗൻ, ഗോമേദക ശലഭം തുടങ്ങിയ ഇനങ്ങളും സർവ്വേയിൽ കണ്ടെത്തി. ചൂട് വർദ്ധിക്കുന്നതിനനുസരിച്ച് കാട്ടരുവികളിലൂടെ മലമുകളിലേക്ക് പലായനം ചെയ്യുന്ന ആൽബട്രോസ് ചിത്രശലഭങ്ങളെ ചിമ്മിനി വന്യജീവി സങ്കേതത്തിൽ കണ്ടെത്താനായി. ചിത്രശലഭങ്ങളെ കൂടാതെ സർവ്വേയിൽ 3 വന്യജീവി സങ്കേതങ്ങളിലെയും പക്ഷികൾ, തുമ്പികൾ, ഉരഗങ്ങൾ, എട്ടുകാലികൾ, ചീവീടുകൾ തുടങ്ങിയവയെ നിരീക്ഷിക്കുകയും 140 തരം പക്ഷികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

ചെങ്കാലൻ പുള്ള്, ഊങ്ങൻ, വെള്ളക്കണ്ണി പരുന്ത്, പുഴ ആള, ചെറിയ മീൻ പരുന്ത്, താലിപ്പരുന്ത്, മീൻ കൂമൻ, ചാര ചിലപ്പൻ, മലമുഴക്കി വേഴാമ്പൽ തുടങ്ങിയ പക്ഷി ഇനങ്ങൾ പീച്ചിയിലും ചിമ്മിണിയിലും കണ്ടെത്തി. പുതിയ 11 ഇനം തുമ്പികളുടെ സാന്നിധ്യം കണ്ടെത്തിയതോടെ പീച്ചി വന്യജീവി വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള തുമ്പികളുടെ ആകെ എണ്ണം 83 ആയി. അമ്പതു തരം നിശാശലഭങ്ങൾ, 15 തരം ഉറുമ്പുകൾ, നാലുതരം ചീവീടുകൾ, രാജവെമ്പാല ഉൾപ്പെടെ പത്ത് തരം ഉരഗങ്ങളും സർവ്വേയിൽ രേഖപ്പെടുത്തി. വന്യജീവി സങ്കേതങ്ങളുടെ മാനേജ്മെന്റ് പ്ലാൻ പുതുക്കുന്നതിന്‍റെ ഭാഗമായി ചിത്രശലഭങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് നടത്തിയ കണക്കെടുപ്പ് സർവ്വേ ആയിരുന്നെങ്കിലും ജൈവവൈവിധ്യം അടയാളപ്പെടുത്തിയ സെൻസസ് ആയി സർവ്വേ മാറി.

ഡിസംബർ അവസാനത്തോടെ സംരക്ഷിത മേഖലകളെ ബ്ലോക്കുകളാക്കി തിരിച്ച് ക്യാമറ ട്രാപ്പ് സംവിധാനം ഉപയോഗപ്പെടുത്തി വിപുലമായ കടുവ സർവ്വേ നടത്താനും തീരുമാനമുണ്ടെന്ന് പീച്ചി ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ പി എം പ്രഭു പറഞ്ഞു. ട്രാവൻകൂർ നേച്ചർ സൊസൈറ്റിക്ക് വേണ്ടി ഡോ. കലേഷ് സദാശിവൻ, ഡോ. അനൂപ്, വിനയൻ എന്നിവർ സർവ്വേ അവലോകനം നടത്തി. അവലോകന യോഗത്തിൽ പീച്ചി വന്യജീവി സങ്കേതം റേഞ്ച് ഓഫീസർ അനീഷ്, ചിമ്മിണി റേഞ്ച് ഓഫീസർ അജയകുമാർ, പീച്ചി ഡിവിഷൻ വൈൽഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് മേച്ചേരി, എൻ.ജി.ഒ അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:butterfly sensus
News Summary - 156 varieties of butterflies found
Next Story