സ്കൂൾ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ
text_fieldsവേലൂർ: സ്കൂൾ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തലക്കോട്ടുക്കര ഒ.ഐ.ഇ.ടി സ്കൂൾ വാനിന്റെ ഡ്രൈവർ പുലിയന്നൂരിൽ താമസിക്കുന്ന ചൂണ്ടൽ വെള്ളത്തേരി വീട്ടിൽ അരവിന്ദനെയാണ് (66) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അശ്രദ്ധയോടെ വാഹനമോടിച്ച ഡ്രൈവർക്കെതിരെ നിസ്സാര വകുപ്പുമാത്രം ചുമത്തിയതും സ്കൂൾ ജീവനക്കാരനെതിരെ കേസെടുക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തലക്കോട്ടുക്കര ഒ.ഐ.ഇ.ടി പബ്ലിക് സ്കൂളിലെ വിദ്യാർഥിനി വേലൂർ പടിഞ്ഞാറ്റുമുറി പണിക്കവീട്ടിൽ രാജൻ -വിദ്യ ദമ്പതികളുടെ മകൾ ദിയ രാജാണ് (ഏഴ്) സ്കൂൾ വിട്ട് വന്നിറങ്ങിയ അതേ വാഹനമിടിച്ച് മരിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
സ്കൂൾ വാനിൽ വീട്ടിലേക്ക് വന്ന ദിയയെ വാഹനത്തിൽനിന്ന് തനിച്ച് ഇറക്കിവിടുകയും കുട്ടി വീട്ടിലേക്ക് പോകാൻ വാഹനത്തിന് മുന്നിലൂടെ റോഡ് കുറുകെ കടക്കുമ്പോൾ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയുമായിരുന്നു. ദിയയുടെ തലയിലൂടെ വാഹനത്തിന്റെ ചക്രം കയറിയാണ് മരണം സംഭവിച്ചത്.
കുറ്റകരമായ അശ്രദ്ധയും അനാസ്ഥയുമാണ് സ്കൂൾ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപണമുയർന്നിട്ടുണ്ട്. അപകടം നടക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ചുമതലയുള്ള ജീവനക്കാരനും ഏതാനും ചില അധ്യാപികമാരും ബസിലുണ്ടായിരുന്നു.
സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും കൈപിടിച്ച് റോഡ് കുറുകെ കടത്തുന്നതിനും ജീവനക്കാരെ നിയമിക്കണമെന്നാണ് നിയമം. എന്നാൽ, അപകടമുണ്ടാക്കിയ സ്കൂൾ വാഹനത്തിലെ ജീവനക്കാരൻ കുട്ടിയെ ഇറക്കിവിട്ടശേഷം കുട്ടിയെ ശ്രദ്ധിക്കാതെ വാഹനമെടുക്കാൻ നിർദേശിക്കുകയായിരുന്നുവെന്ന് പറയുന്നു. വാഹനത്തിലെ ആയ അവധിയിലായതിനാൽ സ്കൂളിലെ പുതിയ സെക്യൂരിറ്റി ജീവനക്കാരനെയാണ് പകരക്കാരനായി വാഹനത്തിൽ നിയോഗിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.