ദുരിതക്കയത്തിൽനിന്ന് മോചനമില്ലാതെ മതിലകം ചെമ്പൈ പാടത്തെ മുപ്പതോളം കുടുംബങ്ങൾ
text_fieldsമതിലകം: മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള സദസ്സിൽവരെ പരാതി നൽകിയിട്ടും ദുരിതക്കയത്തിൽനിന്ന് മോചനമില്ലാതെ മതിലകം ചെമ്പൈ പാടത്തെ മുപ്പതോളം കുടുംബങ്ങൾ. പ്രദേശത്ത് കെട്ടിക്കിടക്കുന്ന മലിനജലത്തിൽനിന്ന് എലിപ്പനി ബാധിച്ച് ഗൃഹനാഥൻ ആശുപത്രിയിലായതോടെ കടുത്ത രോഗഭീതിയിലാണിപ്പോൾ പ്രദേശവാസികൾ. കൊതുക് ശല്യവും രൂക്ഷമാണ്.
കൊതുക് പരത്തുന്ന രോഗങ്ങളിൽ രക്ഷനേടാൻ മലിനജലം കെട്ടി നിൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിരന്തരം ബോധവത്കരിക്കുന്നതിനിടയിലാണ് ചെമ്പൈ പാടത്തെ ഈ ദുരവസ്ഥ.
രൂക്ഷമായ വെള്ളക്കെട്ടിലകപ്പെട്ട് ജീവിതം അത്യന്തം ദുസ്സഹമായിട്ടും പഞ്ചായത്ത് അധികാരികളും സ്ഥലം എം.എൽ.എയും പൊതു പ്രവർത്തകരുമെല്ലാം ഇവിടത്തെ മനുഷ്യരെ അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. മതിലകം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ വരുന്ന ഈ പ്രദേശം രണ്ട് പതിറ്റാണ്ടിലേറെയായി രൂക്ഷമായ വെള്ളക്കെട്ടിന്റെ പിടിയിലാണ്. നിരന്തരം പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
ഒരിക്കൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ എം.എൽ.എ ഉൾപ്പെടെ ഓടിയെത്തി പരിഹാരം ഉറപ്പ് നൽകിയതാണ്. പിന്നെ ഒന്നും ഉണ്ടായില്ലെന്ന് ദുരിതം അനുഭവക്കുന്ന യുവവോട്ടർമാർ ഉൾപ്പെടെ പറയുന്നു. പെയ്ത്ത് വെള്ളത്തോടൊപ്പം ദേശീയപാതക്കരികിലെ കാനയിലൂടെ ഒഴുകുന്ന മലിനജലവും ചെമ്പൈ പാടത്ത് വന്ന് കെട്ടി നിൽക്കുകയാണ്.
ഈ മലിനജലം നീന്തിയാണ് പലപ്പോഴും കുട്ടികൾ സ്കൂളിൽ പോകുന്നതും വരുന്നതും. മഴ പെയ്താൽ പല വീട്ടുകാരും ബന്ധുക്കളുടെ വീടുകളിലേക്ക് മാറുകയാണിപ്പോൾ. ഒരുവിധ കൃഷിയും ചെയ്യാനാകുന്നില്ലെന്നും ഇനിയെങ്കിലും അധികാരികൾ കനിവ് കാട്ടണമെന്നും പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നുമാണ് ഇവിടത്തെ ദുരിതബാധിതരായ മനുഷ്യർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.