ജില്ലയിലെ മഴക്കെടുതി; കാര്‍ഷിക മേഖലയില്‍ 34.76 കോടിയുടെ നഷ്ടം
text_fieldsതൃശൂർ: കനത്ത മഴയെ തുടർന്ന് ജില്ലയിലുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ നടത്തുന്ന സമഗ്ര കണക്കെടുപ്പ് വൈകാതെ പൂര്‍ത്തിയാകുമെന്ന് മന്ത്രി കെ. രാജന്. ആഗസ്റ്റ് 31നകം കണക്കെടുപ്പ് പൂര്‍ത്തിയാക്കി സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കലക്ടര്‍ക്ക് നിർദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ചേര്‍ന്ന മഴക്കെടുതി അവലോകന യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ നാശനഷ്ടം സംഭവിച്ച വീടുകളുടെയും വെള്ളം കയറിയ വീടുകളുടെയും സ്ഥാപനങ്ങളുടെയും കണക്ക് റവന്യൂ വകുപ്പ് എടുത്തിട്ടുണ്ട്. ഇതുവരെയുള്ള കണക്കുപ്രകാരം 11,955 വീടുകളിലാണ് വെള്ളം കയറിയത്. 54 വീടുകള്‍ പൂര്‍ണമായും 1503 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രാഥമിക കണക്കുപ്രകാരം 11.83 കോടി രൂപയുടെ നഷ്ടമുണ്ടായി. കാര്‍ഷിക രംഗത്ത് 9,882 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശമുണ്ടായി. 34.76 കോടി രൂപയുടെ നഷ്ടം നേരിട്ടു.
ഫിഷറീസ് മേഖലയില്‍ 36.39 ഹെക്ടര്‍ ഭൂമിയില്‍ നഷ്ടമുണ്ടായി. 6.73 കോടി രൂപയുടെ നഷ്ടം നേരിട്ടു. വൈദ്യുതി മേഖലയിൽ 35,946 കണക്ഷനുകളില്‍ തകരാറുണ്ടായി. 1.10 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ജല അതോറിറ്റി വിഭാഗത്തിൽ 47 പഞ്ചായത്തുകളിലും രണ്ട് താലൂക്കുകളിലും തൃശൂര്‍ കോര്‍പറേഷനിലും തകരാര്‍ ഉണ്ടായി. 38 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടു. മൃഗസംരക്ഷണ മേഖലയിൽ 28 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. 144 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡ് തകർന്നെന്നും മന്ത്രി പറഞ്ഞു.
തൃശൂരിന് പ്രത്യേക പരിഗണന നല്കി പരമാവധി സഹായം ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. നാശനഷ്ടതോത് വിലയിരുത്തുന്ന നടപടി തദ്ദേശസ്വയംഭരണ വകുപ്പിലെ എന്‍ജിനീയറിങ് വിഭാഗം നടത്തുകയാണ്. പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാൻ ബുധനാഴ്ച ജില്ലയിലെ മന്ത്രിമാര്‍, കലക്ടര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം ചേരും. ജനങ്ങള്‍ ആശങ്കപ്പെടരുതെന്നും മുഴുവന്‍ പേര്‍ക്കും സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രി ആര്. ബിന്ദു, കലക്ടര്‍ അര്ജുന് പാണ്ഡ്യന്, എ.ഡി.എം ടി. മുരളി, സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.