ദേശാടന പക്ഷികൾക്ക് കോൾപ്പാടങ്ങൾ മടുത്തോ?
text_fieldsതൃശൂർ: രാജ്യത്താകെ ജനുവരി മാസത്തിൽ നടത്തുന്ന ഏഷ്യൻ വാട്ടർബേഡ് സെൻസസിന്റെ ഭാഗമായി തൃശൂർ-പൊന്നാനി കോൾനിലങ്ങളിൽ കോൾ ബേഡേഴ്സ് കലക്ടീവിന്റെ നേതൃത്വത്തിൽ 34ാമത് നീർപക്ഷി സർവേ നടത്തി.
തൊമ്മാന, തൊട്ടിപ്പാൾ, മനക്കൊടി, പാലക്കൽ, ഏനമാവ്, പുള്ള്-മനക്കൊടി, അടാട്ട്, കാഞ്ഞാണി, മാറഞ്ചേരി, ഉപ്പുങ്ങൽ തുടങ്ങി 11 കോൾമേഖലകളിൽ നടത്തിയ സർവേയിൽ 95 ഇനങ്ങളിലായി 14,249 നീർപക്ഷികളെ രേഖപ്പെടുത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് ആകെ പക്ഷികളുടെ എണ്ണത്തിൽ നേരിയ വർധനവ് ഉണ്ടെങ്കിലും എരണ്ട, കൊക്ക്, കരിയാള, നീലക്കോഴി എന്നിവയുടെ എണ്ണത്തിൽ ഈ വർഷവും ആശങ്കാജനകമാം വിധം കുറവുണ്ട്.
10 വർഷം മുമ്പ് നടന്ന സർവേകളിൽ 65,000ലധികം പക്ഷികൾ രേഖപ്പെടുത്തിയ സ്ഥാനത്ത് കോൾപാടത്തെ കൃഷി കൃമീകരണങ്ങളിൽ വന്ന മാറ്റം മൂലം ദേശാടനപക്ഷികളുടെ വരവ് ബാധിക്കപ്പെട്ടതായും കൂടുതൽ പഠനം ആവശ്യമാണെന്നും പക്ഷി നിരീക്ഷകർ അഭിപ്രായപ്പെട്ടു.
ലോകത്തെ വേഗംകൂടിയ പരുന്തിനത്തിൽപ്പെട്ട കായൽപുള്ള്, കരിവാലൻ പുൽകുരുവി, വലിയ വരമ്പൻ, വലിയ പുള്ളിപ്പരുന്ത്, ചെറിയ പുള്ളിപ്പരുന്ത്, കരിന്തലയൻ മീൻകൊത്തി, വയൽക്കണ്ണൻ, കടൽക്കാട, വാൾക്കൊക്കൻ, ചുകന്ന നെല്ലിക്കോഴി, മഴക്കൊച്ച, ചാരത്തലയൻ തിത്തിരി എന്നിവയുടെ സാന്നിധ്യം കണ്ടെത്തി.
കോൾപ്പാടത്തെ പക്ഷിക്കൂട്ടായ്മയായ കോൾ ബേഡേഴ്സ് കലക്ടീവിന്റെ ആഭിമുഖ്യത്തിൽ കാർഷിക സർവകലാശാലയുടെയും കേരള വനം-വന്യജീവി വകുപ്പിന്റെയും പിന്തുണയോടെ വിവിധ പരിസ്ഥിതി കൂട്ടായ്മകളുടെയും പക്ഷിനിരീക്ഷകരുടെയും സഹകരണത്തോടെയാണ് സർവേ സംഘടിപ്പിച്ചത്.
സർവേക്കുശേഷം ചേർന്ന ഓൺലൈൻ യോഗത്തിൽ കാർഷിക സർവകലാശാല കാലാവസ്ഥ വ്യതിയാന പരിസ്ഥിതിശാസ്ത്ര കോളജ് ഡീൻ ഡോ. പി.ഒ. നമീർ സംസാരിച്ചു. സർവേക്ക് മുന്നോടിയായി നടന്ന പഠന ക്ലാസിൽ ഡോ. മാലിക്ക് ഫാസിൽ, അർജുൻ സുരേഷ്, അഭിൻ എം. സുനിൽ, മനോജ് കരിങ്ങാമഠത്തിൽ എന്നിവർ ക്ലാസെടുത്തു.
സി.പി. സേതുമാധവൻ, ജയ്ദേവ് മേനോൻ, മിനി ആന്റോ, ശ്രീകുമാർ കെ. ഗോവിന്ദൻകുട്ടി, ലതീഷ് ആർ. നാഥ്, അരുൺ ജോർജ്, വിവേക് ചന്ദ്രൻ, മനോജ് കുന്നമ്പത്ത്, അജീഷ് ലാൽ, അഭിൻ എം. സുനിൽ, സുബിൻ മനക്കൊടി, മനോജ് കരിങ്ങാമഠത്തിൽ, എസ്. പ്രശാന്ത്, കെ.ബി. നിഥീഷ്, ജോസഫ് ചിറ്റിലപ്പിള്ളി, എ. അദിൽ നഫർ, മാലിക്ക് ഫാസിൽ, നസ്റുദ്ദീൻ, അരുൺ ഭാസ്കർ, സച്ചിൻ കൃഷ്ണ, സ്നേഹ ബിനിൽ, റഹ്മാൻ, ബി.ആർ. വിഷ്ണു, അർജുൻ സുരേക്ഷ്, അനിരുദ്ധൻ മുതുവറ തുടങ്ങി 140ാഓളം പക്ഷിനിരീക്ഷകർ സർവേയിൽ പങ്കെടുത്തു.
വനശാസ്ത്ര കോളജ്, കാലാവസ്ഥ വ്യതിയാന പഠന കോളജ്, വയനാട് പൂക്കോട് വെറ്ററിനറി കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.