കോവിഡ് വ്യാപനം; മെഡി. കോളജിൽ പരിശോധന നടത്താൻ പോലും ജീവനക്കാരില്ല
text_fieldsതൃശൂർ: കോവിഡ് വ്യാപന തീവ്രതയിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിന്റെ പ്രവർത്തനം അവതാളത്തിലായി. വിവിധ വകുപ്പുകളിലെ ജീവനക്കാരിൽ അധിക പേർക്കും കോവിഡ് ബാധിച്ചതോടെ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽനിന്ന് എത്തുന്ന കോവിഡ്, കോവിഡിതര രോഗികൾ അടക്കം ശരിയായ രീതിയിൽ ചികിത്സ കിട്ടാതെ വലയുകയാണ്.
അടിയന്തര ചികിത്സക്ക് എത്തുന്ന രോഗികളെ കോവിഡ് പരിശോധന നടത്താൻ പോലും ആളില്ലാതെ നട്ടംതിരിയുകയാണ്. നിലവിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ വാർഡുകളിലേക്ക് പ്രവേശിപ്പിക്കുന്നതിന് ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റിവായാൽ മാത്രമേ മാറ്റാറുള്ളൂ. എന്നാലിതിന് ലാബ് ടെക്നീഷ്യൻമാർ ഇല്ലാത്താണ് നിലവിൽ നേരിടുന്ന പ്രശ്നം.
ജില്ല ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ടെങ്കിലും കോവിഡ് വ്യാപനത്തിൽ ജീവനക്കാരുടെ കുറവാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മുഴുവൻ വിഭാഗത്തിലും കോവിഡ് വ്യാപിച്ചിട്ടുണ്ട്. ചികിത്സ തേടിയെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വരെ രോഗം സ്ഥിരീകരിക്കുന്നു.
മൈക്രോബയോളജി വിഭാഗത്തിലും ഡേറ്റ എൻട്രി വിഭാഗത്തിലും അടിയന്തരമായി ആളുകളെ നിയമിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ കാര്യം കൈവിടാനുള്ള സാധ്യതയാണുള്ളത്. വകുപ്പ് മേധാവികൾ പ്രിൻസിപ്പൽ അടക്കമുള്ളവർക്ക് റിപ്പോർട്ട് നൽകിയെങ്കിലും ശാസ്ത്രീയമായ നടപടിക്രമങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. നേരത്തേ കോവിഡ് ബ്രിഗേഡിയമാരെ നിയമിച്ചിരുന്നെങ്കിലും രോഗികളുടെ എണ്ണം കുറഞ്ഞതോടെ അവരെ പിരിച്ചുവിട്ടു. ശാസ്ത്രീയവും പെരുമാറ്റച്ചട്ടം പാലിച്ചു കൊണ്ടുമുള്ള നടപടികൾ പാലിച്ചില്ലെങ്കിൽ നേരത്തേ ഒന്നും രണ്ടും തരംഗങ്ങളിൽ ജില്ലയിൽ അതിസങ്കീർണ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ മെഡിക്കൽ കോളജ് അടച്ചിടേണ്ട ഗതികേടാവും ഉണ്ടാവുക.
3672 പേർക്കു കൂടി കോവിഡ്
തൃശൂർ: ജില്ലയിൽ വ്യാഴാഴ്ച 3,627 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 614 പേരും വീട്ടു നിരീക്ഷണത്തിലുള്ള 15,417 പേരും ചേർന്ന് 19,658 പേരാണ് ജില്ലയിലെ ആകെ രോഗബാധിതർ. 1072 പേരാണ് രോഗമുക്തരായത്.
3,572 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നും വന്ന 11 പേർക്കും ആരോഗ്യ പ്രവർത്തകരായ 35 പേർക്കും ഉറവിടമറിയാത്ത ഒമ്പത് പേർക്കും രോഗം ബാധിച്ചു. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത ഏഴ് ക്ലസ്റ്ററുകളുൾപ്പെടെ നിലവിൽ 45 ക്ലസ്റ്ററുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.