വനിത കരുത്തിലേക്ക് കേരള പൊലീസ്; 446 പേർ പരിശീലനം പൂർത്തിയാക്കി
text_fieldsതൃശൂർ: സംസ്ഥാന പൊലീസ് സേനയിലേക്ക് 446 വനിത പൊലീസുകാർ കൂടി. പരിശീലനം പൂർത്തിയാക്കിയ വനിത പൊലീസ് ബറ്റാലിയന്‍റെ മൂന്നാം ബാച്ച് പാസിങ് ഔട്ട് പരേഡ് ഞായറാഴ്ച രാവിലെ എട്ടിന് രാമവർമപുരം പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും. മുമ്പ് ഓൺലൈനായി പങ്കെടുത്ത പരിപാടിയിൽ പരേഡിന് കേന്ദ്ര ശൈലി സ്വീകരിച്ചതിനെ രൂക്ഷമായി വിമർശിച്ച ശേഷം ആദ്യമായാണ് മുഖ്യമന്ത്രി നേരിട്ട് പരേഡിൽ പങ്കെടുക്കാൻ എത്തുന്നത്.
ഏകീകൃത രീതി നടപ്പാക്കിയതിനുശേഷമുള്ള പരേഡ് കൂടിയാണ്. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ട്രോഫി സമ്മാനിക്കും.
പരിശീലനാർഥികൾ ജില്ല തിരിച്ച്
തിരുവനന്തപുരം -110, കൊല്ലം -75, പത്തനംതിട്ട -ഏഴ്, കോട്ടയം -14, ഇടുക്കി -10, ആലപ്പുഴ -32, എറണാകുളം -20, തൃശൂർ -23, കണ്ണൂർ -34, പാലക്കാട് -51, മലപ്പുറം -22, കോഴിക്കോട് -37, കാസർകോട് -മൂന്ന്, വയനാട് -ഏഴ് എന്നിങ്ങനെയാണ് പി.എസ്.സി വഴി പരിശിലനത്തിനെത്തിയവരുടെ എണ്ണം. ഭൂരിഭാഗം പേരും 30 വയസ്സിന് താഴെ പ്രായമുള്ളവരാണ്.
25 വയസ്സിന് താഴെയുള്ള 41 പേരുണ്ട്. എം.സി.എ -രണ്ട്, എം.ബി.എ -ആറ്, എം.ടെക് -ഏഴ്, ബി.ടെക് -58, ബി.എഡ് -50, ബിരുദാനന്തര ബിരുദം -119, ബിരുദം -186 എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത. വിവിധ സർക്കാർ സർവിസിൽനിന്ന് രാജിവെച്ചുവന്ന 18 പേരുമുണ്ട്. 112 പേരുള്ള വനിത ബറ്റാലിയൻ ബാച്ച് കൂടി അക്കാദമിയിൽ പരിശീലനത്തിലുണ്ട്. അവരുടെ പരിശീലനം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.