കഴിഞ്ഞ വർഷം 4801 റോഡപകടം; 358 മരണം
text_fieldsതൃശൂർ: ജില്ലയിൽ കഴിഞ്ഞവർഷമുണ്ടായത് 4801 റോഡപകടങ്ങളും അതിൽ 358 മരണവും. 2023ൽ 5002 അപകടങ്ങളിലായി 441 പേരാണ് മരിച്ചത്. ജില്ല റോഡ് സുരക്ഷ സമിതി യോഗത്തിലാണ് ബന്ധപ്പെട്ടവർ ഈ കണക്കുകൾ അറിയിച്ചത്.
മങ്ങിയ സീബ്രാ ക്രോസിങ്ങുകൾ നവീകരിക്കുന്ന പ്രവൃത്തി പലയിടങ്ങളിലും പൂർത്തിയാക്കിയതായി പൊതുമരാമത്ത് റോഡ്സ് വിഭാഗം പ്രതിനിധികൾ അറിയിച്ചു. മറ്റ് റോഡുകളിൽ സീബ്രാ ക്രോസിങ്ങ് നവീകരണം അടിയന്തരമായി നടപ്പാക്കാൻ കെ.എസ്.ടി.പി, കെ.ആർ.എഫ്.ബി, കോർപറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വിയ്യൂർ പവർ ഹൗസ് ജങ്ഷനിലെ അപകടസാധ്യത ഇല്ലാതാക്കാൻ ഗതാഗത സുരക്ഷ ക്രമീകരണം ഏർപ്പെടുത്താനായി 10 ലക്ഷം രൂപയുടെ പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി യോഗം അംഗീകരിച്ചു. ഈ റോഡിൽ കഴിഞ്ഞമാസം അപകട മരണം സംഭവിച്ചതിനാൽ ആവശ്യമുള്ള സുരക്ഷ നടപടി അടിയന്തരമായി നടത്താൻ എസ്റ്റിമേറ്റ് ഉൾപ്പെടുത്തി ചീഫ് എൻജിനീയർക്ക് കത്തയക്കും. വിയ്യൂര്‍ ജയില്‍ മുതല്‍ പമ്പ് വരെയുള്ള റോഡില്‍ മീഡിയന് സ്ഥാപിക്കുന്നതിനെക്കുറിച്ച് സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കലക്ടര്‍ നിര്‍ദേശിച്ചു. റോഡപകടങ്ങള്‍ കുറക്കാന്‍ കോലഴി മുതല്‍ ഡോക്ടര്‍പടി വരെ ബ്ലിങ്കിങ് ലൈറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ നടപ്പാതകളുടെ അറ്റകുറ്റപ്പണി വേഗം പൂർത്തിയാക്കാൻ സമിതി ചെയർമാൻ കൂടിയായ കലക്ടർ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. തൃശൂർ റൗണ്ടിലെ നടപ്പാതകൾ പരിശോധിച്ച് വേണ്ട നവീകരണം നടത്താൻ കോർപറേഷൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മങ്ങിയതും വ്യക്തമല്ലാത്തതുമായ ദിശ ബോര്‍ഡുകള്‍ മാറ്റി സ്ഥാപിക്കാനും ബോർഡുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയവ സ്ഥാപിക്കാനും കാടുപിടിച്ച ബോർഡുകൾ വൃത്തിയാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. റോഡുകളിൽ അപകടക്കുഴികൾ നികത്താൻ അടിയന്തര നടപടിയെടുക്കാനും തീരുമാനിച്ചു.
റോഡ് സുരക്ഷ നടപടികളുടെ പുരോഗതി വിലയിരുത്താന്‍ മൂന്നുമാസം കൂടുമ്പോൾ സമിതി യോഗം ചേരണമെന്ന് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല കലക്ടര്‍ അര്ജുന് പാണ്ഡ്യന് അധ്യക്ഷത വഹിച്ചു. ആർ.ടി.ഒ (എന്‍ഫോഴ്സ്മെന്റ്) കെ.ബി. സിന്ധു, പി.ഡബ്ല്യു.ഡി, കോർപറേഷൻ, മോട്ടോർ വാഹന വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.