ഡിസംബറോടെ ജില്ലയില്‍ എല്ലായിടത്തും 4ജി
text_fieldsതൃശൂര്‍: ഈവര്‍ഷം ഡിസംബറോടെ ജില്ലയില്‍ എല്ലായിടത്തും 4ജി സേവനം ലഭ്യമാക്കുമെന്ന് ബി.എസ്.എന്‍.എല്‍. ജില്ലയില്‍ 575 ടവറുകളിലാണ് 4ജി വിന്യസിക്കുക. കുന്നംകുളം, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ 4ജി സേവനം ആരംഭിച്ചുവെന്നും ബി.എസ്.എന്‍.എല്‍ സീനിയര്‍ ജനറല്‍ മാനേജര്‍ എം.എസ്. ഹരി പറഞ്ഞു.
രാജ്യത്തുടനീളം പൊതുജനങ്ങൾക്ക് താങ്ങാവുന്ന നിരക്കിൽ 4ജി സേവനം ലഭ്യമാക്കാൻ നിലവിലെ 80,000 ടവറുകളിലും പുതിയ 20,000 ടവറുകളിലും 4ജി ഉപകരണങ്ങൾ വിന്യസിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് തൃശൂർ ജില്ലയിലും 4ജി സേവനം ഒരുക്കുന്നത്.
വിദൂര ഗ്രാമപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന 4ജി സാച്ചുറേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതുപ്രകാരം ജില്ലയില്‍ ആദിവാസി ഊരുകള്‍ സ്ഥിതിചെയ്യുന്ന വനമേഖലകളില്‍ 16 പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചുവരികയാണ്. ഇതില്‍ ചില ടവറുകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് മാസത്തിനകം എല്ലാ ടവറുകളും പ്രവര്‍ത്തനസജ്ജമാകും.
മൂന്ന് മേഖലകളായി തിരിച്ചാണ് 4ജി സാച്ചുറേഷന്‍ പദ്ധതി നടപ്പാക്കുന്നത്. അതിരപ്പിള്ളി-വാല്‍പ്പാറ മേഖലയില്‍ പൊകലപ്പാറ, പെരിങ്ങല്‍കൂത്ത്, വാച്ചുമരം, ഷോളയാര്‍, അടിച്ചില്‍തൊട്ടി, അരയ്ക്കാപ്പ്, വെട്ടുവിട്ടക്കാട്, വെള്ളികുളങ്ങര എന്നിവിടങ്ങളിലാണ് ടവറുകള്‍.
വരന്തരപ്പിള്ളി മേഖലയില്‍ നായാട്ടുകുണ്ട്, ആനപ്പന്തം, കുണ്ടായി എസ്റ്റേറ്റ്, ഒളനപറമ്പ്, എച്ചിപ്പാറ എന്നിവിടങ്ങളിലും പീച്ചി വന്യജീവി മേഖലയില്‍ ഒളകര, കരടികുണ്ട്, മണിയകിണര്, താമരവേലച്ചല് കോളനി, പഴയന്നൂര്‍ മട്ടിന്മുകള് കോളനി എന്നിവിടങ്ങളിലുമായി ടവറുകള്‍ സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.