കോവിഡ്: തൃശൂരിൽ ഇതുവരെ മരിച്ചത് 5438 പേർ; ധനസഹായത്തിന് അപേക്ഷിച്ചത് 2683 പേർ
text_fieldsതൃശൂർ: കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്കായി ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 9.74 കോടി രൂപ. കേന്ദ്ര ദുരന്ത നിവാരണ നിധിയിൽനിന്ന് നൽകുന്ന ധനസഹായം ജില്ലയിൽ ഇതുവരെ ലഭിച്ചത് 1958 പേർക്കാണ്.
ഒാരോരുത്തർക്കും 50,000 രൂപ വീതമാണ് നൽകുന്നത്. 2683 പേരാണ് ധനസഹായത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച വരെ ജില്ലയിൽ 5438 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബാക്കിയുള്ളവർക്ക് ധനസഹായം ലഭ്യമാക്കുന്നതിന് അവശ്യമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്.
കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചാൽ ഭാര്യക്കും ഭാര്യ മരിച്ചാൽ ഭർത്താവിനുമാണ് സഹായം ലഭിക്കുക. രണ്ടുപേരും മരിച്ചാൽ മക്കൾക്കും ലഭിക്കും.
അതേസമയം, ബി.പി.എല്ലുകാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന അധിക ധനസഹായം വൈകും. കേന്ദ്ര ദുരന്തനിവാരണ നിധിയിൽനിന്ന് കോവിഡ് മരണ സഹായത്തിന് അപേക്ഷിച്ചവർക്ക് രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തി തുക ഉടൻ കൈമാറുന്നുണ്ട്. സംസ്ഥാന സർക്കാർ പ്രതിമാസം 5000 രൂപ വീതം 36 മാസം നൽകുന്ന സഹായം കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ നൽകൂ.
കോവിഡ് ബാധിച്ച് മരിച്ചവർ ബി.പി.എൽ കുടുംബത്തിലെ മുഖ്യവരുമാന ദായകനോ ദായികയോ ആയാൽ മാത്രമേ ഈ ധനസഹായം ലഭിക്കൂ. നിലവിൽ ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ടവർ അപേക്ഷ സമർപ്പിച്ച് തുടങ്ങിയെങ്കിലും ജില്ലയിൽ ഇത് പരിഗണിച്ചു തുടങ്ങിയിട്ടില്ല. പൊതു ധനസഹായം പരമാവധി വിതരണം ചെയ്ത ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് തീരുമാനം. അതിനാവശ്യമായ രേഖകൾ ഹാജരാക്കണം.
സംസ്ഥാനത്ത് തിരുവനന്തപുരവും എറണാകുളവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് തൃശൂരാണ്. മൊത്തം രോഗബാധിതരിൽ 0.99 ശതമാനം പേർ മരണത്തിന് കീഴടങ്ങി. നേരത്തേ കോവിഡ് ബാധിച്ച് മരിച്ചവരെ അനാഥ മരണങ്ങളുടെ കണക്കിലാണ് ഉൾപ്പെടുത്തിയത്. കോവിഡ് ബാധിച്ച് മരിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് പോർട്ടലിൽ രേഖപ്പെടുത്താതെ മാറ്റിവെച്ചതു കൂടി ഉൾപ്പെടുത്തി തുടങ്ങിയതോടെയാണ് എണ്ണം 5000ത്തിന് മുകളിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.