57 ഫോണുകൾ, അനക്കമറ്റത് ഒന്നരമാസം
text_fieldsതൃശൂർ: ജില്ല ഭരണ സിരാകേന്ദ്രമായ കലക്ടറേറ്റിൽ 57 ഫോണുകൾ അനക്കമറ്റ് കിടന്നത് ഒന്നര മാസം. ഓഫിസിൽ പൊതുജനങ്ങൾക്ക് സേവനം ലഭിക്കേണ്ട വിവിധ വിഭാഗങ്ങളിലെ ഫോണുകളാണ് പ്രവർത്തനരഹിതമായത്.
ഫയലുകളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർക്കും അപേക്ഷകർക്കും ഫോൺ വിളിക്കുന്നതിന് കലക്ടർക്ക് വേണ്ടി പ്രവർത്തിക്കുന്ന വിവിധ സെക്ഷനുകളിലെ 57 ലാൻഡ് ഫോണുകളാണ് ഈ വർഷം ഏപ്രിൽ മുതൽ പ്രവർത്തന രഹിതമായതെന്ന് കലക്ടറേറ്റിൽ നിന്നുള്ള വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
ഫോൺ തകരാർ മൂലം കോവിഡ് കാലത്തെയും പ്രളയകാലത്തെയും വളരെ പ്രാധാന്യം അർഹിക്കുന്ന അനുബന്ധ ഫയലുകളിൽ പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിന് ഉദ്യോഗസ്ഥർക്ക് വളരെയധികം തടസ്സമുണ്ടായതായി വിവരാവകാശപ്രകാരം മറുപടി തേടിയ നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് ആരോപിച്ചു.
വിവരാവകാശ നിയമപ്രകാരം ഫോൺ തകരാറായതിന്റെ വിശദാംശങ്ങൾ /രേഖകൾ ആവശ്യപ്പെട്ടപ്പോൾ തകരാറിലായത് സമ്മതിക്കുന്നുണ്ടെങ്കിലും ഫോൺ തകരാറിലായതും പ്രവർത്തനം ആരംഭിച്ചതും തീയതികൾ ഫയലിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കലക്ടരുടെ ഹുസൂർ ശിരസ്തദാർ രേഖാമൂലമുള്ള മറുപടിയിൽ പറയുന്നത്. മേയ് 10ന് ശേഷമാണ് ഫോൺ വിളി കിട്ടിയതെന്ന് നേർക്കാഴ്ച പറയുന്നു.
ജില്ല ഭരണസിരാകേന്ദ്രത്തിൽ വളരെ പ്രാധാന്യമുള്ള ഫോണുകൾ പ്രവർത്തനരഹിതമാകാതിരിക്കാൻ പരിശ്രമിക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, ഇവരുടെ ശമ്പളം എന്നിവയടക്കം രേഖകൾ ആവശ്യപ്പെട്ടതിന് ഫോണുകളുടെ പരിപാലനത്തിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് വിശദീകരണം.
ഫോൺ തകരാറിലായതിന്റെ കാരണവും അതുസംബന്ധിച്ച വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ടതിന് ഫയലിൽ ലഭ്യമല്ല എന്നാണ് മറുപടി. പൊതുജനങ്ങൾക്ക് മതിയായ സേവനം ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയതിൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നതാണ് നിയമാനുസൃതം ലഭ്യമായ രേഖകളിലുള്ളതെന്നും നിയമനടപടികളിലേക്ക് നീങ്ങുമെന്നും പി.ബി സതീഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.