700 ഏക്കറിൽ നെൽകൃഷി അനിശ്ചിതത്വത്തിൽ
text_fieldsഅരിമ്പൂർ: സമയബന്ധിതമായി വെള്ളം വറ്റിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ ഇറിഗേഷൻ വകുപ്പിനുണ്ടായ വീഴ്ചയെ തുടർന്ന് വാരിയം കോൾപടവ് ഉൾപ്പടെ വിവിധ പടവുകളിലായി 700 ഏക്കറിലെ നെൽകൃഷി അനിശ്ചിതത്വത്തിലായി. കനത്ത മഴയിൽ ഇറിഗേഷൻ കനാലിൽനിന്നുള്ള വെള്ളം പുള്ള് -മനക്കൊടി റോഡ് കവിഞ്ഞ് വാരിയം പടവിലേക്ക് ഒഴുകുകയാണ്. അനിയന്ത്രിതമായി വെള്ളം ഒഴുകിയെത്തിയതോടെ വാരിയം പടവിലെ വെള്ളം വറ്റിക്കാൻ പമ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഈ പടവിനോട് ചേർന്ന് കിടക്കുന്ന വിളക്കുമാടം, തോട്ടുപുര, കൊടയാട്ടി എന്നീ പടവുകളിലും കൃഷി ഇറക്കാൻ പറ്റാത്ത സാഹചര്യമാണ്. ഇറിഗേഷൻ വകുപ്പ് ഇടപെട്ട് ചാലുകളിൽനിന്ന് ചണ്ടിയും കുളവാഴയും മറ്റും നീക്കം ചെയ്യാത്തത് മൂലം ഇറിഗേഷൻ കനാലിൽനിന്ന് ഏനാമ്മാവ് റെഗുലേറ്ററിനോട് ചേർന്നുള്ള ഫെയ്സ് കനാലിലേക്ക് ഒഴുകി പോകേണ്ടിയിരുന്ന വെള്ളമാണ് റോഡ് കവിഞ്ഞ് വാരിയം കോൾപടവിലേക്ക് ഒഴുകി കൃഷി പ്രതിസന്ധിയിലാക്കുന്നത്.
ചാലുകളിലെ ചണ്ടിയും കുളവാഴയും നീക്കുന്നതിലുള്ള അപാകതയോടൊപ്പം മനക്കൊടി റോഡ് താഴ്ന്നുകിടക്കുന്നതും കൃഷിയിറക്കാൻ പറ്റാത്തതിന് കാരണമാണെന്ന് വാരിയം കോൾ പടവ് സെക്രട്ടറി കെ.കെ. അശോകൻ പറഞ്ഞു. രണ്ടാം മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള ഈ കോൾ പാടശേഖരങ്ങളിൽ ഈ മാസം ഒന്നിന് പമ്പിങ് ആരംഭിച്ച് പകുതിയോടെ കൃഷിയിറക്കാനായിരുന്നു തീരുമാനം. റോഡ് കവിഞ്ഞെത്തി കൊണ്ടിരിക്കുന്ന വെള്ളം കർഷകരുടെ പ്രതീക്ഷകളെ തകർക്കുകയാണ്. വിവിധവകുപ്പുകളുടെ ഏകോപനമില്ലായ്മമയും കർഷകരെ വലക്കുന്നുണ്ട്. അധികാരികളെ കണ്ട് പല പ്രാവശ്യം പരാതിപ്പെട്ടുവെങ്കിലും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയുണ്ടായാൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുമെന്നും വിവിധ പാടശേഖര പ്രതിനിധികൾ പറഞ്ഞു.
പുറംചാലുകളിൽ നിറഞ്ഞു കിടക്കുന്ന ചണ്ടിയും കുളവാഴയും ഏനാമാക്കൽ ഫെയ്സ് കനാലിൽ നിന്നും നീക്കം ചെയ്ത് തുടങ്ങി കാഞ്ഞാണി പെരുമ്പുഴ കനാലിലേക്ക് എത്തുന്നതിന് പകരം കുളവാഴയും ചണ്ടിയും നീക്കം ചെയ്യുന്നതിന് വ്യത്യസ്ത കരാറുകാരെ ഏൽപ്പിച്ച് അശാസ്ത്രീയമായ രീതിയിൽ വിവിധയിടങ്ങളിൽ നിന്നും ചണ്ടിയും കുളവാഴയും നീക്കം ചെയ്യുന്ന രീതിയാണ് ഇറിഗേഷൻ വകുപ്പ് നടപ്പിലാക്കുന്നത്. ഈ തല തിരിഞ്ഞ രീതി അടിയന്തരമായി നിർത്തി ഏനാമാക്കൽ ഫെയ്സ് കനാൽ മുതൽ കാഞ്ഞാണി പെരുമ്പുഴ ചാലിലേക്ക് ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളുന്ന രീതിയിൽ കുളവാഴയും ചണ്ടിയും നീക്കം ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.