തൃശൂരിൽ 82 ശതമാനം വേനൽമഴ കമ്മി; പലയിടത്തും ജലക്ഷാമം രൂക്ഷം
text_fieldsതൃശൂർ: ജില്ലയിൽ വേനൽമഴയിൽ 82 ശതമാനം മഴക്കമ്മി. മാർച്ച് ഒന്ന് മുതൽ എപ്രിൽ മൂന്ന് വരെ 22.7 മില്ലിമീറ്ററാണ് ജില്ലക്ക് ലഭിക്കേണ്ട മഴവിഹിതം. എന്നാൽ, ലഭിച്ചത് നാല് മി.മീ മാത്രമാണ്. മഴക്കമ്മിയിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞ ദിവസം ജില്ലയിൽ എവിടെയും മഴ പെയ്തിട്ടുമില്ല. വിവിധ മഴമാപിനികളിൽ ശൂന്യമായ കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനിടെ കഴിഞ്ഞയാഴ്ച കൊടകരയിൽ വൻ തോതിൽ മഴ പെയ്തിരുന്നു. മിന്നൽചുഴലിക്ക് ഒപ്പം എത്തിയ മഴയിൽ വൻനാശ നഷ്ടമുണ്ടായി. നേരത്തെ ഡിസംബർ വരെയുണ്ടായ മഴക്കമ്മിയിൽ സംസ്ഥാനത്ത് രണ്ടാമതായിരുന്നു ജില്ല. 475.4ന് പകരം 320.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 33 ശതമാനം മഴക്കമ്മിയാണ് അന്നുണ്ടായത്.
ഭാരതപുഴ വറ്റിവരളുകയാണ്. കുറുമാലി ദിനംപ്രതി നേർത്ത് വരുന്നു. ചാലക്കുടി പുഴയും സമാനമാണ്. കരുവന്നൂർ പുഴയും ഭിന്നമല്ല. ഡാമുകളിലെ വെള്ളത്തിന്റെ കാര്യങ്ങളും അനുകൂലമല്ല. പീച്ചി, വാഴാനിയടക്കം ഡാമുകളിലും വെള്ളം കുറവാണ്. പീച്ചിയിൽ നിന്ന് ഇരു കനാലുകളിലൂടെ ഇടയ്ക്കിടെ വെള്ളം തുറന്നുവിട്ട് വിവിധ പ്രദേശങ്ങൾ ജല സമൃദ്ധമാക്കുകയാണ് ചെയ്യുന്നത്. ചില മേഖലകളിൽ പ്രത്യേക തടയണകളും ഒരുക്കി.
തൃശൂർ ഡിവിഷനിൽ 126 ദശലക്ഷം ലിറ്റർ ജലമാണ് പ്രതിദിനം വേണ്ടത്. എന്നാൽ, 102 ദശലക്ഷം ലിറ്റർ ജലമാണ് പ്രതിദിനം വിതരണം ചെയ്യുന്നത്. 24 ദശലക്ഷം ലിറ്റർ ജലത്തിന്റെ അഭാവമാണ് കോർപറേഷനടക്കം തദ്ദേശസ്ഥാപനങ്ങൾ ഉൾകൊള്ളുന്ന മേഖലയിലുള്ളത്. പീച്ചി കുടിവെള്ള പദ്ധതി, കുന്നംകുളം - ഗുരുവായൂർ പദ്ധതി, പാവറട്ടി പദ്ധതി, ചെറുതുരുത്തി - നെടുപുരം അടക്കം പദ്ധതികളിൽ നിന്നാണ് വിതരണം നടത്തുന്നത്. 2024 ഓടെ തൃശൂർ ഡിവിഷന്റെ ദാഹം തീർക്കാനാവശ്യമായ പദ്ധതികളുടെ നിർമാണം പൂർത്തിയാവുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇരിങ്ങാലക്കുട ഡിവിഷനിൽ വാടാനപ്പള്ളി മേഖലയിലും ചാവക്കാട് തീരമേഖലയിലുമടക്കം ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളുണ്ട്. നാട്ടിക ഫർക്കയിലെ പദ്ധതി വർഷങ്ങളായി തുടരുകയാണ്. ദേശീയപാത വികസനം കൂടി വന്നതോടെ ഏകദേശം പണി നിലച്ച രീതിയിലാണ്. പാത വികസനത്തിനൊപ്പം ഇത് പുരോഗമിക്കുമെന്നാണറിയുന്നത്. പഞ്ചായത്തുകൾ എല്ലാ വീടുകളിലേക്കും വെള്ളം എത്തിക്കാനുള്ള സംവിധാനങ്ങൾക്ക് പിന്നാലെയാണ്. അതേസമയം, വർഷം ഏറെ കഴിഞ്ഞിട്ടും ഇത് പൂർണമായി നടപ്പായിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന പരമ്പരാഗത ജലസ്രോതസുകളിൽ അധികവും മലിനമാണ്. ഇ കോളിൻ, അമിത ഇരുമ്പ് എന്നീ വിവിധ കാരണങ്ങളാൽ അവ ഉപയോഗശൂന്യമാണ്. അതിനാൽ തന്നെ നിലവിലെ പദ്ധതിക്ക് ഗതിവേഗം വേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.