മോഷണം നടത്തി മുങ്ങിയ കേസ്; തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽനിന്ന് പ്രതിയെ പിടികൂടി
text_fieldsതൃശൂർ: വിയ്യൂരിലെ സ്ഥാപനത്തിൽനിന്ന് മോഷണം നടത്തി മുങ്ങിയ കേസിലെ പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടി. നിരവധി കളവ് കേസുകളിൽ പ്രതിയായ പാലക്കാട് കൊപ്പം സ്വദേശി വെളുത്തക്കാത്തൊടി അബ്ബാസിനെയാണ് (34) വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് പുതുക്കോട്ട ജില്ലയിലെ മുത്തപ്പേട്ട് എന്ന സ്ഥലത്തുനിന്നാണ് വിയ്യൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 19ന് വിയ്യൂർ പവർഹൗസ് ജങ്ഷനിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കടയുടെ പൂട്ട് പൊളിച്ച് രണ്ടു മൊബൈൽ ഫോണുകളും 15,000 രൂപയും മോഷണം പോയതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ചും സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങി കച്ചവടം ചെയ്യുന്ന കടകൾ കേന്ദ്രീകരിച്ചുമുള്ള അന്വേഷണത്തിൽ ഇയാൾ മോഷ്ടിച്ച ഫോണുകൾ കോഴിക്കോട് കടയിൽ വിൽപന നടത്തിയതായി കണ്ടെത്തി. ഇവിടെയെത്തിയുള്ള അന്വേഷണത്തിൽ ഇയാളെ കുറിച്ച് സൂചന ലഭിച്ചു. കോഴിക്കോട് സിറ്റിയിലെ സ്റ്റേഷനുകളിൽ അന്വേഷിച്ചതിൽ ഇയാൾക്കെതിരെ നാല് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായും ജയിൽവാസം കഴിഞ്ഞ് ജൂണിൽ പുറത്തിറങ്ങിയതായും അറിഞ്ഞു. ഇതിന് ശേഷം നടത്തിയ കളവുകളിൽ പിടിക്കപ്പെടാതിരിക്കാൻ ഒളിവിൽ പോയി. പ്രതിയെ കുറിച്ച് ഒരു അറിവും ഇല്ലാത്തിടത്തുനിന്നാണ് വിയ്യൂർ പൊലീസ് ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തമിഴ്നാട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്.
വിയ്യൂർ എസ്.എച്ച്.ഒ കെ.സി. ബൈജുവിനെ കൂടാതെ എസ്.ഐ കെ.ടി. ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ പി.സി. അനിൽകുമാർ, ശ്രീജിത്ത് ശ്രീധർ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് തമിഴ്നാട്ടിൽ ചെന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്റ്റേഷൻ പരിധിയിൽ രണ്ട് കടകളിൽ കയറി ലാപ്ടോപ്പുകളും പണവും കവർന്നതായും മലപ്പുറം പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിൽനിന്ന് മൊബൈൽ ഫോൺ മോഷണം ചെയ്തതായും മലപ്പുറം തിരൂരിൽനിന്ന് വേറെയും മോഷണങ്ങൾ നടത്തിയതായും തൃശൂർ ഒല്ലൂർ സ്റ്റേഷൻ പരിധിയിൽനിന്ന് ലാപ്ടോപ്പും മോഷണം ചെയ്തതായും സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മോഷണ മുതലുകൾ തുച്ഛമായ വിലയ്ക്ക് പല കടകളിലായി വിൽപന നടത്തി ലഹരി ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുകയാണ് ഇയാളുടെ രീതി. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ കൈവശം അഞ്ച് മൊബൈൽ ഫോണുകൾ കണ്ടെടുത്തതായും വേറെയും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.