കരിക്കുകൊണ്ടുള്ള മൂന്നാംമുറയിൽ മധ്യവസ്കന്റെ വാരിയെല്ലുകൾക്ക് പൊട്ടൽ
text_fieldsഅരിമ്പൂർ: അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സി.ഐ വിനീഷിന്റെ നേതൃത്വത്തിൽ നടന്ന കരിക്കുകൊണ്ടുള്ള മൂന്നാംമുറ മർദനത്തിൽ അരിമ്പൂർ വെളുത്തൂരിലുള്ള ദലിത് വിഭാഗത്തിൽപ്പെട്ട മധ്യവസ്കന്റെ രണ്ടു വാരിയെല്ലുകൾ പൊട്ടിയതായി സ്കാനിങ്ങിൽ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും ആരോപണ വിധേയനായ സി.ഐ വിനീഷ്, പൊലീസുകാരനായ അനൂപ് എന്നിവർക്കെതിരെ നടപടി ഉണ്ടായില്ലെന്ന് പരാതിക്കാരൻ പറയുന്നു.
10 ദിവസം മുമ്പാണ് നടുവിൽക്കര സ്വദേശിയും ഇപ്പോൾ അരിമ്പൂർ വെളുത്തൂരിൽ താമസിക്കുന്ന വടക്കുംതല വീട്ടിൽ സുനിൽകുമാറിനെ (50) വെളുത്തൂർ ക്ഷേത്രത്തിൽ നടന്ന ഗാനമേളക്കിടെ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സുനിൽകുമാറിന്റെ സഹോദരി പുത്രനടക്കം പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇവരെ പുലർച്ചയോടെ സമീപത്തുള്ള പഴയ പെലീസ് സ്റ്റേഷൻ കെട്ടിടത്തിലെത്തിച്ച് കരിക്ക് തുണിയിൽ കെട്ടി ക്രൂരമായി മർദിച്ചതായാണ് പരാതി. തന്നെ സി.ഐ വിനീഷും പൊലീസുകാരനായ അനൂപും ചേർന്നാണ് മർദിച്ചതെന്ന് സുനിൽകുമാറിന്റെ പരാതിയിൽ പറയുന്നു. സഹോദരിപുത്രനെ പിടിച്ചുകൊണ്ടുപോകുമ്പോൾ കാര്യമന്വേഷിച്ചപ്പോഴാണ് തന്നെയും പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയതെന്ന് സുനിൽകുമാർ പറയുന്നു. നെഞ്ചിലും മുഖത്തും മർദിച്ചു. കരിക്കുകൊണ്ട് ഏഴുതവണ തുണിയിൽ പൊതിഞ്ഞ് ഇടിച്ചുവെന്നുമാണ് പരാതിയിൽ ഉള്ളത്. പൊലീസ് വിട്ടയച്ചശേഷം സുനിൽകുമാർ അടക്കം ആറുപേർ തൃശൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സുനിൽകുമാറിന്റെ വലതുവശത്ത് പുറംഭാഗത്ത് രണ്ടു വാരിയെല്ലുകൾ പൊട്ടിയതായും ലങ്സിന് ചുറ്റും വായു കെട്ടി നിൽക്കുന്നതായും കണ്ടെത്തിയത്.
ഓപറേഷൻ നടത്താനായി വരും ദിവസങ്ങളിൽ ഇദ്ദേഹത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തണം. കടുത്ത വേദന മൂലം അധികം നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയിലാണ് സുനിൽകുമാർ. 23 ദിവസം മുമ്പാണ് സുനിൽകുമാറിന്റെ പിതാവ് കൃഷ്ണൻ മരിച്ചത്. അമ്മ ശാന്തയാണ് സഹായത്തിനുള്ളത്. സി.ഐക്കും പൊലീസുകാരനും എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, ഡി.ജി.പി, പട്ടികജാതി ക്ഷേമവകുപ്പ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാണ് സുനിൽകുമാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.