കാർഷിക സർവകലാശാലക്ക് എ ഗ്രേഡ് അക്രഡിറ്റേഷൻ
text_fieldsതൃശൂർ: നാഷനൽ അഗ്രികൾചറൽ എജുക്കേഷൻ അക്രഡിറ്റേഷൻ ബോർഡ് (എൻ.എ.ഇ.എ.ബി) കേരള കാർഷിക സർവകലാശാലക്കും (കെ.എ.യു) അതിന്റെ ഘടക കോളജുകൾക്കും അഞ്ചു വർഷത്തേക്ക് എ ഗ്രേഡോടെ അക്രഡിറ്റേഷൻ നൽകി. ബി ഗ്രേഡ് അക്രഡിറ്റേഷനാണ് നിലവിൽ സർവകലാശാലക്കുണ്ടായിരുന്നത്. ഗ്രേഡ് എക്ക് തുല്യമായ 3.14/4 മാർക്കോടെയാണ് സർവകലാശാലക്ക് അക്രഡിറ്റേഷൻ പുതുക്കി ലഭിച്ചത്.
കേരള കാർഷിക സർവകലാശാലക്കു കീഴിലുള്ള അഗ്രികൾചറൽ കോളജ് വെള്ളാനിക്കര, അഗ്രികൾചറൽ കോളജ് വെള്ളായണി, അഗ്രികൾചറൽ കോളജ് പടന്നക്കാട്, അഗ്രികൾചറൽ കോളജ് അമ്പലവയൽ, കേളപ്പജി കോളജ് ഓഫ് അഗ്രികൾചറൽ എൻജിനീയറിങ് ആൻഡ് ഫുഡ് ടെക്നോളജി തവനൂർ, ഫോറസ്ട്രി കോളജ് വെള്ളാനിക്കര എന്നിവയാണ് അംഗീകാരം നേടിയ സ്ഥാപനങ്ങൾ. ഇതിൽ അമ്പലവയൽ കാർഷിക കോളജ് ആദ്യമായാണ് അക്രഡിറ്റേഷൻ നേടുന്നത്.
സർവകലാശാലയിലെ നാലു കാർഷിക കോളജുകളിലെ വിവിധ ബിരുദ കോഴ്സുകൾക്കും അക്രഡിറ്റേഷൻ ലഭിച്ചു. വെള്ളാനിക്കര കാർഷിക കോളജിലെ 19 എം.എസ് സി പ്രോഗ്രാമുകളും 16 പിഎച്ച്.ഡി പ്രോഗ്രാമുകളും വെള്ളായണി കാർഷിക കോളജിലെ 19 എം.എസ് സി പ്രോഗ്രാമുകളും 14 പിഎച്ച്.ഡി പ്രോഗ്രാമുകളും പടന്നക്കാട് കാർഷിക കോളജിലെ എട്ട് എം.എസ് സി കോഴ്സുകളും കെ.സി.എ.ഇ.ടി തവനൂരിലെ മൂന്ന് എം.ടെക്, മൂന്ന് പിഎച്ച്.ഡി കോഴ്സുകളും ഫോറസ്ട്രി കോളജിലെ നാല് എം.എസ് സി കോഴ്സുകളും നാല് പിഎച്ച്.ഡി പ്രോഗ്രാമുകളും വെള്ളാനിക്കര കോളജിലെ എം.ബി.എ പ്രോഗ്രാം തുടങ്ങിയവയും അക്രഡിറ്റേഷൻ നേടിയവയിൽ ഉൾപ്പെടുന്നു.
രാജസ്ഥാൻ ജോബ്നെറിലെ കരൺ നരേന്ദ്ര കാർഷിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. ജെ.എസ്. സന്ധു ചെയർമാനായ റിവ്യൂ കമ്മിറ്റിയുടെ സന്ദർശനത്തിനും വിലയിരുത്തലുകൾക്കും ശേഷമാണ് അക്രഡിറ്റേഷൻ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.