കൊമ്പെടുത്തത് സുഹൃത് സംഘം, സഹായിച്ച നാലുപേർ കസ്റ്റഡിയിൽ
text_fieldsതൃശൂർ: പന്നിക്ക് കെണിവെച്ചതിൽ കുടുങ്ങിയതാണ് ആനയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നത്. കൂടുതൽ വിവരങ്ങൾ വനംവകുപ്പിന് ലഭിച്ചു. സ്ഥലമുടമയായ മണിയഞ്ചിറ റോയിയും സുഹൃത്തുക്കളുമാണ് വൈദ്യുതി കെണി ഒരുക്കിയത്. പന്നിക്കായി വെച്ച കെണിയിൽ തട്ടിയാണ് ആന പൊട്ടക്കിണറ്റിലേക്ക് വീണത്. തുടർന്ന് ആന ചെരിഞ്ഞതായാണ് സംശയിക്കുന്നത്.
റോയ് ആനയെ ടാർപോളിൻ ഷീറ്റ് ഇട്ട് മൂടി. പിന്നീട് സുഹൃത്തുക്കളെയും കൂട്ടിവന്ന ശേഷം മണ്ണിട്ട് മൂടി. കോട്ടയത്തുനിന്നുമുള്ള നാലംഗ സംഘമാണ് ആനയെ കുഴിച്ചിടാനെത്തിയത്. ഇതിനായി രണ്ടുലക്ഷത്തിലേറേ രൂപയും റോയി നൽകിയെന്നാണ് വിവരം.
കുഴിച്ചിട്ടതും കൊമ്പെടുത്തതും പാലാ സംഘമാണ്. അവരത് മലയാറ്റൂരിലെ കൊമ്പ് കടത്തുകാർക്ക് കൈമാറിയെന്നും പറയപ്പെടുന്നു. ആനക്കൊമ്പ് വിൽക്കാനുള്ള ശ്രമത്തിനിടെ പിടിയിലായവരുടെ മൊഴി പ്രകാരമാണ് ജഡം കണ്ടെത്തിയത്. എറണാകുളം പട്ടിമറ്റത്ത് പിടിയിലായ നാലു പ്രതികളിൽ ഒരാളെ വനംവകപ്പ് ചോദ്യം ചെയ്തതോടെയാണ് വിവരം കിട്ടിയത്. ഇതിൽ അഖിൽ മോഹനെന്നയാളാണ് വനംവകുപ്പിന് മൊഴി നൽകിയത്. മൂന്നുപേർ റിമാൻഡിലാണ്.
അതേസമയം, സംഭവത്തിലെ മുഖ്യപ്രതി മണിയഞ്ചിറ റോയ് ഗോവയിലേക്ക് കടന്നതായി കണ്ടെത്തി. ഭാര്യ ഗോവയിലെ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയാണ്. വനംവകുപ്പ് സംഘവും ഇയാളെ തിരഞ്ഞ് ഗോവയിലെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് റോയ് നാടുവിട്ടതായി സംശയിക്കുന്നു. ആനയെ കുഴിച്ചിടാൻ മണ്ണുമാന്തിയന്ത്രവുമായെത്തിയ രണ്ടുപേരെയടക്കം നാലുപേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയതിന് പിന്നിൽ കൂടുതൽ സംഘങ്ങളുണ്ടെന്ന നിഗമനത്തിൽ വിശദമായ അന്വേഷണത്തിനാണ് വനംവകുപ്പ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.