കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് കവർച്ച; 30 പവൻ നഷ്ടപ്പെട്ടു
text_fieldsകുന്നംകുളം: വീട് കുത്തിത്തുറന്ന് അലമാരകളിൽ സൂക്ഷിച്ച 30 പവൻ സ്വർണവും മൊബൈൽ ഫോണും കവർന്നു. തൃശൂർ റോഡിൽ ജലവകുപ്പ് ഓഫിസിന് സമീപം ശാസ്ത്രിജി നഗർ ഫോർത്ത് അവന്യൂവിൽ കാർത്തിക നിവാസിലെ റിട്ട. സർവേ സൂപ്രണ്ട് പരേതനായ ചന്ദ്രന്റെ വീട്ടിലാണ് സംഭവം.
ബുധനാഴ്ച രാത്രി 11നും വ്യാഴാഴ്ച പ്രഭാതത്തിനുമിടയിലാണ് സംഭവം. ഈ സമയം ഇദ്ദേഹത്തിന്റെ ഭാര്യ റിട്ട. ബാങ്ക് ഉദ്യോഗസ്ഥ പ്രീതി വീട്ടിലുണ്ടായിരുന്നു. മുകൾ നിലയിൽനിന്ന് പുറത്തേക്കുള്ള വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
വീടിനോട് ചേർന്ന് പുറത്ത് സ്ഥാപിച്ച ഇരുമ്പു ഗോവണിയിലൂടെയാണ് മോഷ്ടാവ് മുകളിലേക്ക് കയറിയത്. ഗോവണിയിൽ തടസ്സമായി വെച്ച ചെറിയ ഇരുമ്പ് ഗ്രിൽ മാറ്റിവെച്ച നിലയിലായിരുന്നു. മുകളിലും താഴത്തേയും മുറികളിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രീതി കിടന്നുറങ്ങിയ മുറിയുടെ തൊട്ടടുത്ത മുറിയിൽനിന്നും ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു.
ഭാര്യയുടെ വീട്ടിൽ പോയിരുന്ന മകൻ കാർത്തിക് വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി മുകളിലെ കിടപ്പുമുറിയിലെത്തിയപ്പോഴാണ് കവർച്ചാ വിവരമറിയുന്നത്. മുറിക്കുള്ളിലെ അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
മുകളിലുള്ള അലമാരയുടെ ആഭരണമുണ്ടായിരുന്ന ഡ്രോ പുറത്ത് ബാൽക്കണിയിൽ ചെടി ചട്ടികൾക്ക് മുകളിൽ നിന്നാണ് കണ്ടെത്തിയത്. പ്രഫഷണൽ മോഷ്ടാവാണ് കവർച്ചക്ക് പിറകിലെന്നാണ് പൊലീസ് നിഗമനം. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. കുന്നംകുളം സി.ഐ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.