തുമ്പിക്കൈയിലെ കുരുക്ക്; ആനയെ കണ്ടെത്താനായില്ല
text_fieldsഅതിരപ്പിള്ളി: തുമ്പിക്കൈയില്‍ കുടുങ്ങിയ കുരുക്കുമായി കാട്ടിൽ അലയുന്ന ആനയെ 10 ദിവസം കഴിഞ്ഞിട്ടും വനംവകുപ്പിന് കണ്ടെത്താനായില്ല.
‘മാധ്യമം’ വാർത്തയെ തുടർന്ന് കാട്ടാനയെ കണ്ടെത്തി ചികിത്സ നൽകാൻ ഫോറസ്റ്റ് കൺസർവേറ്റർ വാഴച്ചാൽ ഡി.എഫ്.ഒക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, വാഴച്ചാൽ വനം ഡിവിഷൻ അതിന് ആത്മാർഥമായ താൽപര്യം കാണിക്കുന്നില്ല എന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ പരാതി.
എല്ലാ ദിവസവും വനപാലകർ കാട്ടിൽ തിരയുന്നുവെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. വാഴച്ചാൽ വനം ഡിവിഷൻ പരിധിയിൽനിന്ന് ഇത്രയും ദിവസംകൊണ്ട് മലയാറ്റൂർ, പറമ്പിക്കുളം ഡിവിഷനുകളിലേക്കാണ് പ്രവേശിക്കാൻ സാധ്യത. അവിടെയും അന്വേഷിക്കുന്നുണ്ടെങ്കിലും കാണുന്നില്ലത്രെ.
പെരിങ്ങൽക്കുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ‘ഷൂട്ടിങ് പോയന്റ്’ എന്ന ഭാഗത്താണ് ഈമാസം ഒന്നിന് പാലക്കാട്ടുനിന്നുള്ള സഞ്ചാരികൾ ആനയുടെ ഫോട്ടോയെടുത്തത്. 2018ലാണ് ഇതേ അവസ്ഥയിൽ ആദ്യമായി ആനയെ കണ്ടിരുന്നത്. തുമ്പിക്കൈ എങ്ങനെയോ കുരുങ്ങിയതിനാൽ അതിന് തീറ്റയെടുക്കാനും വെള്ളം കുടിക്കാനും പ്രയാസം നേരിടുന്നുണ്ടാകാമെന്ന് പരിസ്ഥിതി പ്രവർത്തകർ വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
എന്നാൽ, അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഗൗരവത്തിൽ എടുത്തില്ലെന്നും ഇപ്പോഴും അതേ സമീപനമാണെന്നുമാണ് വിമർശനം.അങ്ങനെയൊരു കാട്ടാനയില്ലെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ, ഫോട്ടോകൾ പുറത്തുവന്നതോടെ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.