മഴക്ക് അൽപം ശമനം; ദുരിതം ബാക്കി
text_fieldsതൃശൂർ: ജില്ലയിൽ ബുധനാഴ്ച പകൽ മഴക്ക് അൽപം ശമനം. പലയിടത്തും പെയ്തെങ്കിലും ദുർബലമായിരുന്നു. ഏറെനേരം പെയ്യാതെ പെട്ടെന്ന് തോരുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ തീർത്ത ദുരിതം അറുതിയില്ലാതെ തുടരുകയാണ്. ജനജീവിതം പരക്കെ ബാധിക്കപ്പെട്ടിട്ടുണ്ട്.
ജില്ലയിൽ ഏഴായിരത്തോളം വിവിധ താലൂക്കുകളിലായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് താമസം മാറ്റാൻ നിർബന്ധിതരായി. ക്യാമ്പുകളിൽ ഇവർക്ക് വേണ്ട സൗകര്യം ഒരുക്കാൻ ജില്ല ഭരണകൂടവും ജനപ്രതിനിധികളും മറ്റും കാര്യമായ ഇടപെടൽ നടത്തുന്നുണ്ട്. വെള്ളക്കെട്ട് ഒഴിയാത്തതിനാൽ ചൊവ്വാഴ്ച വീടുകളിൽനിന്ന് ഇറങ്ങാൻ പറ്റാതിരുന്ന കൂടുതൽ പേർ ബുധനാഴ്ച ക്യാമ്പുകളിലേക്ക് മാറിയിട്ടുണ്ട്.
റോഡ് ഗതാഗതം ബുധനാഴ്ചയും സാരമായി ബാധിക്കപ്പെട്ടു. പ്രധാനമായും തൃശൂർ-കുന്നംകുളം റോഡിലാണ് യാത്ര തടസപ്പെട്ടത്. ചൂണ്ടൽ മുതൽ തൃശൂർ വരെ പലയിടത്തും റോഡിൽനിന്ന് വെള്ളം ഇറങ്ങാത്തതും റോഡിന്റെ തകർച്ചയും കാരണം ഇരുചക്ര വാഹനങ്ങൾ മുതൽ ബസുകളും ലോറികളും പോലുള്ള വലിയ വാഹനങ്ങൾ വരെ ഓടിയില്ല. പൊലീസ് പലയിടത്തായിനിന്ന് വഴി തിരിച്ച് വിടുകയും ചെയ്തു. ഇതുമൂലം നിരവധിപേർ യാത്രാക്ലേശം നേരിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതാണ് ആശ്വാസമായത്.
അണക്കെട്ടുകൾ പരമാവധി ജലനിരപ്പിലേക്കും അതിലുപരിയായും നിറയുന്നതുകൊണ്ട് കൂടുതൽ തുറക്കുന്നുണ്ട്. ഇതോടെ അധികജലം ഒഴുക്കുന്ന തോടുകളും പുഴകളും നിറഞ്ഞ് ഇരു കരകളിലും താമസിക്കുന്നവർക്ക് ഭീഷണിയുണ്ട്. ജില്ല ഭരണകൂടം ഇടവേളകളിൽ ജാഗ്രത നിർദേശം നൽകുന്നുണ്ട്. ചിമ്മിനി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ വൈദ്യുതോൽപാദനം പുന:രാരംഭിക്കാനായി.
താഴ്ന്ന പ്രദേശങ്ങൾ അപ്പാടെ വെള്ളത്തിനടിയിലാണ്. അവിടങ്ങളിൽ സ്വന്തം വീടുകളിൽ താമസിക്കാൻ കഴിയുന്നവർക്കും ജീവിതം ദുസ്സഹമാണ്. ദുരിതാശ്വാസ പ്രവർത്തനത്തിന് വിവിധ സംഘടനകളും രംഗത്തിറങ്ങിയിട്ടുണ്ട്. തൃശൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി ഡോ. ആർ. ബിന്ദു സന്ദർശിച്ചു.
തൃശൂരിന്റെ ‘അണക്കെട്ടായി’ പൂങ്കുന്നം
തൃശൂർ: നഗരത്തിൽ മറ്റിടങ്ങളിൽ ബുധനാഴ്ച പകൽ വെള്ളം ഏതാണ്ട് ഒഴിഞ്ഞിട്ടും ദുരിതം മാറാതെ പൂങ്കുന്നം. അപാർട്ട്മെന്റുകളിലെ താമസക്കാർ ഉൾപ്പെടെ ഇവിടെ കടുത്ത ദുരിതത്തിലാണ്. പീച്ചി അണക്കെട്ടിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളവും ശക്തമായ മഴ മൂലമുള്ള വെള്ളവും പൂങ്കുന്നത്ത് എത്തുമ്പോൾ മുന്നോട്ടുള്ള ഒഴുക്കിന് വേണ്ടത്ര സംവിധാനം ഇല്ലാത്തതാണ് വിനയാവുന്നത്. എം.എൽ.എ റോഡിന് അപ്പുറത്തേക്ക് ഇത്രയും വെള്ളം പോകാൻ പാകത്തിൽ സംവിധാനമില്ല. റോഡ് ഉയർത്തി പാലം പണിയുകയാണ് പരിഹാരമെന്ന് പൂങ്കുന്നം നിവാസികൾ ആവർത്തിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതെങ്കിലും വിധേന പുഴയ്ക്കലിൽ എത്തുമ്പോൾ അവിടെയും ഇതേ പ്രശ്നം നേരിടുന്നുണ്ട്. പൂങ്കുന്നത്തെ അഞ്ച് റെസിഡൻഷ്യൽ കോളനികളിലെ താമസക്കാരെ ഏതാണ്ട് ഒഴിപ്പിച്ചു. പ്രദേശത്ത് വെള്ളം ഉയർന്നതോടെ ഇവർ പ്രാഥമിക കൃത്യ നിർവഹണത്തിനടക്കം പ്രയാസം നേരിടുകയായിരുന്നു. ഇവിടെ വൈദ്യുതി വിതരണവും വിഛേദിച്ചിട്ടുണ്ട്.
മഴക്കെടുതി വിലയിരുത്തി ജില്ല ഭരണകൂടം
തൃശൂർ: ശക്തമായ കാലവർഷം ജില്ലയിൽ വിവിധ മേഖലകളിൽ സൃഷ്ടിച്ച കെടുതി വിലയിരുത്താൻ ജില്ല ഭരണകൂടം യോഗം ചേർന്നു. ബന്ധപ്പെട്ട് വകുപ്പ് മേധാവികൾ പങ്കെടുത്ത യോഗത്തിൽ ജനജീവിതം സുഗമമാക്കാൻ വേണ്ട ഇടപെടലുകൾക്ക് കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി.
കനാലുകളില്‍ അടിഞ്ഞ തടസ്സങ്ങള്‍ അടിയന്തരമായി നീക്കി ശുചീകരിക്കാന്‍ മേജര്‍, മൈനര്‍, അഡീഷണല്‍ ഇറിഗേഷന്‍ വകുപ്പുകളോട് ആവശ്യപ്പെട്ടു. കനാലുകളില്‍ ഉണ്ടായ കുളവാഴകള്‍, ചണ്ടികള്‍, ചെളിയും മണ്ണും തുടങ്ങിയവ നീക്കണം. മഴയുടെ അളവ് അനുസരിച്ച് ഡാം ഷട്ടറുകള്‍ തുറക്കാൻ ഏകോപനം ഉണ്ടാകണം. പരമാവധി രാത്രി സമയത്ത് ഷട്ടര്‍ ഉയര്‍ത്താതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുനീക്കാൻ നിര്‍ദേശം നല്കി. തകര്‍ന്ന റോഡുകളില്‍ അപകട സൂചന ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. പൊതുമരാമത്ത് റോഡ്സ് വിഭാഗം കഴിഞ്ഞ രണ്ട് മാസത്തിനകം അപകടാവസ്ഥയിലുള്ള 142 മരങ്ങളും 503 മരങ്ങളുടെ ശിഖരങ്ങളും മുറിച്ചുമാറ്റി. ഈ പ്രവൃത്തി തുടരുകയാണ്. പൊതുമരാമത്ത് റോഡ് സംബന്ധിച്ച പ്രശ്നങ്ങള്‍ 94477 14695 (പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സി. എന്‍ജിനീയര്‍) എന്ന നമ്പറില്‍ അറിയിക്കാം.
മണലി, കുറുമാലി പുഴകളിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയെക്കാള്‍ ഉയർന്നിട്ടുണ്ട്. പലയിടങ്ങളും ബണ്ട് പൊട്ടാൻ സാധ്യതയുള്ളതിനാല്‍ ഇത് ബലപ്പെടുത്താൻ നടപടി സ്വീകരിക്കുന്നുണ്ട്. ജില്ലയില്‍ ബണ്ടുകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ 9446762918 (കെ.എല്‍.ഡി.സി കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍) നമ്പറില്‍ അറിയിക്കാം.
എറവക്കാട് ഷട്ടര്‍ കേടായതുമൂലമുള്ള വെള്ളക്കെട്ട് നീക്കി നീരൊഴുക്ക് സുഗമമാക്കി. പുലക്കാട്ടുകര, മാഞ്ഞാംകുഴി ഷട്ടറുകളില്‍ മരം വന്നടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടത്, ഏനാമാവ്- ഇല്ലിക്കല്‍ ഷട്ടറുകള്‍ തുറക്കുന്നത്, പുഴക്കല്‍ മുതല്‍ ഏനാമാവ് വരെയുള്ള ഫ്ലഡ് ഇന്‍ലെറ്റുകള്‍/ഔട്ട്ലെറ്റുകള് തുറക്കാത്തതിനെ തുടര്‍ന്ന് വെള്ളം കയറുന്ന പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടർ നിര്‍ദേശം നല്കി. ഇറിഗേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അറിയിക്കാൻ 6447454630 (എക്സി. എന്‍ജീനിയര്‍, മേജര്‍ ഇറിഗേഷന്‍), 9961588821 (എക്സി. എന്‍ജീനിയര്‍, മൈനര്‍ ഇറിഗേഷന്‍), 9633088553 (അഡീ. ഇറിഗേഷന്‍ എക്സി. എന്‍ജീനിയര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ദേശീയപാത 66, 544 എന്നിവയുമായി ഉണ്ടാകുന്ന വെള്ളക്കെട്ട്/ റോഡിലെ കുഴികള്‍, അടിപ്പാത നിര്‍മാണം മൂലമുള്ള ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കാൻ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച പ്രശ്നങ്ങള്‍ 9495024074 (എന്‍.എച്ച് ഡെപ്യൂട്ടി കലക്ടര്‍) നമ്പറില്‍ അറിയിക്കാം. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തോടുകളും കനാലുകളും വൃത്തിയാക്കുന്നത് സംബന്ധിച്ച് 9847731594 (എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍) നമ്പറിലും അറിയിക്കാം. കലക്ടറുടെ ചേംബപറില് ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി. മുരളി, അസി. കലക്ടര്‍ അതുല്‍ സാഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൃഷി വകുപ്പ് കൺട്രോൾ റൂം തുറന്നു
തൃശൂർ: കനത്ത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്താനും ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും കൃഷി വകുപ്പ് ജില്ല കണ്ട്രോള് റും തുറന്നു. നമ്പര്‍: 9446549273, 9383473242.
ഇവ ശ്രദ്ധിക്കാം
- കനാലുകളിലെ തടസ്സങ്ങള്‍ ഉടൻ നീക്കണം
- ഡാം ഷട്ടറുകൾ തുറക്കുന്നതിൽ ഏകോപനം വേണം; രാത്രി പരമാവധി തുറക്കരുത്
- അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റണം
- പൊതുമരാമത്ത് പാതകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അറിയിക്കാൻ: 94477 14695; ദേശീയപാതക്ക്: 9495024074
- ഇറിഗേഷൻ പ്രശ്നങ്ങൾ അറിയിക്കാൻ: 9447454630
- ബണ്ടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അറിയിക്കാൻ: 9446762918
- തോടുകളും കനാലുകളും സംബന്ധിച്ച് അറിയിക്കാൻ: 9847731594
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.