കുടിനീരില്ലാതെയായിട്ട് ഒരു മാസം
text_fieldsചേറ്റുവ: ഏങ്ങണ്ടിയൂരിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. രണ്ടാം വാർഡ് വി.എസ്. കേരളീയൻ റോഡ്, പടന്ന ഉൾപ്പെടെ പഞ്ചായത്തിലെ വിവിധ വാർഡുകളിലാണ് ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം മുടങ്ങിയത്.
ചാവക്കാട്-ഗുരുവായൂർ നഗരസഭകളിലേക്ക് ഏങ്ങണ്ടിയൂർ വഴി വിതരണം ചെയ്യുന്ന കുടിവെള്ള പദ്ധതിയിൽനിന്ന് പ്രത്യേക അനുമതി നൽകി കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുമ്പോൾ ജലം സംഭരിച്ച് വിതരണം ചെയ്യുന്ന ഏങ്ങണ്ടിയൂരിനെ ഒഴിവാക്കിയ ഗുരുവായൂർ എം.എൽ.എയുടെ നടപടിയിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
കുടിക്കാൻ പോലും ശുദ്ധജലം ലഭ്യമാകാതെ അഭയാർഥികളെപ്പോലെ ജനം മറ്റ് പഞ്ചായത്തുകളിലെ ബന്ധുവീടുകളിലേക്ക് പലായനം ചെയ്യുകയാണെന്നും വിഷയത്തിൽ ഗ്രാമപഞ്ചായത്തും എം.എൽ.എയും അടിയന്തരമായി ഇടപെടണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ പഞ്ചായത്ത്, ജല അതോറിറ്റി, എം.എൽ.എ ഓഫിസുകൾ എന്നിവ ജനകീയ കൂട്ടായ്മയിൽ ഉപരോധിക്കുമെന്നും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഇർഷാദ് കെ. ചേറ്റുവ, ആർ.എം. സിദ്ദീക്ക് എന്നിവർ അറിയിച്ചു.
തെരഞ്ഞെടുപ്പുവേളയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ ഏങ്ങണ്ടിയൂരിലെ ജനങ്ങൾക്ക് ഉടൻ കുട്ടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയ ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബറിന് ജനങ്ങളോട് ആത്മാർഥതയുണ്ടെങ്കിൽ വാഗ്ദാനം പാലിക്കാൻ മാന്യത കാണിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായുള്ള പ്രഥമ പ്രതിഷേധ സംഗമം ചേറ്റുവ രണ്ടാം വാർഡ് വി.എസ് കേരളീയൻ വായനശാല പരിസരത്ത് വ്യാഴാഴ്ച ചേരുമെന്നും നേതാക്കൾ അറിയിച്ചു.
അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി കുടിവെള്ള കണക്ഷന് പുനഃസ്ഥാപിക്കാൻ എം.എൽ.എയുടെ അന്ത്യശാസനം
ചേറ്റുവ: ദേശീയപാതയിലെ അറ്റകുറ്റപ്പണി 48 മണിക്കൂറിനകം പൂര്‍ത്തിയാക്കി തകരാറിലായ കുടിവെള്ള കണക്ഷന് പുനഃസ്ഥാപിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് എന്‍.കെ. അക്ബര്‍ എം.എൽ.എ.
ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ കിഴക്കന്‍മേഖലയായ വി.എസ്. കേരളീയന് റോഡ് പ്രദേശം ഉള്‍പ്പെടെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ ദേശീയപാതയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തകര്‍ന്നിരുന്നു.
15 ദിവസത്തിനകം കണക്ഷന് പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നടക്കാത്തതിനാൽ ഡെപ്യൂട്ടി കലക്ടറുടെ സാന്നിധ്യത്തിൽ ചര്‍ച്ച നടത്തുകയും ഏപ്രില്‍ 30നകം പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിക്കുകയും ചെയ്തു. അതും നടക്കാത്ത സാഹചര്യത്തിലാണ് എം.എല്‍.എ ജല അതോറിറ്റി എക്സി.എൻജിനീയര്‍ക്ക് അന്ത്യശാസനം നല്‍കിയത്.
ദേശീയപാതയിലെ നിര്‍മാണം തടയുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്ന് എക്സി. എൻജിനീയറുടെ അധ്യക്ഷതയില്‍ ചാവക്കാട്ട് ചേര്‍ന്ന യോഗത്തിൽ എം.എല്‍.എ പറഞ്ഞു.
അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ യു.ഐ.ഡി.എസ്.എസ്.എം.ടി പദ്ധതിയില്‍നിന്ന് മൂന്ന് ദിവസം കുടിവെള്ളം വിതരണം മുടങ്ങുമെന്ന് തൃശൂര്‍ എക്സി. എൻജിനീയര്‍ യോഗത്തെ അറിയിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ പ്രദേശത്തേക്കും കുടിവെള്ളം എത്തിക്കാൻ സംവിധാനം കാര്യക്ഷമമാക്കണമെന്നും യു.ഐ.ഡി.എസ്.എസ്.എം.ടി പദ്ധതി പ്രകാരമുള്ള 13 എം.എല്‍.ടി ജലവും വിതരണം ചെയ്യാൻ പുതിയ പമ്പ് സ്ഥാപിക്കുന്ന പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കാനും എം.എല്‍.എ നിർദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.