വൈറലായി കുന്നംകുളം പൊലീസിലെ 'നുഴഞ്ഞുകയറ്റക്കാരൻ വിൻസെൻറ്'
text_fieldsതൃശൂർ: ലഡാക്കിൽനിന്ന് തൃശൂർ പൊലീസിന് നന്ദി അറിയിച്ച് ഒരു സന്ദേശമെത്തി. അതിനുള്ള മറുപടി അതിലും വലിയ സന്ദേശമായിരുന്നു. തകർന്നുപോയ സൈനിക ജീവിതം തിരിച്ചു നൽകാനായതിെൻറ ആത്മസംതൃപ്തിയിലും അഭിമാനത്തിലുമാണ് തൃശൂർ പൊലീസ്.
'നുഴഞ്ഞുകയറ്റക്കാരൻ സാറെത്തിയോ...?' -വിശേഷണത്തിൽ ആക്ഷേപമല്ല. കുന്നംകുളം സ്റ്റേഷനിലെ റൈറ്റർ വിൻസെൻറിനെ സ്നേഹത്തോടെയാണ് സഹപ്രവർത്തകരും മറ്റും ഇങ്ങനെ വിളിക്കുന്നത്. ഇതിെൻറ സാധൂകരണമാണ് കഴിഞ്ഞ ദിവസം അതിർത്തിയിൽനിന്ന് എത്തിയ കത്ത്. വിൻസെൻറ് വൈറലായ വിവരം പുറത്തുവിട്ടത് തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യയാണ്.
കരസേനയുടെ ആർട്ടിലറി വിഭാഗത്തിൽ ജോലി ചെയ്യുന്ന കുന്നംകുളം സ്വദേശി മാർച്ചിൽ അവധിയിൽ വന്ന ശേഷം തിരിച്ച് ജോലിക്കെത്തിയിട്ടില്ല. സൈനികനെ കണ്ടെത്തി റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു കത്തിൽ. കത്ത് ഫയലാക്കി കുന്നംകുളം സ്റ്റേഷനിലേക്ക് വിട്ടു. വിലാസക്കാരനെ കണ്ടെത്തി; 20കാരൻ. പക്ഷേ, അയാളുടെ മാനസികാവസ്ഥ സുഖകരമല്ലെന്ന് പൊലീസിന് തോന്നി. തിരിച്ചുപോകില്ലെന്ന് അയാൾ പൊലീസിനോട് ശഠിച്ച് പറഞ്ഞു. അടുത്ത ദിവസം സ്റ്റേഷനിൽ എത്താൻ പറഞ്ഞാണ് പൊലീസ് മടങ്ങിയത്.
പിറ്റേന്ന് രാവിലെ പിതാവിനൊപ്പം സൈനികൻ സ്റ്റേഷനിലെത്തി. ഇൻസ്പെക്ടർ എൻ.എ. അനൂപ് ഏറെനേരം അയാളോട് സംസാരിച്ചു. എല്ലാം കേട്ടുനിന്ന റൈറ്റർ വിൻസെൻറ് അയാളുടെ ഫോൺ നമ്പർ കുറിച്ചെടുത്ത് പറഞ്ഞയച്ചു. ആ ചെറുപ്പക്കാരന് ജോലിക്ക് തിരിച്ചു ചെല്ലാൻ താൽപര്യമില്ലെന്ന് റിപ്പോർട്ട് ചെയ്ത് ഫയൽ മടക്കിെവക്കാൻ വിൻസെൻറ് തയാറായില്ല.
മൂന്നു ദിവസം കഴിഞ്ഞ് വിൻസെൻറ് അയാളെ ഫോണിൽ വിളിച്ച് സ്റ്റേഷനിലെത്താൻ പറഞ്ഞു. തനിച്ചൊരിടത്ത് കൊണ്ടുപോയി വീട്ടുകാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും സംസാരിച്ചു. ക്രമേണ ഇരുവരും തമ്മിൽ ഒരു അടുപ്പം രൂപപ്പെട്ടു. ഇതിനിടെ തെൻറ സൈനികകാല ക്ലേശങ്ങൾ അയാൾ വിൻസെൻറിനോട് പങ്കുവെച്ചു.
സൈനികന് സമൂഹത്തിൽ ലഭിക്കുന്ന ബഹുമാനവും ആദരവും എന്തെന്ന് ബോധ്യപ്പെടുത്താൻ വിൻസെൻറ് ശ്രമിച്ചു. ഒരേസമയം സുഹൃത്തും വഴികാട്ടിയും ബന്ധുവും പ്രചോദകനും ഒക്കെയായി വിൻസെൻറ്. ഒടുവിൽ, ജോലിക്ക് തിരിച്ചു ചെല്ലാൻ ആ ചെറുപ്പക്കാരൻ തീരുമാനിച്ചു. തിരിച്ചു പോകാൻ വൈകിയതിെൻറ പേരിൽ അയാൾക്ക് ശിക്ഷ ലഭിക്കാൻ ഇടയുണ്ടെന്ന കാര്യം വിൻസെൻറ് സ്റ്റേഷൻ ഇൻസ്പെക്ടറെ ധരിപ്പിച്ചു. ഉടൻ സ്റ്റേഷനിൽനിന്ന് സൈനികെൻറ മേലുദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ട് അതിനും പരിഹാരമുണ്ടാക്കി.
ജോലിക്ക് പ്രവേശിച്ച വിവരം അയാൾ വാട്സ്ആപ്പിലൂടെ വിൻസെൻറിനെ അറിയിച്ചു. ''സർ, ഞാൻ ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിച്ചു. ലഡാക്കിലേക്കാണ് പോകുന്നത്. ഇനി ആറു മാസം അവിടെയാണ്. ചിലപ്പോൾ മൊബൈൽ ഫോണിൽ കിട്ടില്ല. എല്ലാറ്റിനും വളരെ നന്ദിയുണ്ട്...'' കൂടെ യൂനിഫോം ധരിച്ച ഒരു ഫോട്ടോയും.
''ഇന്ത്യയുടെ സൈനികൻ എന്നതിനേക്കാൾ അഭിമാനം നിനക്ക് വേറെ എവിടെനിന്ന് കിട്ടുമെടാ...?'' ഒറ്റ വരിയിൽ മറുപടി നൽകി വിൻസെൻറ് മറ്റു ജോലികളിലേക്ക് കടന്നു. ഇതെല്ലാം കമീഷണർ ആർ. ആദിത്യ ഔദ്യോഗിക പേജിൽ പങ്കുവെച്ചതോടെ അഭിനന്ദനത്തിൽ കുളിച്ചു നിൽക്കുകയാണ് വിൻസെൻറ്. എല്ലാവരോടും ഒരു ചിരി മാത്രമാണ് മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.