ഒന്നര നൂറ്റാണ്ട് തികയാൻ ഒരു വർഷം, ചോർന്നൊലിച്ച് തൃശൂർ പബ്ലിക് ലൈബ്രറി; അറ്റകുറ്റപ്പണി കാത്ത് അധികൃതർ
text_fieldsതൃശൂർ: തിമിർത്തൊരു മഴ പെയ്താൽ വെള്ളത്തിലാകുന്ന ആയിരക്കണക്കിന് പുസ്തകങ്ങളെ സംരക്ഷിക്കാൻ പ്ലാസ്റ്റിക് ഷീറ്റിട്ട് പ്രതിരോധിക്കാൻ ശ്രമം നടത്തുന്നുണ്ട് ഒന്നര നൂറ്റാണ്ടിന്‍റെ ചരിത്ര സ്മരണകളിരമ്പുന്ന തൃശൂർ ടൗൺഹാളിലെ പബ്ലിക് ലൈബ്രറി അധികൃതർ. പൊട്ടിപ്പൊളിഞ്ഞ ജനലുകളാണ് ഇവിടെയുള്ളത്. മൂന്നുവർഷം മുമ്പ് സ്വകാര്യ ജ്വല്ലറി പുതുക്കിപ്പണിതുകൊടുത്ത കുട്ടികളുടെ ലൈബ്രറിയിലും വെള്ളം കിനിയുന്നുണ്ട്. കിനിയുന്ന ഭാഗത്ത് പ്ലാസ്റ്റിക് കവറിലൂടെ എത്തുന്ന വെള്ളം താഴെ ബക്കറ്റ് വെച്ച് ശേഖരിക്കുന്ന പ്രവർത്തനവും ഇവിടെ നടക്കുന്നു. എങ്കിലും പ്രതീക്ഷയുണ്ട്, ടൗൺഹാളിന്‍റെ കോടികളുടെ അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാരൻ കഴിഞ്ഞ ദിവസവും ലൈബ്രറിയിലെത്തിയിരുന്നു. പക്ഷേ, ജി.എസ്.ടി വ്യത്യാസം കാരണം കരാറിന് അന്തിമ അംഗീകാരമായിട്ടില്ല.
അടുത്ത വർഷമാണ് ലൈബ്രറി 150 വർഷം പൂർത്തിയാക്കുന്നത്. ലക്ഷക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറിയിൽ ആയിരക്കണക്കിന് അംഗങ്ങളുണ്ട്. 1938ൽ പണിത ടൗൺഹാളിലെ രണ്ട് മുറി പബ്ലിക് ലൈബ്രറിക്കായി അനുവദിച്ചത് കൊച്ചി രാജാവാണ്. അതുവരെ സെന്‍റ് മേരീസ് കോളജിന് സമീപത്തെ സർക്കാർ കെട്ടിടത്തിലായിരുന്നു ലൈബ്രറി. ഇപ്പോൾ ടൗൺഹാളിന്‍റെ മുൻഭാഗം പബ്ലിക് ലൈബ്രറിക്കാണ്. ലൈബ്രറി കൗൺസിലിന് കീഴിലല്ലാതെ തുടരുന്ന ലൈബ്രറിയുടെ ഭരണസാരഥ്യമേറിയത് തൃശൂരിലെ പ്രമുഖ സാംസ്കാരിക -രാഷ്ട്രീയ നേതാക്കൾ തന്നെയാണ്. ഡോ. പി.വി. കൃഷ്ണൻ നായർ പ്രസിഡന്‍റും പ്രഫ. ജോൺ സിറിയക് സെക്രട്ടറിയുമായ ഭരണസമിതിയാണ് പതിറ്റാണ്ടുകളായി ഭരണസാരഥ്യത്തിലുള്ളത്.
നേരത്തേ 14 ജീവനക്കാർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ എട്ടുപേർ മാത്രമാണ് ലൈബ്രറിയിലുള്ളത്. സാമ്പത്തിക ബാധ്യതയുടെ പേരിൽ വിരമിക്കുന്നവർക്ക് പകരം ആളെ വെക്കുന്നില്ല. ഡി.എ കുടിശ്ശിക തരാത്തതിന് ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. ശമ്പള പരിഷ്കരണവും നടപ്പാക്കിയിട്ടില്ല. അറ്റകുറ്റപ്പണി നടത്താത്തതിനാൽ ബലക്ഷയമുണ്ട്. ജനലുൾപ്പെടെ മരം ഉരുപ്പടികൾ നശിച്ചു. ചുമർ വിണ്ടുകീറി. ഈർപ്പമുള്ള കെട്ടിട ഭാഗങ്ങളിൽ ചെടികൾ മുളച്ചു. വെള്ളം ഒലിച്ചിറങ്ങി നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടം ബലക്ഷയത്തിലാണ്. ടൗൺഹാൾ അറ്റകുറ്റപ്പണിക്കുള്ള കോടികളുടെ പ്രവൃത്തിക്കുള്ള അംഗീകാരം അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പിന് ലഭിച്ചിട്ടുണ്ട്. പ്രവൃത്തി ടെൻഡറിനിട്ടെങ്കിലും ജി.എസ്.ടി നിരക്ക് പുതുക്കിയതോടെ കരാർ അന്തിമമാക്കാനായിട്ടില്ല. വൈകാതെ കരാർ അന്തിമമാക്കി അറ്റകുറ്റപ്പണി തുടങ്ങുമെന്നാണ് പ്രതീക്ഷ.
പുതിയ കെട്ടിടം വൈകാതെ -സെക്രട്ടറി
വൈകാതെ തൃശൂർ പബ്ലിക് ലൈബ്രറിക്ക് പുതിയ കെട്ടിടം യാഥാർഥ്യമാകുമെന്ന് തൃശൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി പ്രഫ. ജോൺ സിറിയക് 'മാധ്യമ'ത്തോട് പറഞ്ഞു. പബ്ലിക് ലൈബ്രറിക്ക് സമീപം ടി.എച്ച്.എസിന് എതിർവശത്തായി പൊതുമരാമത്തിന്‍റെ 21 സെന്‍റിലാണ് നാലുവർഷം മുമ്പ് ലൈബ്രറിയുടെ പണി തുടങ്ങിയത്. അന്നത്തെ എം.എൽ.എ തേറമ്പിൽ രാമകൃഷ്ണന്‍റെ ഫണ്ടിൽനിന്ന് 1.60 കോടി രൂപ തന്നിരുന്നു. ആ തുകക്കുള്ള പണി പൂർത്തിയാക്കി. ഇത്തവണ 3.50 കോടി രൂപ ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു. അത് അനുവദിക്കാനുള്ള നടപടി ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. ജി.എസ്.ടി വ്യത്യാസം ഉണ്ടാക്കിയ ആശയക്കുഴപ്പം കാരണമാണ് അന്തിമ നടപടി വൈകുന്നത്. ആധുനിക ലൈബ്രറിയാണ് അവിടെ സജ്ജമാകുകയെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.