തിരുത്തികുളങ്ങര ജലസേചന പദ്ധതി ഉപേക്ഷിച്ച നിലയിൽ
text_fieldsമാള: വേനലിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷ നൽകിയ തിരുത്തികുളങ്ങര ജലസേചന പദ്ധതി ഉപേക്ഷിച്ച നിലയിൽ. കുഴൂർ അറപ്പാകുളം ജലാശയം ചണ്ടിനിറഞ്ഞ് കരയായി മാറിയ അവസ്ഥയിലാണ്. മുൻ മുഖ്യമന്ത്രി കെ.കരുണാകരനാണ് അന്ന് പദ്ധതിക്ക് പച്ചക്കൊടി വീശീയത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി എങ്ങുമെത്തിയില്ല. കുളത്തിലേക്ക് മഴവെള്ളമെത്തിയിരുന്ന തോട് നശിച്ചു. വെള്ളമെത്തിക്കാൻ ഈ തോട് പുനർനിർമിക്കേണ്ടതുണ്ട്. കരിക്കാട്ടിചാലില് നിന്ന് തോട് വഴി അറപ്പാക്കുളത്തിലേക്ക് വെള്ളമെത്തിച്ചാണ് പദ്ധതി നടപ്പാക്കാനിരുന്നത്. കുളത്തിലെത്തുന്ന ജലം ഇവിടെ നിന്ന് മോട്ടര്‍ ഉപയോഗിച്ച് വിവിധഭാഗങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.
വേനല്‍ക്കാലത്ത് കുടിവെള്ള പ്രശ്നം നേരിടുന്ന മാള പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിൽ വെള്ളമെത്തിക്കാൻ ഇതുവഴി കഴിയും. ഇതിനായി കുളത്തിനോട് ചേര്‍ന്ന് കിണറും മോട്ടര്ഷെഡും നിർമിച്ചിരുന്നു. തുടര്‍ന്ന് മോട്ടര്‍ ഘടിപ്പിച്ചു. പദ്ധതി ഇഴഞ്ഞതോടെ, പിന്നീട് പമ്പ് സെറ്റുകൾ അപ്രത്യക്ഷമായി. കാരപ്പിള്ളി റോഡിന്റെ വശങ്ങളില് നിന്നുള്ള മഴവെള്ളം കുളത്തിലേക്ക് എത്തുന്നതിനുള്ള തോട് പല ഭാഗത്തും നികത്തിയതായും പരാതിയുണ്ട്. ഇതുവഴി ജലമൊഴുക്കും നിലച്ചതായി മുൻ പഞ്ചായത്തംഗം പി.കെ.രാധാകൃഷ്ണന് പറഞ്ഞു. കരിക്കാട്ടിചാലില്നിന്ന് വെള്ളമെത്തിക്കുന്ന തോട് തൊഴിലുറപ്പ് പദ്ധതി വഴി ശുചീകരിക്കാനാവും. കടുത്ത വേനലില്‍ കുടിവെള്ളത്തിനായി ടാങ്കര്‍ ലോറികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.