തരം തിരിച്ച് നൽകിയില്ല; പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിച്ച നിലയിൽ
text_fieldsമാള: ഹരിത കർമസേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം സംസ്കരണ കമ്പനി കൊണ്ടുപോകാതെ ഉപേക്ഷിച്ച നിലയിൽ. തരം തിരിച്ച് നൽകാത്തതിനാലാണ് കമ്പനി ഇത് ഉപേക്ഷിച്ചത്. മാള കടവ് റൂറൽ മാർക്കറ്റിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കമ്പനിക്ക് മറ്റുമാലിന്യങ്ങളില്ലാതെ പ്ലാസ്റ്റിക് വേർതിരിച്ച് നൽകണം. ഇതിന് കഴിയാത്തവയാണ് മാറ്റിയിട്ടതായി പറയുന്നത്.
വീടുകളിൽ നിന്ന് എടുക്കുന്ന പ്ലാസ്റ്റിക് മാലിന്യ മുക്തമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെങ്കിലും പലപ്പോഴും ഇത് സാധ്യമാകാറില്ലന്ന് ഹരിത കർമസേനാംഗങ്ങൾ തന്നെ പറയുന്നു. 33 ഹരിത കർമ സേനാംഗങ്ങളാണ് മാളയിലുള്ളത്. 20 വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കേണ്ടതുണ്ട്. വീടുകളിൽ നിന്ന് 50 രൂപ വീതമാണ് പിരിക്കുന്നത്. ഹരിത കർമ സേനക്ക് ശമ്പള ഇനത്തിൽ മാസം തോറും അഞ്ചുലക്ഷം രൂപയും നൽകിവരുന്നുണ്ട്.
കെട്ടികിടക്കുന്ന പ്ലാസ്റ്റിക് കൂമ്പാരം നീക്കം ചെയ്യാൻ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മാളയിൽ പ്ലാസ്റ്റിക് സംസ്കരിച്ച് റോഡ് ടാറിങിന് ഉപയോഗിക്കുന്ന മെറ്റീരിയലാക്കി മാറ്റുന്ന യൂനിറ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കെട്ടിക്കിടക്കുന്നത് നീക്കം ചെയ്യാത്ത പക്ഷം വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണം നിലക്കുമെന്ന ആശങ്കയുമുണ്ട്. അതിനിടെ പിന്നീട് വില നൽകാതെ കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കമ്പനി ഇത് ഉപേക്ഷിച്ചതെന്നും പറയപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.