ഇരിങ്ങാലക്കുടയില് എ.ബി.സി കേന്ദ്രം തുടങ്ങും
text_fieldsഇരിങ്ങാലക്കുട: തെരുവുനായ് നിയന്ത്രണം ലക്ഷ്യമിട്ടിട്ടുള്ള അനിമൽ ബെർത്ത് കൺട്രോൾ സെന്റർ ഠാണാവിൽ ഉളള മൃഗാശുപത്രിയോടനുബന്ധിച്ച് തുടങ്ങാൻ നഗരസഭ യോഗത്തിൽ തീരുമാനം. എ.ബി.സി സെന്റർ നിർമാണത്തിന് സ്ഥലം കണ്ടെത്തണമെന്നും കെട്ടിട നിർമാണത്തിനുളള തുക അനുവദിക്കുമെന്നും ജില്ല പഞ്ചായത്ത് നിർദേശിച്ചിരുന്നു. അനുയോജ്യമായ സ്ഥലം ലഭിക്കും വരെ താൽകാലികമായാണ് മ്യഗാശുപത്രിയിൽ സെന്റർ ആരംഭിക്കുകയെന്ന് ഇത് സംബന്ധിച്ച ചർച്ചയിൽ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാർ വിശദീകരിച്ചു.
ഗാന്ധിഗ്രാമിലെ ഇരുപത്തിനാല് പുരക്കാരുടെ പട്ടയ ആവശ്യം നീളുകയാണെന്ന് എൽ.ഡി.എഫ് അംഗം ഷെല്ലി വിൽസൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഇത് സംബന്ധിച്ച കണക്കുകൾ അറിയില്ലെന്നും വിവരങ്ങൾ ശേഖരിച്ച് വരുന്നുള്ളൂവെന്ന് ചെയർപേഴ്സനും റവന്യൂ വകുപ്പാണ് പട്ടയ സംബന്ധമായ നടപടികൾ സ്വീകരിക്കുന്നതെന്നും നഗരസഭ സെക്രട്ടറിയും വിശദീകരിച്ചു.
വിവിധ ആവശ്യങ്ങളും പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നഗരസഭ ഉദ്യോഗസ്ഥരുടെ പുറകെ നടക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് എൽ.ഡി.എഫ് അംഗം കെ. പ്രവീൺ വിമർശിച്ചു. ഈയടുത്തുള്ള സ്ഥലം മാറ്റത്തോടെ ജീവനക്കാരുടെ കുറവ് നഗരസഭയിൽ ഇല്ലെന്നും എന്നാൽ പ്രകടനത്തിന്റെ കാര്യത്തിൽ പുറകിൽ ആകുന്ന സാഹചര്യമുണ്ടെന്നും ഉദ്യോഗസ്ഥതല യോഗങ്ങൾ പൊതുജനങ്ങളുടെ സൗകര്യാർഥം വൈകീട്ട് ചേരുന്നതാണ് ഉചിതമെന്നും വൈസ്.ചെയർമാൻ ടി. വി. ചാർലി പറഞ്ഞു. ഉദ്യോഗസ്ഥതല യോഗങ്ങൾ നാല് മണിക്ക് ശേഷം ചേർന്നാൽ മതിയെന്ന് നേരത്തേ തീരുമാനം ഉള്ളതാണെന്ന് ഭരണകക്ഷി അംഗം എം. ആർ. ഷാജു ചൂണ്ടിക്കാട്ടി.
കാര്യങ്ങൾ കൃത്യമായി നടക്കുന്നില്ലെന്ന് വൈസ്. ചെയർമാന് തന്നെ പറയേണ്ടി വരുന്നത് മോശമായ അവസ്ഥയാണെന്ന് അഡ്വ .കെ. ആർ. വിജയ പറഞ്ഞു. കിഫ്ബിയുടെ സഹായത്തോടെയുള്ള ആധുനിക അറവുശാലയുടെ ഡി.പി.ആർ തയാറാക്കുന്നതിനായി മണ്ണ് പരിശോധനക്കായി പഴയ കെട്ടിടം പൊളിച്ച് നീക്കാനുമുള്ള തീരുമാനം യോഗം അംഗീകരിച്ചു. അംബിക പള്ളിപ്പുറത്ത്, അൽഫോൺസ തോമസ്, നസീമ കുഞ്ഞുമോൻ, ടി.കെ. ഷാജു, രാജി കൃഷ്ണകുമാർ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.