തൃശൂർ ജില്ലയിലെ കരുതൽ മേഖലയിൽ ആറായിരത്തഞ്ഞൂറോളം നിർമിതികൾ
text_fieldsതൃശൂർ: ജില്ലയിലെ സംരക്ഷിത വനത്തിനോട് ചേര്‍ന്ന പീച്ചി, വാഴാനി, ചിമ്മിനി കരുതല്‍ മേഖലയിൽ ആറായിരത്തഞ്ഞൂറോളം നിർമിതികൾ. വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ടിലാണ് വന്യജീവി സങ്കേതങ്ങളുടെയും ദേശീയോധ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഈ നിർമിതികൾ കണ്ടെത്തിയത്. പീച്ചി വാഴാനി വന്യജീവി സങ്കേതത്തോട് ചേർന്ന് 4463 നിർമിതികളും ചിമ്മിനി വന്യജീവി സങ്കേതത്തോട് ചേർന്ന് 2034 നിർമിതികളുമാണ് കണ്ടെത്തിയത്.
തിരുവില്വാമല പഞ്ചായത്തിലെ കരുതൽ മേഖല ഉൾക്കൊള്ളുന്ന പാലക്കാട് ചൂലന്നൂർ മയിൽ സങ്കേതത്തോട് ചേർന്ന കരുതൽ മേഖലയിൽ 2726 നിർമിതികളുണ്ട്. ഏഴ്, എട്ട്, 15, 17 വാർഡുകൾ മാത്രമാണ് ജില്ലയിലെ കരുതൽ മേഖലയിൽ വരുന്നത്. വിദഗ്ധ സമിതി റിപ്പോർട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘം പരിശാധിച്ച ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറും.
ചാലക്കുടി മേഖലയിൽ അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി പഞ്ചായത്തുകളാണ് മലയോര മേഖലയിൽപെടുന്നത്. ചിമ്മിനി വന്യമൃഗസങ്കേതം ഇവിടെ നിന്ന് അകലെയാണെങ്കിലും അതിന്റെ പരിധിയിലാണ് ഈ മൂന്നു പഞ്ചായത്തുകളെയും മാപ്പിങ്ങിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കോടശ്ശേരി പഞ്ചായത്തിലെ കുറ്റിച്ചിറ വില്ലേജിന്റെ കിഴക്കൻ ഭാഗങ്ങളാണ് പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത്. മറ്റത്തൂര്‍ പഞ്ചായത്തിലെ താളൂപ്പാടം, ചൊക്കന, ഇഞ്ചക്കുണ്ട്, വെള്ളിക്കുളങ്ങര വില്ലേജില്‍ ഉള്‍പ്പെടുന്ന മുപ്ലി ഗ്രാമം എന്നിവയും കരുതൽ മേഖലയിൽപെട്ടിട്ടുണ്ട്.
വാഴാനി വനാതിർത്തിയിലെ ചേലക്കരയിലെ കുറുമല, പുലാക്കോട്, തോന്നൂർക്കര, പങ്ങാരപ്പള്ളി വില്ലേജുകൾ കരുതൽ മേഖലയിൽപെട്ടിട്ടുണ്ട്. പീച്ചി വന്യജീവി സങ്കേതത്തിന്റെ അതിർത്തിയോട് ചേർന്ന പഴയന്നൂർ പഞ്ചായത്തിലെ എളനാട് വില്ലേജിൽ ഉൾപ്പെടുന്ന 11, 12, 13 വാർഡുകളിലെ ചില സർവേ നമ്പറുകളാണ് കരുതൽ മേഖലയിൽപെട്ടിട്ടുള്ളത്.
തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ പരാതി കേട്ടും നേരിട്ടു പരിശോധിച്ചുമാണ് നിർമാണങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഓരോ പ്രദേശത്തിന്റെയും അതിർത്തി, ആകൃതി, വിസ്തീർണം എന്നിവ നിർണയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.