കൊലക്കേസിൽ മുങ്ങിയ പ്രതി മറ്റൊരു കേസിൽ അജ്മാനിൽ അറസ്റ്റിൽ
text_fieldsഅക്ബർ
അണ്ടത്തോട്: തൃശൂർ -മലപ്പുറം തീരമേഖലയിൽ ഏറെ വിവാദമുയർത്തിയ പാലപ്പെട്ടി അബ്ദുൽ കരീം വധക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്നാംപ്രതി മറ്റൊരു കേസിൽ അജ്മാനിൽ അറസ്റ്റിൽ.
പൊന്നാനി പാലപ്പെട്ടി സ്വദേശി മരക്കാരകത്ത് അക്ബറാണ് (45) അജ്മാൻ പൊലീസിന്റെ പിടിയിലായത്. 2000 മാർച്ച് 19ന് മുസ്‍ലിം ലീഗ് പ്രവർത്തകൻ അബ്ദുൽ കരീമിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശേഷം ഇയാൾ ജാമ്യത്തിലിറങ്ങി രാജ്യം വിട്ടതായിരുന്നു. പാലപ്പെട്ടി സ്വദേശി നൗഷാദിനെ ആക്രമിച്ച കേസിലാണ് ഇപ്പോൾ അജ്മാനിൽ പിടിയിലായത്.
പാലപ്പെട്ടിയിൽ കോൺഗ്രസ് -മുസ്‍ലിംലീഗ് പ്രവർത്തകർ തമ്മിലുള്ള സംഘർഷം ശക്തമായതിനിടയിലാണ് ലീഗ് പ്രവർത്തകൻ പാലപ്പെട്ടി തെക്കേപ്പുറത്ത് പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ കരീം കൊല്ലപ്പെട്ടത്.
കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രാജ്യംവിട്ടെന്നത് ദുരൂഹമാണെന്നും ഇയാളെ തിരിച്ചുകൊണ്ടുവന്ന് നിയമനടപടികൾക്ക് വിധേയമാക്കണമെന്നും നാടുവിടാൻ സഹായിച്ചവർക്കെതിരെയും നടപടികൾ സ്വീകരിക്കണമെന്നും കരീമിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഇവർ പരാതി നൽകി.
കടലോരത്തെ ഞെട്ടിച്ച അബ്ദുൽകരീം വധം
അണ്ടത്തോട്: ഏറെ വിവാദമായ പാലപ്പെട്ടി അബ്ദുൽകരീം വധക്കേസിലെ ഒന്നാംപ്രതി പാലപ്പെട്ടി സ്വദേശി മരക്കാരകത്ത് അക്ബർ അജ്മാനിൽ അറസ്റ്റിലായതോടെ കേസ് വീണ്ടും ചർച്ചകളിലേക്ക്. മുസ്‍ലിംലീഗ് പ്രവർത്തകൻ അബ്ദുൽകരീമിന് കൊല്ലപ്പെടുമ്പോൾ 26 വയസ്സായിരുന്നു.
അയിരൂർ, പാലപ്പെട്ടി, അണ്ടത്തോട് എന്നിവിടങ്ങളിലെ ഏഴ് പ്രതികളെയാണ് കൊല നടന്ന് മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാൾ ഒഴികെ എല്ലാവരും 24ന് താഴെ പ്രായമുള്ളവരായിരുന്നു. ഒരു സംഘമാളുകൾ കോൺഗ്രസ് വിട്ട് ലീഗിലേക്ക് മാറിയപ്പോഴാണ് പ്രദേശത്ത് സംഘർഷം രൂക്ഷമായത്.
2000 മാർച്ച് 19ന് വൈകീട്ട് 7.30ന് പാലപ്പെട്ടി ആശുപത്രിക്ക് സമീപത്തെ ബീച്ച് റോഡിലാണ് ഒന്നാം പ്രതി അക്ബറിന്റെ നേതൃത്തിൽ അബ്ദുൽ കരീമിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. എടക്കഴിയൂരിലെ സഹോദരിയുടെ മകളുടെ വിവാഹനിശ്ചയമായിരുന്നു പിറ്റേന്ന്.
മറ്റൊരു സഹോദരിയും കുടുംബവുമൊത്ത് അവിടേക്ക് പോകാനായി കാറ് വിളിക്കാൻ കൂട്ടുകാരനുമൊത്ത് ബൈക്കിൽ പോകുന്നതിനിടെയായിരുന്നു ആക്രമണം. തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് കരീമിന്റെ ഖബറടക്കം നടന്നത്. തീരമേഖലയിൽ ലീഗ് -കോൺഗ്രസ് സംഘട്ടനത്തിന്റെ പാരമ്യതയിലായിരുന്നു പാലപ്പെട്ടി.
പെരുന്നാൾ ദിവസം പോലും അന്ന് സംഘർഷമുണ്ടായി. കരീം കൊല്ലപ്പെടുന്നതിന്റെ ഏതാനും മാസം മുമ്പ് പ്രദേശത്തെ കുറേ കോൺഗ്രസ് പ്രവത്തകർ ഒരു അഭിഭാഷകന്റെ നേതൃത്വത്തിലാണ് മുസ്‍ലിം ലീഗിൽ ചേർന്നത്. അന്നത്തെ സംഘർഷം സമാധാനത്തിലെത്തിയ അവസരത്തിലാണ് മറ്റൊരു കോൺഗ്രസ് പ്രവർത്തകൻ കൂടി ലീഗിൽ ചേർന്നത്. ഇതോടെ ഇരു വിഭാഗവും ഏറ്റുമുട്ടി.
ഇത് സംബന്ധിച്ച രണ്ട് കേസുകളിൽ കൊല്ലപ്പെട്ട കരീം പ്രതിയായിരുന്നു. അതിനിടക്ക് പെരുന്നാൾ ദിവസം കരീമും ചിലരും തമ്മിൽ വാക്കേറ്റം ഉണ്ടായി. അതിന്റെ തുടർച്ചയായാണ് പിന്നീടുണ്ടായ സംഘടിത ആക്രമണവും കൊലപാതകവും. കേസിൽ ജീവപര്യന്തത്തിന് കോടതി വിധിച്ച ഒന്നാംപ്രതി അക്ബർ ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.